അയ്യപ്പ കോപം സിപിഎമ്മിനെ നിലം പരിശാക്കുമോ; സ്വര്‍ണം അടിച്ചുമാറ്റിയ വരെ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ശിക്ഷിക്കുമോ?

ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ചുവട് പിഴച്ച ഇടതു സര്‍ക്കാര്‍ നിലയില്ലാക്കയത്തില്‍ അകപ്പെട്ട അവസ്ഥയിലാണ്. ആഗോള അയ്യപ്പ സംഗമത്തില്‍ സര്‍ക്കാരിനെ പിന്തുണച്ച നായര്‍ – ഈഴവ സമുദായ സംഘടനകള്‍ പോലും ഊരാക്കുടുക്കില്‍ ചാടിയ അവസ്ഥയിലായി. രാജ്യത്തെ പ്രധാന ഹിന്ദു ക്ഷേത്രമായ ശബരിമലയില്‍ നിന്ന് കിലോ കണക്കിന് സ്വര്‍ണം അടിച്ചു മാറ്റിയ സംഭവം പുറത്തുവന്നിട്ട് മിണ്ടാതിരുന്നാല്‍ സമുദായങ്ങളില്‍ നിന്ന് എതിര്‍പ്പുണ്ടാകുമെന്ന ചിന്തയും ഇവരെ അലട്ടുന്നുണ്ട്. അയ്യപ്പന്റെ സ്വര്‍ണം അടിച്ചു മാറ്റാന്‍ ഭരണമുന്നണിയില്‍പ്പെട്ടവരുടെ പിന്തുണ ഉണ്ടായിരുന്നുവെന്ന ആരോപണം സര്‍ക്കാരിനും സിപിഎമ്മിനും തിരഞ്ഞെടുപ്പുകളില്‍ കനത്ത തിരിച്ചടി ആകും എന്ന മുഖ്യമന്ത്രിയും കൂട്ടരും ഭയപ്പെടുന്നുണ്ട്.
വിശ്വാസത്തേയും ആചാരങ്ങളേയും തൊട്ടു കളിക്കാന്‍ ഇറങ്ങുന്നത് അപകടമാണെന്ന് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍എസ്എസും എസ്എന്‍ഡിപിയും വ്യക്തമാക്കിയതാണ്. സ്വര്‍ണ്ണപ്പാളി വിവാദം കത്തിപ്പടര്‍ന്നതോടെ സര്‍ക്കാരിനൊപ്പം നിലയുറപ്പിച്ചിരുന്ന വെള്ളാപ്പള്ളി നടേശന്‍ മലക്കം മറിഞ്ഞു. ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാരിനെയും പരോക്ഷമായി വിമര്‍ശിച്ചാണ് വെള്ളാപ്പള്ളി രംഗത്തെത്തിയിരിക്കുന്നത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ഇതുവരെ വിഷയത്തില്‍ സര്‍ക്കാരിനെയോ ദേവസ്വം ബോര്‍ഡിനെയോ അനുകൂലിക്കാനോ വിമര്‍ശിക്കാനോ തയാറായിട്ടില്ല.
നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് സ്വര്‍ണം അടിച്ചു മാറ്റല്‍ സംഭവത്തില്‍ യഥാര്‍ത്ഥ കുറ്റവാളികളെ പിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സിപിഎമ്മിന്റെ ഭാവി അപകടത്തിലാവും എന്ന് ഉറപ്പാണ്. ഒരു വശത്ത് സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ നിക്ഷേപം അടിച്ചു മാറ്റിയ ആരോപണങ്ങള്‍ ശക്തിപ്പെടുന്നു. ഇതിനിടയിലാണ് ശബരിമലയിലെ മോഷണക്കഥകള്‍ ഒന്നൊന്നായി പുറത്തു വരുന്നത്. ദ്വാരപാലക ശില്പങ്ങളില്‍ സ്വര്‍ണം പൂശാന്‍ സ്‌പോണ്‍സര്‍ വേഷത്തിലെത്തിയ ഉണ്ണികൃഷ്ണന്‍ പോറ്റി സിപിഎം നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ്. ഇയാള്‍ക്കെതിരെ കേസെടുക്കാത്തതും സംശയങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
ഹൈക്കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള അന്വേഷണ സംഘം സത്യസന്ധമായി അന്വേഷണം നടത്തുമോ എന്ന സംശയവും സജീവമാണ്. ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച സ്വര്‍ണം അടിച്ചുമാറ്റിയിട്ടും നടപടി എടുക്കാന്‍ താമസിച്ചത് ഭക്തര്‍ ഗൗരവമായിട്ടാണ് കാണുന്നത്. അയ്യപ്പ വിഗ്രഹത്തിന്റെ സുരക്ഷ ആര് ഉറപ്പാക്കും എന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യം സിപിഎമ്മിനെ വല്ലാതെ വേട്ടയാടും എന്ന് ഉറപ്പാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here