ജുഡീഷ്യൽ പദവിയിൽ നിന്ന് ജയിലിലേക്ക്… ഉഗ്രപ്രതാപിയായി വാണ വാസു വീണതോടെ വിയർത്ത് സിപിഎമ്മും സർക്കാരും

ജില്ലാ ജഡ്ജിയുടേതിന് തുല്യമായ പദവി വഹിച്ച ഒരു ജുഡീഷ്യല്‍ ഓഫീസര്‍ ജയിലിലാവുന്നത് സംസ്ഥാനത്ത് ആദ്യമാണ്. അതും ഒരു മോഷണക്കേസില്‍. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ജയിലിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസു തിരുവനന്തപുരത്ത് വിജിലന്‍സ് ട്രിബ്യൂണല്‍ ജഡ്ജിയായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അഴിമതി ആരോപണങ്ങളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നത് ഈ ട്രിബ്യൂണല്‍ കോടതിയായിരുന്നു.
മോഷണം, വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് വാസുവിനെ റിമാന്‍ഡ് ചെയ്തത്. അഴിമതി നിരോധനവകുപ്പും ചേര്‍ത്തിട്ടുണ്ട്. സ്വദേശമായ കുളക്കടയ്ക്കടുത്തുള്ള കൊട്ടാരക്കര സബ് ജയിലിലാണ് വാസുവിനെ ഇപ്പോൾ പാര്‍പ്പിച്ചിരിക്കുന്നത്. 2019ല്‍ ശബരിമല ശ്രീകോവിലിന്റെ കട്ടളപ്പാളി സ്വര്‍ണം പൂശാന്‍ കൊണ്ടുപോകാന്‍ തയ്യാറാക്കിയ രേഖകളില്‍, സ്വര്‍ണം പൊതിഞ്ഞ പാളികള്‍ എന്നതു മാറ്റി ചെമ്പ് എന്നെഴുതിയത് വാസുവിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കേസിലെ മൂന്നാം പ്രതിയാണ് വാസു. ദേവസ്വം ബോര്‍ഡിലെ സര്‍വ്വശക്തനായ കമ്മിഷണറും പ്രസിഡന്റുമായി പ്രവര്‍ത്തിച്ച വ്യക്തിയാണ് ഇദ്ദേഹം.
1979ലും 1988ലും കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. പിന്നീട് തിരുവനന്തപുരം കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. അതിന് ശേഷമാണ് വിജിലന്‍സ് ട്രിബ്യൂണല്‍ ജഡ്ജായി നിയമിക്കപ്പെട്ടത്. 2018 ഫെബ്രുവരി മുതല്‍ 2019 മാര്‍ച്ച് വരെ എന്‍ വാസു ദേവസ്വം കമ്മീഷണറായി പ്രവര്‍ത്തിച്ചു. 2019 നവംബര്‍ മുതല്‍ രണ്ടുവര്‍ഷം ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2006 – 2011 കാലത്ത് പി കെ ഗുരുദാസന്‍ എക്സൈസ് മന്ത്രിയായിരുന്ന സമയത്ത് വാസു പ്രൈവറ്റ് സെക്രട്ടറിയുമായി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here