മുരാരി ബാബുവിനെ പൊക്കി SIT; ശബരിമലയിലെ സ്വര്‍ണം അടിച്ചുമാറ്റിയ കേസില്‍ രണ്ടാമത്തെ അറസ്റ്റ്; മുന്‍ ദേവസ്വം പ്രസിഡന്റുമാര്‍ അങ്കലാപ്പില്‍

ശബിരമല സ്വര്‍ണപ്പാളി കൊള്ളയടിച്ച കേസില്‍ തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥന്‍ മുരാരി ബാബുവിനെ അറസ്റ്റ് ചെയ്ത് പ്രത്യേക അന്വേഷണസംഘം.
ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ബി. മുരാരി ബാബു. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപാളി ചെമ്പെന്ന് രേഖപ്പെടുത്തിയത് മുരാരി ബാബു ആയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയ സ്വര്‍ണക്കൊളളയ്ക്ക് സഹായമായ നിര്‍ണ്ണായകമായ നടപടിയാണിത്.
ഇന്നലെ രാത്രി 10ന് പെരുന്നയിലെ വീട്ടിലെത്തിയതാണ് മുരാരി ബാബുവിനെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് എത്തിച്ചു. ഇന്ന് രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് മുരാരി ബാബുവിനെ ദേവസ്വം ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പ്രത്യേക അന്വേഷണസംഘം രജിസ്റ്റര്‍ ചെയ്ത കേസിലെ രണ്ടാംപ്രതിയാണ് മുരാരി ബാബു.
മുരാരി ബാബുവിനെ ചോദ്യം ചെയ്യല്‍ കേസില്‍ ഏറെ നിര്‍ണ്ണായകമാണ്. ഈ കൊള്ളക്ക് ആരെല്ലാം പങ്കാളികളായി എന്ന വിവരം ഇയാളില്‍ നിന്നും ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ കണക്ക് കൂട്ടല്‍. വര്‍ഷങ്ങളായി ബോര്‍ഡില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണ് മുരാരി ബാബു. അതുകൊണ്ട് തന്നെ ബോര്‍ഡിലെ ഉന്നതരുടെ പിന്‍ബലമില്ലാതെ ഇത്തരമൊരു ക്രമക്കേട് നടത്തും എന്ന് കരുതാനാകില്ല.
ഉണ്ണിക്കൃഷ്ണന്‍ പോറ്റിയേയും ബാബുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ചെമ്പ് തെളിഞ്ഞതുകൊണ്ടാണു വീണ്ടും പൂശാന്‍ നല്‍കിയതെന്നായിരുന്നു സസ്‌പെന്‍ഷന്‍ നടപടിക്ക് പിന്നാലെ മുരാരി ബാബുവിന്റെ വിശദീകരിച്ചത്. മഹസറില്‍ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലെന്നും വിശദീകരിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ ഇക്കാര്യങ്ങളില്‍ വ്യക്തത വരും.
എ പത്മകുമാര്‍, എന്‍ വാസു എന്നിവര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന സമയത്താണ് ഈ ക്രമക്കേടുകള്‍ എല്ലാം നടന്നിരിക്കുന്നത്. ബോര്‍ഡിലെ ഏറ്റവും പ്രധാനിയായ ഉദ്യോഗസ്ഥന്‍ കേസില്‍ അറസ്റ്റിലാകുമ്പോല്‍ ഇവരിലേക്കും അന്വേഷണം എത്താനുള്ള സാധ്യതയുണ്ട്. ഹൈക്കോടതി നേരിട്ട് മേല്‍നോട്ടം വഹിച്ചുള്ള അന്വേഷണമായതിനാല്‍ രാഷ്ട്രീയ ഇടപെടലുകള്‍ക്കും പരിമിതിയുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here