സ്വര്‍ണം ചെമ്പാക്കുന്ന അധികാരിവര്‍ഗം എല്ലായിടത്തും; ശബരിമല കൊള്ളയും അങ്കമാലി രൂപതയുടെ ഭൂമികച്ചവടവും ഒന്നുപോലെയെന്ന് സത്യദീപം

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിപിഎം നേതാക്കള്‍ പ്രതിയായതും, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രതിസ്ഥാനത്തായ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടും താരതമ്യം ചെയ്ത് കത്തോലിക്ക മുഖപത്രം സത്യദീപം. അധികാരമുള്ളവര്‍ വസ്തുനിഷ്ഠമായ കാര്യങ്ങള്‍ അംഗീകരിക്കാത്തതിന്റെ ദുരന്തങ്ങളാണ് ശബരിമലയിലും അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടിലും കണ്ടതെന്ന് ഫാദര്‍ പോള്‍ തേലക്കാട് എഴുതിയ ലേഖനത്തിൽ പറയുന്നു. ദേവസ്വം ബോര്‍ഡിലെ അധികാരികള്‍ സ്വര്‍ണം ചെമ്പാണെന്ന് പറയുന്നു. ഭൂമിവിറ്റ പണം എവിടെ എന്നു ചോദിക്കുമ്പോള്‍ കുറെ വൈദികരും മെത്രാന്മാരും ഒന്നിച്ചു നിന്ന് പറയുന്നു, സ്വര്‍ണം ചെമ്പാണെന്ന്. ശരിയും തെറ്റും ഞങ്ങള്‍ തീരുമാനിക്കുമെന്നവര്‍ പറയുന്നു. ‘സ്വര്‍ണം ചെമ്പാകുമ്പോള്‍’ എന്ന ലേഖനത്തിലാണ് ശബരിമലയിലെ സ്വര്‍ണക്കൊള്ളയും അങ്കമാലിയിലെ ഭൂമി കുംഭകോണവും അധികാരിവര്‍ഗത്തിന്റെ അഴിമതിയാണെന്ന് തുറന്നടിച്ചിരിക്കുന്നത്..

അധികാരി വര്‍ഗത്തിന്റെ ശരിതെറ്റുകളെ കുറിച്ചുള്ള നിര്‍വചനങ്ങള്‍ മാറണം. ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടി ഉണ്ടാക്കിയ നിയമം അനുസരിച്ച് ആര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇഷ്ടം പോലെ സംഭാവനകള്‍ നല്‍കാം. നിങ്ങള്‍ അഴിമതി എന്നു പറയുന്നതിനെ ഞങ്ങള്‍ നിയമമാക്കുന്നു. ഏത് സ്വര്‍ണവും ചിലര്‍ ചെമ്പാക്കുമെന്നാണ് തേലക്കാടിന്റെ ലേഖനം പറയുന്നത്.

വടക്കേ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ പശുമാംസവുമായി പോകുന്നവനെ കൊല്ലുന്നത് ‘സുകൃത’മാണ്. അങ്ങനെ ചെയ്യുന്നവരെ സംരക്ഷിക്കുന്ന ഒരു പൊതുബോധമുണ്ട്. അത് ആ വിധത്തില്‍ കുറ്റമല്ലാതായി മാറ്റിമറിക്കപ്പെടും. എന്താണ് ക്രിമിനല്‍ കുറ്റം എന്ന് നിശ്ചയിക്കുന്നത് ഒരു പൊതുബോധത്തിന്റെ പ്രത്യയശാസ്ത്രമാണ്. അതിനു പേരുകള്‍ മാറിമാറി വരും.
2025 ആഗസ്റ്റില്‍ ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ മതപരിവർത്തനം ആരോപിച്ച് രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു. എന്‍ഐഎ തന്നെ കേസ് ഏറ്റെടുത്ത് വളരെ ഗൗരവമായ കുറ്റങ്ങള്‍ ചുമത്തി. അവര്‍ ആ കുറ്റങ്ങള്‍ ചെയ്തു എന്നു പറഞ്ഞത് അവിടത്തെ മുഖ്യമന്ത്രിയാണ്. അവിടുത്തെ പൊതുബോധമാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെ കന്യാസ്ത്രീകള്‍ കുറ്റക്കാരായി എന്ന് ലേഖനം ചൂണ്ടിക്കാട്ടി.
സ്വര്‍ണം ചെമ്പാക്കുന്ന അധികാരി വര്‍ഗമാണ് സമസ്ത മേഖലകളിലും പിടിമുറുക്കിയിരിക്കുന്നതെന്നും പോള്‍ തേലക്കാട് ഓര്‍മ്മിപ്പിക്കുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here