ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റ് ഉടന്‍; പത്മകുമാര്‍ ചോദ്യം ചെയ്യലിന് ഹാജരാകും

ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. സ്വര്‍ണപ്പാളി ചെമ്പാണെന്ന് രേഖപ്പെടുത്തി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറിയും തിരുവാഭരണം കമ്മിഷണറുമായിരുന്ന എസ്. ജയശ്രീയുടെ അറസ്റ്റാണ് ഉടന്‍ പ്രതീക്ഷിക്കുന്നത്. ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പത്തനംതിട്ട സെഷന്‍സ് കോടതി തള്ളിയിരുന്നു. കേസിലെ നാലാം പ്രതിയാണ് ജയശ്രീ.

തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ചൂണ്ടികാട്ടിയാണ് ജയശ്രീ ജാമ്യാപേക്ഷ നല്‍കിയത്. ബോര്‍ഡ് തീരുമാനം ഉത്തരവായി പുറപ്പെടുവിക്കുക മാത്രമാണ് ഉണ്ടായത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അറിയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. 2017 ജൂലൈ മുതല്‍ 2019 ഡിസംബര്‍ വരെ ജയശ്രീ ആയിരുന്നു ദേവസ്വം ബോര്‍ഡ് സെക്രട്ടറി. അതിനു ശേഷം 2020 മേയില്‍ വിരമിക്കുന്നതുവരെ തിരുവാഭരണം കമ്മിഷണറായും പ്രവര്‍ത്തിച്ചിരുന്നു. ഈ സമയത്താണ് സ്വര്‍ണക്കൊള്ള നടന്നിരിക്കുന്നതും.

കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, രണ്ടാം പ്രതി മുരാരി ബാബു, മൂന്നാം പ്രതി എന്‍ വാസു എന്നിവര്‍ അറസ്റ്റിലായിരുന്നു. സ്വര്‍ണക്കൊള്ള നടന്ന സമയത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനോട് ഉടന്‍ ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടുതവണ നോട്ടീസ് നല്‍കിയിട്ടും സാവകാശം ചോദിച്ച് ഒഴിഞ്ഞുമാറുകയാണ് പത്മകുമാര്‍. ഇനിയും ഹാജരാകാതിരുന്നാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് അന്വേഷണസംഘം പത്മകുമാറിന് മുന്നിറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉടന്‍ തന്നെ ഹാജരാകാം എന്ന മറുപടിയാണ് പത്മകുമാര്‍ നല്‍കിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top