ശബരിമല സ്വർണ്ണക്കൊള്ളയിൽ ചെന്നിത്തല പറയുന്ന സുഭാഷ് കപൂർ ആരാണ്? അന്താരാഷ്ട്ര വിഗ്രഹകടത്തുകാരൻ ഒടുവിൽ കുടുങ്ങിയത് കാമുകിയുടെ ചതിയിൽ

ലോകമെമ്പാടുമുള്ള ക്ഷേത്രങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന പുരാവസ്തുക്കളും വിഗ്രഹങ്ങളും മോഷ്ടിച്ച് കടത്തിയതിന് ശിക്ഷിക്കപ്പെട്ട് തമിഴ്‌നാട്ടിലെ ജയിലിൽ കഴിയുന്ന അന്താരാഷ്ട്ര വിഗ്രഹക്കടത്തുകാരനാണ് സുഭാഷ് കപൂർ. ഇന്ത്യൻ വംശജനായ അമേരിക്കൻ പൗരനാണ് ഇദ്ദേഹം. ഇന്ത്യയുടെ ചരിത്രപരമായ സമ്പത്തിനെ കൊള്ളയടിച്ചതിൽ ഏറ്റവും കുപ്രസിദ്ധനായ വ്യക്തിയായി കണക്കാക്കപ്പെടുന്ന ഇയാൾ നിലവിൽ തമിഴ്നാട്ടിൽ ജയിലിലാണ്.
വിഗ്രഹങ്ങൾ ഉൾപ്പെടെയുള്ള പുരാതന വസ്തുക്കൾ മോഷ്ടിച്ചതിനും അനധികൃതമായി കയറ്റുമതി ചെയ്തതിനും തമിഴ്നാട്ടിലെ വിചാരണ കോടതി ഇദ്ദേഹത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും 10 വർഷം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. 2011 ഒക്ടോബറിൽ ജർമനിയിൽ വെച്ച് അറസ്റ്റിലായ ഇയാൾ നിലവിൽ തമിഴ്നാട്ടിലെ ട്രിച്ചിയിലുള്ള സെൻട്രൽ ജയിലിലാണ് കഴിയുന്നത്.
പകൽ സമയത്ത് പുരാവസ്തുക്കളുടെ ഡീലറായി മാന്യവേഷത്തിൽ വിലസിയ സുഭാഷ് കപൂർ, ന്യൂയോർക്കിലെ മാഡിസൺ അവന്യൂവിൽ ആർട് ഗ്യാലറി നടത്തിയിരുന്നു. ഏകദേശം 1250 കോടി രൂപ വിലമതിക്കുന്ന 2500-ലധികം പുരാവസ്തുക്കളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇതിൽ മിക്കവയും ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ നിന്ന് മോഷ്ടിക്കപ്പെട്ടതായിരുന്നു. തമിഴ്നാട്ടിലെ അരിയലൂർ വരദരാജ പെരുമാൾ ക്ഷേത്രത്തിൽ നിന്നുള്ള വിഗ്രഹങ്ങൾ കടത്തിയ കേസിലാണ് ഇയാൾ ഒടുവിൽ ശിക്ഷിക്കപ്പെട്ടത്.
ലോകമെങ്ങും കവർച്ചകൾ പതിവാക്കിയ സുഭാഷ് കപൂറിന് ഒടുവിൽ അടിതെറ്റിയത് സിംഗപ്പൂരിലെ കാമുകിയുമായി തെറ്റിയതിനെ തുടർന്നാണ്. സിംഗപ്പൂരിലെ ജാസ്മിൻ ഏഷ്യൻ ആർട്സ് ഗ്യാലറിയുടെ ഉടമയായിരുന്ന ഗ്രേസ് പുനുസാമിയായിരുന്നു ഇയാളുടെ കാമുകി. പുരാവസ്തുക്കളുടെ വീതംവയ്പ്പുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും ബന്ധം വേർപിരിയുകയും ചെയ്തു. ഇതിനു പിന്നാലെ ഗ്രേസ് നൽകിയ വിവരങ്ങളും രേഖകളുമാണ് യു.എസ്. അധികൃതർക്ക് സുഭാഷ് കപൂറിനെ പിടികൂടാൻ വഴി തെളിഞ്ഞത്.
മോഷ്ടിക്കപ്പെടുന്ന വിഗ്രഹങ്ങൾ സാധാരണ കരകൗശല വസ്തുക്കളാണെന്ന് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് കപൂറിൻ്റെ സംഘം വിദേശത്തേക്ക് കടത്തിയിരുന്നത്. ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോൾ, ക്ഷേത്ര കലാവസ്തുക്കൾ മോഷ്ടിക്കുന്ന സുഭാഷ് കപൂറിനെപ്പോലെയുള്ളവരുടെ രീതികളോട് ഇതിന് സാദൃശ്യമുണ്ടെന്ന് കേരള ഹൈക്കോടതിയും നിരീക്ഷിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here