ശബരിമല സ്വര്‍ണപ്പാളിയില്‍ ഒടുക്കം സുകുമാരന്‍ നായര്‍ മിണ്ടി; കുറ്റക്കാരെ പിടിക്കണമെന്ന ഒഴുക്കന്‍ പ്രതികരണവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി

സ്വര്‍ണ്ണപ്പാളി അടിച്ചുമാറ്റിയെന്ന വിവാദത്തില്‍ മൗനത്തിലായിരുന്ന എന്‍എസ്എസും ഒടുവില്‍ പിണറായി സര്‍ക്കാരിനെതിരെ പ്രതികരിച്ചു. ആഗോള അയ്യപ്പ സംഗമത്തില്‍ സര്‍ക്കാരിന് പിന്തുണ നല്‍കിയതിന്റെ പേരില്‍ നായര്‍ സമുദായ സംഘടനാ നേതൃത്വം ഏതാണ്ട് ഒറ്റപ്പെട്ട് നില്‍ക്കുകയായിരുന്നു. നിവൃത്തികെട്ട സാഹചര്യത്തിലാണ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ഒരു പ്രസ്താവന ഇറക്കിയത്.

കുറ്റക്കാരെ കണ്ട് പിടിക്കണമെന്നും മോഷണ മുതല്‍ തിരിച്ചു പിടിക്കണമെന്നും ശക്തമായ അന്വേഷണം നടക്കട്ടെയെന്നുമാണ് സുകുമാരന്‍ നായര്‍ ഏഷ്യാനെറ്റിന് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. ആഗോള അയ്യപ്പ സംഗമത്തില്‍ സര്‍ക്കാരിന് പിന്തുണ നല്‍കിയതില്‍ ഒറ്റപ്പെട്ട നേതൃത്വം വിഷയത്തില്‍ ആദ്യമായാണ് പ്രതികരിക്കുന്നത്.

ALSO READ : സ്വര്‍ണപ്പാളി മോഷണം പ്രത്യേക അന്വേഷണ സംഘം സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടെന്ന് ദേശാഭിമാനി; വിധിന്യായത്തില്‍ അങ്ങനെയൊരു പരാമര്‍ശമില്ല

സ്വര്‍ണപ്പാളി വിഷയത്തില്‍ തന്ത്രപരമായ മൗനവും അകലവും സ്വീകരിച്ചിരുന്ന എന്‍എസ്എസ് നേതൃത്വം ഇനിയും മിണ്ടാതിരുന്നാല്‍ സമുദായത്തിനുള്ളില്‍ നിന്ന് തന്നെ പ്രതിഷേധം ഉയര്‍ന്നേക്കുമെന്ന ഘട്ടത്തിലാണ് പ്രതികരിക്കാന്‍ നിര്‍ബന്ധിതനായത്. ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ നല്‍കിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സ്വര്‍ണപ്പാളി വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതോടെ സുകുമാരന്‍ നായര്‍ക്ക് മുന്നില്‍ വേറെ വഴി ഇല്ലാതായി. എന്‍എസ്എസ് കൂടി കളത്തിലിറങ്ങിയതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാണ്. എന്നാല്‍ വിഷയത്തില്‍ സര്‍ക്കാരിനെയോ ദേവസ്വം ബോര്‍ഡിനെയോ വിമര്‍ശിക്കാന്‍ സുകുമാരന്‍ നായര്‍ ഇതുവരെ തയ്യാറായിട്ടില്ല. മോഷണമുതല്‍ തിരിച്ചു പിടിക്കണമെന്ന ദുര്‍ബലമായ ഒരാവശ്യം മാത്രമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്.

ALSO READ : ഇന്നും ശബരിമല; ഹൈക്കോടതി വിധി ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷം, നടുത്തളത്തില്‍ ബഹളം

‘കോടതി മുതല്‍ താഴേക്ക് എല്ലാ സംവിധാനവും ഉണ്ട് കണ്ടുപിടിക്കാന്‍. ഇത് കണ്ടുപിടിക്കാന്‍ സര്‍ക്കാര്‍ താല്‍പര്യവും കാണിക്കുന്നുണ്ട്. ഇവിടെ കാണാതെ പോയത് ഭഗവാന്റെ സ്വത്താണ്. തെറ്റുകാരെ കണ്ടുപിടിക്കുകയും അവരെ ശിക്ഷിക്കുകയും വേണം’ സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു. ഭഗവാന്റെ മുതല്‍ തിരിച്ചെടുക്കേണ്ടത് ആവശ്യമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണ്ണപ്പാളികള്‍ പതിച്ച ഒറിജിനല്‍ ദ്വാരപാലകമാരെ വില്‍ക്കാന്‍ ശ്രമമുണ്ടായി എന്ന ഹൈക്കോടതിയുടെ കണ്ടെത്തല്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും കനത്ത തിരിച്ചടിയാണ്. ഇത്ര ഗുരുതരമായ നിരീക്ഷണം നടത്തിയിട്ടു പോലും എന്‍എസ്എസ് നേതൃത്വത്തിന്റെ ഒഴുക്കന്‍ പ്രതികരണം ഒരുപാട് സംശയത്തിന് ഇടയാക്കുന്നുണ്ട്. വലിയ തുക വാങ്ങി ദ്വാരപാലക ശില്പി വിറ്റിരിക്കാമെന്ന നിശിത വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. ശബരിമലയുമായി ബന്ധപെട്ട ഇന്നലത്തെ വിധിയുടെ 10-11 പേജുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top