സുകുമാരന്‍ നായരുടെ ദുരൂഹ മൗനം; സ്വര്‍ണക്കൊള്ളയെ കുറിച്ച് എന്‍എസ്എസിന് ഒന്നും പറയാനില്ലേ ?

സര്‍ക്കാര്‍ നടത്തിയ ആഗോള അയ്യപ്പസംഗമത്തിന് എല്ലാ പിന്തുണയും നല്‍കിയ നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍എന്‍എസ്) ശബരിമലയില്‍ സ്വര്‍ണക്കൊള്ളയെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നിട്ടും മിണ്ടാട്ടമില്ല. 2018ലെ ശബരിമല സ്ത്രീപ്രവേശന കാലത്ത് സര്‍ക്കാരിനെതിരെ സമാനതകളില്ലാത്ത സമരവേലിയേറ്റങ്ങള്‍ നടത്തിയ സമുദായ സംഘടനയായിരുന്നു എന്‍എസ്എസ്. രണ്ട് ദേവസ്വം മുന്‍ പ്രഡിഡന്റുമാര്‍ അയ്യപ്പന്റെ സ്വത്ത് മോഷ്ടിച്ചതിന്റെ പേരില്‍ അകത്തായിട്ടും എന്‍എസ്എസ് നേതൃത്വം മിണ്ടാതിരിക്കുന്നതിന് പിന്നില്‍ മറ്റ് ചില താല്പര്യങ്ങള്‍ ഉണ്ടെന്ന സംശയം വ്യാപകമാണ്. ശബരിമല ആഗോള സംഗമത്തിന് നിരുപാധിക പിന്തുണ കൊടുത്ത സംഘടന എന്തുകൊണ്ടാണ് സ്വര്‍ണക്കൊള്ളയില്‍ മൗനം പാലിക്കുന്നു എന്ന ചോദ്യത്തിന് തൃപ്തികരമായ മറുപടി പറയാന്‍ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് കഴിഞ്ഞിട്ടില്ല.
സ്വര്‍ണക്കൊള്ളയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നതിന് പിന്നാലെ കഴിഞ്ഞ മാസം ഏഴിന് സുകുമാരന്‍ നായര്‍ നാലുവരി പ്രസ്താവന ഇറക്കിയതല്ലാതെ പിന്നെ കാര്യമായി ഒന്നും പ്രതികരിച്ചിട്ടില്ല. ‘കുറ്റവാളികളെ കണ്ടെത്തി കര്‍ശനമായ ശിക്ഷ കൊടുക്കണം. മോഷ്ടിച്ച മുതല്‍ തിരിച്ചുപിടിക്കണം. സര്‍ക്കാര്‍ സംവിധാനങ്ങളും കോടതിയും ഇതില്‍ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്’ എന്നാണ് ജി സുകുമാരന്‍ നായര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്. സര്‍ക്കാരിനേയോ ദേവസ്വം ബോര്‍ഡിനേയോ ഉദ്യോഗസ്ഥരേയോ കുറ്റപ്പെടുത്താതിരിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.
ALSO READ : ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ച് എൻഎസ്എസ്; സർക്കാരിൽ പൂർണവിശ്വാസം
ശബരിമലയില്‍ സ്വര്‍ണപ്പാളി കടത്തിക്കൊണ്ടുപോയ സംഭവം നടക്കുമ്പോള്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവും എന്‍എസ്എസ് പ്രാദേശിക ഭാരവാഹി ആയിരുന്നു. അതുപോലെ തന്നെ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറും പെരുന്നയിലെ അടുപ്പക്കാരനായിരുന്നു. രാജ്യത്തെ പ്രധാന ഹിന്ദു തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയില്‍ ആചാരലംഘനവും കോടാനുകോടി രൂപയുടെ മോഷണവും നടന്നിട്ടും എന്‍എസ്എസ് എന്തുകൊണ്ട് മിണ്ടാതിരിക്കുന്നു എന്നാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഉയരുന്ന ചോദ്യം. ഹിന്ദു വികാരങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും ക്ഷതം ഏല്‍ക്കുന്ന സന്ദര്‍ഭങ്ങളില്‍ എല്ലാം തന്നെ പാര്‍ട്ടി ഭേദമെന്യെ നിലപാടുകള്‍ തുറന്ന് പറയുന്ന പാരമ്പര്യമാണ് എന്‍എസ്എസിന്റേത്. സ്ഥാപകനായ മന്നത് പത്മനാഭന്റെ കാലം മുതല്‍ പിന്തുടര്‍ന്നു വന്ന പാരമ്പര്യവും ഇതായിരുന്നു. അതിലാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.
എന്‍എസ്എസ് നേതൃത്വത്തിലെ ചിലരുമായി ബന്ധപ്പെട്ട ചില സുപ്രധാന രേഖകള്‍ സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികള്‍ക്കു മുന്നിലെത്തിയെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ രേഖകള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ സംഘടനാ നേതൃത്വത്തിന്റെ മൗനം വിലക്കെടുത്തുവെന്നാണ് ആക്ഷേപം. ശബരിമല സ്വര്‍ണക്കൊള്ള സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ട് ഏതാണ്ട് 66 ദിവസമായിട്ടും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ വായ തുറന്നിട്ടില്ല.
ALSO READ : ‘എൻ.എസ്.എസിനെ ഇടതുപക്ഷത്തിൻ്റെ തൊഴുത്തിൽ കെട്ടി’; സുകുമാരൻ നായർക്കെതിരെ പ്രമേയം
ശബരിമലയിലെ സ്വര്‍ണ്ണ തട്ടിപ്പില്‍ സുകുമാരന്‍ നായര്‍ പിണറായിയുടെ കൂടെയാണോ അതോ വിശ്വാസികളുടെ കൂടെയോ എന്ന ചോദ്യവും ചര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സമുദായത്തിന് നാണക്കേടാണെന്നും കുടുംബ കാര്യത്തിനുവേണ്ടി അയ്യപ്പ ഭക്തരെ പിന്നില്‍ നിന്ന് കുത്തിയെന്നുമൊക്കെയുള്ള ബാനറുകളും പോസ്റ്ററുകളും നാടാകെ വ്യാപിച്ചിട്ടും സുകുമാരന്‍ നായര്‍ പ്രതികരിച്ചിട്ടില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here