ശബരിമല സ്വര്‍ണക്കൊള്ള : മുന്‍ എക്സിക്യൂട്ടീവ് ഓഫിസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മൂന്നാം അറസ്റ്റ്. മുരാരി ബാബുവിന് പിന്നാലെ മറ്റാെരു ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥനെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. ശബരിമല മുന്‍ എക്സിക്യൂട്ടീവ് ഓഫിസര്‍ സുധീഷ് കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ അന്വേഷണസംഘം ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ ചോദ്യം ചെയ്യലിനു സുധീഷ് കുമാറിനെ വിളിപ്പിച്ചിരുന്നു. മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സ്വര്‍ണപ്പാളി കടത്തിയ കേസിലെ മൂന്നാം പ്രതിയാണ് സുധീഷ് കുമാര്‍. 2019ല്‍ സ്വര്‍ണപ്പാളികള്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി കൊണ്ടുപോയ സമയത്ത് ശബരിമലയില്‍ എക്സിക്യൂട്ടീവ് ഓഫിസര്‍ ആയിരുന്നു. സ്വര്‍ണപ്പാളികളെ ചെമ്പുപാളികള്‍ എന്ന് രേഖപ്പെടുത്തിയതും സ്‌പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റി ഇല്ലാതിരുന്നിട്ടും സഹായികളുടെ കൈവശം പാളികള്‍ കൊടുത്തു വിട്ടതും സുധീഷാണ്. ശബരിമലയില്‍ നടന്ന കൊള്ള മുഴുവന്‍ ഇയാള്‍ക്ക് അറിയാം എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

സുധീഷ്‌കുമാറിന് വീഴ്ചയുണ്ടായതായി ദേവസ്വം വിജിലന്‍സും കണ്ടെത്തിയിരുന്നു. ശബരിമലയില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന സുധീഷിന് 1998ല്‍ ദ്വാരപാലകശില്‍പത്തിന്റെ പാളികള്‍ സ്വര്‍ണം പൂശിയത് അറിയാമായിരുന്നു. എന്നിട്ടും രേഖകളിൽ ചെമ്പുപാളികള്‍ എന്നാണു രേഖപ്പെടുത്തിയത്. ഇതാണ് സ്വര്‍ണം അടിച്ചുമാറ്റാന്‍ ഉണ്ണികൃഷ്ണന്‍പോറ്റിക്ക് സഹായകമായത്.

കേസിൽ ഉണ്ണികൃഷ്ണന്‍പോറ്റിയാണ് ഒന്നാം പ്രതി. രണ്ടാം പ്രതി ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥനായ മുരാരി ബാബുവാണ്. ഇവര്‍ രണ്ടുപേരും റിമാന്‍ഡിലാണ്. സുധീഷ് കുമാറിനെ ഇന്ന് റാന്നി കോടതിയില്‍ ഹാജരാക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top