ശബരിമല സ്വര്‍ണക്കൊള്ളയില്‍ എന്‍ വാസു മൂന്നാം പ്രതി; അറസ്റ്റിനും സാധ്യത; പിണറായിയുടെ അതിവിശ്വസ്തന്‍

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ ദേവസ്വം കമ്മിഷണറും മുന്‍ ദേവസ്വം പ്രസിഡന്റുമായ എന്‍.വാസുവിനേയും പ്രതി ചേര്‍ത്തു. കട്ടിളപ്പാളിയിലെ സ്വര്‍ണം കവര്‍ന്ന കേസിലാണ് വാസുവിനെ മൂന്നാം പ്രതി ആക്കിയിരിക്കുന്നത്. രണ്ടു തവണ ദേവസ്വം കമ്മിഷണറായിരുന്നു വാസു. ഈ സമയത്താണ് സ്വര്‍ണം കടത്തിയതെന്നാണ് കണ്ടെത്തല്‍. ഇത് കഴിഞ്ഞ് മാസങ്ങള്‍ക്കു ശേഷം ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായി.

സ്വര്‍ണപ്പാളികളെ ചെമ്പ് എന്ന് രേഖപ്പെടുത്തിയത് വാസുവാണ് എന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി റിപ്പോര്‍ട്ടിലാണ് വാസുവിനെക്കുറിച്ച് പരാമര്‍ശം. വാസുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഈ കേസിലെ അഞ്ചാംപ്രതിയായ ഡി. സുധീഷ് കുമാറും ആറാം പ്രതിയായ മുരാരി ബാബുവും റിമാന്‍ഡിലാണ്. എന്നാല്‍, മൂന്നാംപ്രതിയായ വാസു പുറത്തുമാണുള്ളത്.

ദ്വാരപാലക ശില്‍പങ്ങളുടെയും ശ്രീകോവിലിന്റെയും മുഖ്യജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷം സ്വര്‍ണം ബാക്കിയുണ്ടെന്നും സഹായം ആവശ്യമുള്ള പെണ്‍കുട്ടിയുടെ വിവാഹാവശ്യത്തിന് ഇത് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നു എന്നും കാണിച്ച് ഉണ്ണിക്കൃഷ്ണന്‍ പോറ്റി വാസുവിന് ഇമെയില്‍ അയച്ചിരുന്നു. 2019 ഡിസംബര്‍ 9ന് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ഇമെയില്‍ തനിക്കു വന്നിരുന്നു എന്ന് വാസുവും പിന്നീട് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ശബരിമലയില്‍ നടന്ന തട്ടിപ്പ് വാസുവിന് അറിയാം എന്ന നിഗമനത്തിലാണ് അന്വേഷണസംഘം.

മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനായി അറിയപ്പെടുന്ന ആളാണ് എന്‍ വാസു. സ്ത്രീപ്രവേശന വിഷയം വന്നപ്പോള്‍ എന്നത്തെ ദേവസ്വം പ്രസിഡന്റായിരുന്ന എ പദ്മകുമാര്‍ സര്‍ക്കാര്‍ നിലപാടിന് എതിരായിരുന്നു. എന്നാല്‍ വാസുവിനെ ഉപയോഗിച്ചാണ് മുഖ്യമന്ത്രി സര്‍ക്കാര്‍ നിലപാട് ദേവസ്വം ബോര്‍ഡിന് കൊണ്ട് നടപ്പിലാക്കിച്ചത്. ഇതിന്റെ കൂടി പ്രത്യുപകാരമായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം എന്ന് അന്ന് തന്നെ ആരോപണം ഉയര്‍ന്നിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top