ശബരിമലയില്‍ സിപിഎം ഇനിയും ഞെട്ടും; സ്വര്‍ണം ചെമ്പായ വാസു ‘മാജിക്കിന്’ അംഗീകാരം നല്‍കിയത് എ പത്മകുമാര്‍; അറസ്റ്റിനും സാധ്യത

ശബരിമല സ്വര്‍ണപ്പാളിക്കടത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു ജയിലില്‍ ആയതിന്റെ ഞെട്ടലിലാണ് സിപിഎം. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സിപിഎമ്മിനെ ഏറെ പ്രതിസന്ധിയിലാക്കുന്നതാണ് ഈ അറസ്റ്റ്. എന്നാല്‍ തിരിച്ചടികള്‍ ഇതുകൊണ്ടും തീരില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. 2019ല്‍ സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളിയെ ചെമ്പെന്ന് രേഖപ്പെടുത്തി കടത്താനായി അന്ന് ദേവസ്വം കമ്മിഷണര്‍ ആയിരുന്നു വാസുവിന്റെ റിപ്പോര്‍ട്ട് അംഗീകരിച്ചത് പ്രസിഡന്റായിരുന്ന എ പത്മകുമാറാണ്. അതുകൊണ്ട് തന്നെ അന്വേഷണം അടുത്ത് എത്തുക പത്മകുമാറിലേക്കായിരിക്കും എന്ന് ഉറപ്പാണ്.
പത്തനംതിട്ട ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാവും കോന്നി മുന്‍ എംഎല്‍എയുമാണ് എ പത്മകുമാര്‍. ശബരിമലയുമായി ഏറെ അടുപ്പവും ഭക്തിയും സൂക്ഷിക്കുന്ന ആള്‍. അതുകൊണ്ട് തന്നെ ശബരിമലയിലെ കട്ടിളപ്പാളികള്‍ സ്വര്‍ണം പൊതിഞ്ഞതാണെന്ന് പത്മകുമാറിന് നന്നായി അറിയാം. എന്നിട്ടും ചെമ്പെന്ന റിപ്പോര്‍ട്ടിന് എന്തിന് അംഗീകാരം നല്‍കി എന്ന ചോദ്യത്തിന് പത്മകുമാര്‍ മറുപടി പറയേണ്ടി വരും.
എന്‍ വാസുവിനെ അടുത്ത ദിവസങ്ങളില്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. ഈ ചോദ്യം ചെയ്യലില്‍ വാസു പത്മകുമാറിന് എതിരെ എന്‍െങ്കിലും മൊഴി നല്‍കിയാല്‍ അറസ്റ്റ് ഉള്‍പ്പെടെയുളള നടപടികള്‍ക്ക് വേഗത കൂടും. നിലവില്‍ തന്നെ പത്മകുമാറിന് ചോദ്യം ചെയ്യല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. പത്മകുമാറിന്റെ പ്രൈവറ്റ് സെക്രട്ടറിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇതെല്ലാം നല്‍കുന്ന സൂചന അടുത്ത നമ്പര്‍ പത്മകുമാറിന്റേത് എന്ന് തന്നെയാണ്.
പ്രതിപക്ഷം ശബരിമല വിഷയത്തില്‍ സിപിഎമ്മിനേയും പിണറായി സര്‍ക്കാരിനേയും പരമാവധി പ്രതിരോധത്തിലാക്കാനുള്ള വിഷയമായി ഉപയോഗിക്കാനുള്ള ശ്രമത്തിലാണ്. ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. സ്വര്‍ണ്ണക്കൊള്ളയില്‍ മുഴുവന്‍ കുറ്റവാളികളുടെ അറസ്റ്റും ദേവസ്വം മന്ത്രിയുടെ രാജിയും ആവശ്യപ്പെട്ടാണ് മാര്‍ച്ച്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here