ശബരിമലയില്‍ നടന്നത് തീവെട്ടിക്കൊള്ള തന്നെ; പ്രഭാമണ്ഡല പാളികളും കൊള്ള സംഘം കടത്തിയെന്ന് SIT റിപ്പോര്‍ട്ട്

ശബരിമല ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നിന്ന് ദേവസ്വം ബോര്‍ഡ് മേധാവികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം തീവെട്ടിക്കൊള്ളയാണ് നടത്തിയതെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റി, ഗോവര്‍ദ്ധന്‍, പങ്കജ് ഭണ്ഡാരി എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എസ്‌ഐടിയിലെ അന്വേണ ഉദ്യോഗസ്ഥന്‍ എസ് ശശിധരന്‍ കൊല്ലം വിജിലന്‍സ് കോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ശബരിമല ദ്വാരപാലക ശില്പത്തിലേയും കട്ടിളപ്പാളിയിലേയും സ്വര്‍ണം മാത്രമല്ല, ശ്രീകോവിലിലെ കട്ടിളയ്ക്ക് മുകളില്‍ പതിപ്പിച്ച ശിവരൂപവും വ്യാളീരൂപവും അടങ്ങിയ പ്രഭാമണ്ഡലത്തിലെ പാളികളിലെ സ്വര്‍ണവും കൊള്ളയടിച്ചതായിട്ടാണ് എസ്‌ഐടി റിപ്പോര്‍ട്ട്. ശ്രീകോവിലിന്റെ വാതിലെ കട്ടിളപ്പാളികളില്‍ ഘടിപ്പിച്ചിരിക്കുന്ന ദശാവതാരങ്ങള്‍ ആലേഖനം ചെയ്ത രണ്ട് പാളികള്‍, രാശി ചിഹ്നങ്ങള്‍ ആലേഖനം ചെയ്ത രണ്ടു പാളികള്‍, കട്ടിളയിലെ മുകള്‍പ്പടിയിലെ പാളി എന്നിവയിലെ സ്വര്‍ണം അപഹരിച്ചതായാണ് കണ്ടെത്തല്‍. തുടക്കത്തില്‍ കരുതിയതിനേക്കാള്‍ കൂടുതല്‍ സ്വര്‍ണം അടിച്ചുമാറ്റിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ദ്വാരപാലക ശില്പങ്ങളിലും നിന്നും കട്ടിളപ്പാളിയില്‍ നിന്നും കവര്‍ന്നതെന്ന് കരുതുന്നതിലും കൂടുതല്‍ സ്വര്‍ണം കൊള്ളയടിച്ചിട്ടുണ്ടാകുമെന്നാണ് എസ്‌ഐടി കണ്ടെത്തല്‍.

ആദ്യഘട്ടത്തിലെ പരിശോധനയിലും അന്വേഷണത്തിലും 989 ഗ്രാം കവര്‍ന്നതായാണ് പുറത്തുവന്ന വിവരം. എന്നാല്‍ വിഎസ്എസ്സിയിലെ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയാകുമ്പോള്‍ കൊള്ളയുടെ വ്യാപ്തി ഉയരുമെന്നാണ് എസ്‌ഐടി കരുതുന്നത്. ക്ഷേത്രവുമായി ബന്ധപ്പെട്ട് സ്വര്‍ണം പതിച്ചിരിക്കുന്ന പ്രധാന കേന്ദ്രങ്ങളില്‍ നിന്നെല്ലാം സ്വര്‍ണം കവര്‍ന്നിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്.
ശ്രീകോവിലിന്റെ ഇരുഭാഗങ്ങളിലെയും ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ 2019 ജൂലൈ 19നും, ശില്‍പങ്ങളിലെ തെക്കും വടക്കും ഭാഗത്തെ പില്ലര്‍ പ്ലേറ്റുകളിലെ പാളികള്‍ 2019 ജൂലൈ 20നുമാണ് ഇളക്കിയെടുത്തത്. പണിക്കൂലിയായി മൂന്നുലക്ഷം രൂപ വിലവരുന്നതും വേര്‍തിരിച്ചെടുത്ത സ്വര്‍ണത്തില്‍ നിന്ന് 96.021 ഗ്രാം സ്മാര്‍ട്ട് ക്രിയേഷന്‍സ് എടുത്തു. വേര്‍തിരിച്ചതില്‍ നിന്ന് 394 ഗ്രാം സ്വര്‍ണം വീണ്ടും പാളികളില്‍ പൂശി. ബാക്കി 474.957 ഗ്രാം പോറ്റിയുടെ ഇടനിലക്കാരന്‍ കല്‍പേഷ് വഴി ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന് എത്തിച്ചെന്നാണ് കണ്ടെത്തല്‍.
സ്വര്‍ണം വേര്‍തിരിച്ചതിനുള്ള കൂലിയായി സ്മാര്‍ട്ട് ക്രിയേഷന്‍സ് എടുത്തതിന് തുല്യമായ 109.243ഗ്രാം പങ്കജ് ഭണ്ഡാരിയില്‍നിന്ന് പിടിച്ചെടുത്തു. ഗോവര്‍ധന് കൈമാറിയ സ്വര്‍ണത്തിന് തുല്യമായ 474.96 ഗ്രാം സ്വര്‍ണം ജ്വലറിയില്‍നിന്നു പിടിച്ചെടുത്തു. ഇതിനേക്കാള്‍ സ്വര്‍ണം ദ്വാരപാലക ശില്പങ്ങളിലും കട്ടിള പാളികളിലുണ്ടായിരുന്നതായി എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here