സ്വര്‍ണക്കൊള്ളയിൽ പാര്‍ട്ടിയും നേതാക്കളും കുടുങ്ങുമോ? ഹൈക്കോടതിയുടെ പുതിയ നീക്കത്തില്‍ ഞെട്ടിത്തരിച്ച് സര്‍ക്കാരും സിപിഎമ്മും

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സര്‍ക്കാരിനേയും ദേവസ്വം ബോര്‍ഡിനേയും, വിജിലന്‍സിനേയും ചേര്‍ത്ത് ഹൈക്കോടതി സ്വമേധയ കേസ് രജിസ്റ്റര്‍ ചെയ്തത് സിപിഎമ്മിന് കനത്ത തിരിച്ചടിയായി. ഈ കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെയും,സ്മാര്‍ട്ട് ക്രിയേഷന്‍സിനെയും ഒഴിവാക്കിയാണ് സര്‍ക്കാരിനേയും ബോര്‍ഡിനേയും പ്രതിയാക്കി കേസെടുക്കാന്‍ ഹൈക്കോടതി ഇന്ന് നിര്‍ദ്ദേശിച്ചത്. രഹസ്യ സ്വഭാവം സൂക്ഷിക്കാനും വിവിരങ്ങള്‍ പുറത്ത് പോകാതിരിക്കാനുമാണ് നടപടി എന്ന് പറയുമ്പോഴും പാര്‍ട്ടിയുടെ ഉന്നത നേതാക്കളെ മോഷണ ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന ഭയം നേതൃത്വത്തെ വല്ലാതെ അലട്ടുന്നുണ്ട്.

ശബരിമലയിലെ ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണപ്പാളികള്‍ 2019ലാണ് ഇളക്കിക്കൊണ്ടു പോകുന്നതും ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിച്ച് സ്വര്‍ണം പൂശിക്കൊണ്ടു വരുന്നതും. സിപിഎം പ്രിതിനിധികളായ എ പദ്മകുമാര്‍, എന്‍ വാസു എന്നിവരാണ് ഈ കാലയളവില്‍ ബോര്‍ഡ് പ്രസിഡന്റുമാര്‍. ഇവരുടെ ഭരണകാലത്ത് നടന്ന ക്രമക്കേടുകളുടെ ധാര്‍മ്മിക ഉത്തരവാദിത്വത്തില്‍ നിന്ന് സിപിഎമ്മിനും ഒഴിഞ്ഞു മാറാനാവില്ല. പാര്‍ട്ടിയുടെ അടിത്തറ ഇളക്കുന്ന വിധത്തിലാണ് ശബരിമല സ്വര്‍ണ മോഷണ സംഭവം എത്തി നില്‍ക്കുന്നത്. കഴിഞ്ഞ പത്തുകൊല്ലത്തെ സിപിഎമ്മിന്റെ ദേവസ്വം ഭരണത്തില്‍ അടിമുടി അഴിമതിയും ക്രമക്കേടുമാണ് നടക്കുന്നതെന്ന വിവരമാണ് ഹൈക്കോടതിയുടെ ഇടപെടലിലൂടെ പുറത്തു വന്നത്.

ALSO READ : ശബരിമല സ്വര്‍ണക്കൊള്ളയില്‍ കരുതലോടെ ഹൈക്കോടതി; നടപടികള്‍ എല്ലാം അടച്ചിട്ട മുറിയില്‍; ഇടക്കാല ഉത്തരവും

സ്വര്‍ണം കടത്തിയതിന്റെ പേരില്‍ ഉദ്യോഗസ്ഥ വീഴ്ചയെന്നും സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും പങ്കില്ലെന്ന് പറഞ്ഞു നടന്ന സിപിഎമ്മിന് തലമണ്ടയ്ക്ക് കിട്ടിയ അടിയാണ് സര്‍ക്കാരിനും ബോര്‍ഡിനും ദേവസ്വം വിജിലന്‍സിനും എതിരെ ഹൈക്കോടതി കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചത്. ഗൂഡാലോചന ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തുമെന്നാണ് സൂചന. ബോര്‍ഡിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ അനുമതിയില്ലാതെ ഇമ്മാതിരി വ്യാപക കൊള്ള നടക്കില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

1998 സെപ്റ്റംബറില്‍ മദ്യ വ്യവസായി വിജയ് മല്യ ശ്രീകോവില്‍ അടക്കം സ്വര്‍ണം പതിക്കുന്നതിന് 30 കിലോ സ്വര്‍ണമാണ് നല്‍കിയത്. ഈ സ്വര്‍ണം പൂര്‍ണമായി ഉണ്ണികൃഷ്ണന്‍ പോറ്റിയും സംഘവും ദേവസ്വം ബോര്‍ഡ് അധികൃതരുടേയും ജീവനക്കാരുടേയും അനുമതിയോടെ കടത്തിയെന്നാണ് കരുതുന്നത്. ശബരിമലയുടെ വികസനത്തിന്റെ പേര് പറഞ്ഞ് ആഗോള അയ്യപ്പ സംഗമം നടത്തി വിശ്വാസികള്‍ക്കിടയില്‍ മൈലേജ് നേടാന്‍ ശ്രമിക്കുന്നതിനിടയിലാണ് സ്വര്‍ണപ്പാളി മോഷണക്കഥകള്‍ ഒന്നൊന്നായി പുറത്തുവന്നത്.

ALSO READ : അവതാരങ്ങളെ അകറ്റണമെന്ന് പറഞ്ഞ പിണറായി; സോണിയ ഗാന്ധിയും അടൂര്‍ പ്രകാശും… ഉണ്ണികൃഷ്ണന്‍ പോറ്റി ചെറിയ മീനല്ല

ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ കട്ടളപ്പാളികളിലേയും ദ്വാരപാലക ശില്‍പങ്ങളിലേയും സ്വര്‍ണപ്പാളികള്‍ അഴിച്ചുമാറ്റി കൊണ്ടുപോയ ഇടനിലക്കാരന് ദേവസ്വം ബോര്‍ഡ് ഒത്താശ ചെയ്തുവെന്ന ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. വിശ്വാസ കേന്ദ്രത്തിന്റെ വിലപിടിപ്പുള്ള സാധന സാമഗ്രികള്‍ പട്ടാപ്പകല്‍ കടത്തിക്കൊണ്ടു പോയ സംഭവത്തില്‍ ഖേദം പോലും പ്രകടിപ്പിക്കാനോ സംഭവത്തെ അപലപിക്കാനോ കഴിയാത്ത അവസ്ഥയിലാണ് സിപിഎം.

അന്വേഷണം നടക്കട്ടെ എന്ന ഒറ്റവാക്കിലെ നിലപാട് ആവര്‍ത്തിക്കുമ്പോഴാണ് സര്‍ക്കാരിനേയും ബോര്‍ഡിനേയും വിജിലന്‍സിനേയും പ്രതിയാക്കി പുതിയ കേസെടുക്കാന്‍ ഇന്ന് കോടതി നിര്‍ദ്ദേശം നല്‍കിയത്. ഈ നീക്കത്തില്‍ സിപിഎം ഏറെ ആശങ്കാകുലരാണ്. അന്വേഷണം ഹൈക്കോടതി മേല്‍നോട്ടത്തിലും രഹസ്യസ്വഭാവത്തിലും ആയതിനാല്‍ അന്വേഷണം ഏത് വഴിക്ക് പോകുമെന്ന് പാര്‍ട്ടി ഭയപ്പെടുന്നുണ്ട്. കോണ്‍ഗ്രസ് നടത്തിയ വിശ്വാസ സംരക്ഷണ ജാഥയ്ക്ക് കിട്ടിയ ജന പിന്തുണയും ഇടത് മുന്നണിയെ അസ്വസ്ഥരാക്കുന്നണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top