സര്‍ക്കാരിനും സിപിഎമ്മിനും ഇന്ന് നിര്‍ണായകം; എസ്‌ഐടിയുടെ ശബരിമല റിപ്പോര്‍ട്ട് എന്താവും?

സംസ്ഥാന സര്‍ക്കാരിനും സിപിഎമ്മിനും ഏറെ നിര്‍ണായകമായ ദിവസമാണ് ഇന്ന്. ശബരിമല സ്വര്‍ണക്കൊള്ള കേസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ടിലെ ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തില്‍ കോടതി ഇടപെടല്‍ എന്താകും എന്നത് സിപിഎമ്മിന്റെ ചങ്കിടിപ്പ് കൂട്ടുന്നതാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ എന്തെങ്കിലും കണ്ടെത്തലുണ്ടാവുമോ എന്ന ആശങ്ക നേതൃത്വത്തെ അലട്ടുന്നുണ്ട്.
ദേവസ്വം ബോര്‍ഡിന്റെ ഭരണ നേതൃത്വവും ഒരു സംഘം ഉദ്യോഗസ്ഥരും സംയുക്തമായാണ് ശബരിമല ക്ഷേത്രത്തിന്റെ സ്വര്‍ണപ്പാളികള്‍ അടിച്ചു മാറ്റിയതെന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇക്കാര്യം ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘവും ശരിവെച്ചാണ് രണ്ട് ദേവസ്വം മുന്‍ പ്രസിഡന്റുമാരെ അറസ്റ്റ് ചെയ്തത്. അവരിപ്പോഴും ജയിലില്‍ തുടരുകയാണ്.
ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സിപിഎമ്മിന്റെ പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗവുമായ പത്മകുമാര്‍ റിമാന്‍ഡിലായതോടെ പാര്‍ട്ടി പ്രതിസന്ധിയിലായിരുന്നു. മോഷണക്കേസില്‍ പ്രതിയായിട്ടു പോലും അദ്ദേഹത്തിനെതിരെ നടപടി എടുക്കാന്‍ പാര്‍ട്ടി ഭയപ്പെടുന്നു. സ്വര്‍ണക്കൊള്ള പാര്‍ട്ടിയിലെ ഉന്നതര്‍ക്കും പങ്കുണ്ടെന്ന് പത്മകുമാര്‍ വെളിപ്പെടുത്തിയാല്‍ സിപിഎമ്മിന്റെ കഥ കഴിയുമെന്ന് നേതൃത്വം ഭയപ്പെടുന്നു. രാജ്യത്തെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ ശബരിമലയില്‍ നിന്ന് ആസൂത്രിതമായി അമൂല്യ വസ്തുക്കള്‍ പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ സംഘടിതമായി അപഹരിച്ചു എന്ന വാര്‍ത്ത പുറത്തു വന്നാല്‍ പഞ്ചായത്ത് – നിയമസഭ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി നാമാവശേഷമാകും എന്ന് നേതൃത്വം ഭയപ്പെടുന്നുണ്ട്.
സര്‍ക്കാരിന് ലഭിച്ച അപേക്ഷയെ തുടര്‍ന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണപ്പാളി കൈമാറാന്‍ തീരുമാനമെടുത്തതെന്നാണ് പത്മകുമാര്‍ മൊഴി നല്‍കിയിരിക്കുന്നത്. ഈ മൊഴി അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെ സംശയത്തിന്റെ നിഴലിലാക്കിയിട്ടുണ്ട്. ഇന്നത്തെ റിപ്പോര്‍ട്ടില്‍ കടകംപള്ളി സുരേന്ദ്രനെക്കുറിച്ച് എന്തെങ്കിലും പരാമര്‍ശമുണ്ടാകുകയോ അല്ലെങ്കില്‍ റിപ്പോര്‍ട്ട് പരിഗണിച്ച് ഹൈക്കോടതിയില്‍ നിന്ന് നിര്‍ണായകമായ ഒരു പരാമര്‍ശം ഉണ്ടാവുകയോ ചെയ്താല്‍ സിപിഎം വലിയ കുരുക്കിലേക്ക് വീഴാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇന്നത്തെ ഹൈക്കോടതി നടപടികള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ ശ്രദ്ധേയമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here