നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും സമ്മാനങ്ങൾ; പോറ്റിയുടെ നിർണ്ണായക മൊഴി പുറത്ത്

ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർണായക മൊഴി പുറത്ത്. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ നേതാക്കൾക്കും സമ്മാനങ്ങൾ നൽകിയിരുന്നതായി പോറ്റി പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി. ഇതോടെ കേസിൽ കൂടുതൽ ഉന്നതർ കുടുങ്ങുമെന്നാണ് സൂചന.

Also Read : തന്ത്രിയുടെ വീട്ടില്‍ SIT;പോറ്റിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ തേടുന്നു; വന്‍ പോലീസ് സന്നാഹം

ശബരിമലയിൽ സൗകര്യങ്ങൾ ഒരുക്കി നൽകുന്നതിനായി ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ നേതാക്കൾക്കും വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകിയതായി പോറ്റി വെളിപ്പെടുത്തി. വ്യവസായികളിൽ നിന്ന് പൂജകൾക്കും നേർച്ചകൾക്കുമായി കോടിക്കണക്കിന് രൂപ പോറ്റി പിരിച്ചെടുത്തിരുന്നു. എന്നാൽ ഈ പണം യഥാസമയം വിനിയോഗിക്കാതെ പലിശയ്ക്കും റിയൽ എസ്റ്റേറ്റ് മേഖലയിലും നിക്ഷേപിച്ച് പോറ്റി വൻ സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടുണ്ട്.

ശബരിമലയിൽ നിന്ന് കടത്തിയ സ്വർണ്ണ ഉരുപ്പടികൾ ഉണ്ണികൃഷ്ണൻ പോറ്റി തിരുവനന്തപുരത്തുവെച്ച് ഡി. മണിക്ക് കൈമാറുന്നത് താൻ കണ്ടിട്ടുണ്ടെന്നും പ്രവാസി വ്യവസായി മൊഴി നൽകിയിട്ടുണ്ട്. കേരളത്തിൽ നിന്ന് മൂന്ന് പഞ്ചലോഹ വിഗ്രഹങ്ങൾ ഡി. മണിയും സംഘവും കടത്തിയതായും മൊഴിയിലുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവരെ എസ്ഐടി ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട്.

ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങളിൽ നിന്നും കട്ടിളപ്പടിയിൽ നിന്നും കിലോഗ്രാം കണക്കിന് സ്വർണം കടത്തിയെന്നാണ് കേസ്. സ്വർണം വേർതിരിച്ചെടുക്കാൻ സഹായിച്ച ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി, സ്വർണം വാങ്ങിയ ഗോവർദ്ധൻ എന്നിവരും നിലവിൽ കസ്റ്റഡിയിലാണ്. കേസുമായി ബന്ധപ്പെട്ട് ഇ.ഡി അന്വേഷണം നടത്തുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top