കുറ്റപത്രം വൈകുന്നത് വിവാദമാകുന്നു; അയ്യപ്പൻറെ പൊന്ന് കട്ടവർ പുറത്തേക്കോ?

ശബരിമല സ്വർണ്ണക്കൊള്ള മുരാരി ബാബുവിനും ഉണ്ണികൃഷ്ണൻ പോറ്റിക്കും ജാമ്യം ലഭിച്ചത് വലിയ വിവാദമാകുന്നു. ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ പൂർണ്ണമായി ലഭിക്കാൻ ഇനിയും വൈകുമെന്നതിനാൽ, നിലവിലുള്ള തെളിവുകൾ വെച്ച് ഫെബ്രുവരി 10-നകം ഒരു ഇടക്കാല കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനാണ് നീക്കം. പ്രതികൾക്ക് ജാമ്യം ലഭിച്ച നടപടി സർക്കാരിനും അന്വേഷണ സംഘത്തിനും എതിരെ വലിയ വിമർശനങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ മുരാരി ബാബുവിനാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. 2025 ഒക്ടോബർ 23-നായിരുന്നു ഇദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മോഷണ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട മുരാരി ബാബു, കേസിൽ ജയിൽ മോചിതനാകുന്ന ആദ്യ ഉദ്യോഗസ്ഥനാണ്.
അതേസമയം, കേസിലെ മുഖ്യ സൂത്രധാരനെന്ന് കരുതപ്പെടുന്ന ഉണ്ണികൃഷ്ണൻ പോറ്റിക്കും ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണ്ണം മോഷണം പോയ കേസിൽ ജാമ്യം ലഭിച്ചു. എങ്കിലും, ശ്രീകോവിൽ കട്ടിളയുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിൽ 90 ദിവസത്തെ കാലാവധി തികയാത്തതിനാൽ അദ്ദേഹം നിലവിൽ ജയിലിൽ തുടരും. ഫെബ്രുവരി ആദ്യവാരത്തിനുള്ളിൽ ഈ കേസിൽ കുറ്റപത്രം നൽകിയില്ലെങ്കിൽ ഉണ്ണികൃഷ്ണൻ പോറ്റിയും പുറത്തിറങ്ങും.
മോഷ്ടിക്കപ്പെട്ട സ്വർണ്ണത്തിന്റെ കൃത്യമായ അളവ് ശാസ്ത്രീയമായി തെളിയിക്കാൻ വി.എസ്.എസ്.സിയിൽ നിന്നുള്ള അന്തിമ റിപ്പോർട്ടിനായി എസ്ഐടി കാത്തിരിക്കുകയാണ്. 1998-ൽ നടന്ന സ്വർണ്ണപ്പണികളുടെ കൃത്യമായ കണക്കുകൾ ദേവസ്വം ബോർഡിൽ ലഭ്യമല്ലാത്തത് അന്വേഷണത്തെ ബാധിച്ചു. മോഷണ സ്വർണ്ണം ഉരുക്കി വിറ്റതായും ഇതിന് അന്താരാഷ്ട്ര തലത്തിൽ ബന്ധമുണ്ടെന്നും സംശയമുള്ളതിനാൽ അന്വേഷണം തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
പ്രതികൾക്ക് ജാമ്യം ലഭിച്ചത് പോലീസിന്റെയും സർക്കാരിന്റെയും വീഴ്ചയാണെന്ന് ആരോപിച്ചു പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ കേസിലെ കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച് ഇഡി ഇതിനോടകം അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here