തന്ത്രിയുടെ അറസ്റ്റില്‍ ബിജെപിക്ക് സംശയം; മന്ത്രിയെ പിടിക്കാത്ത SIT നടപടികള്‍ ദുരൂഹമെന്ന് വിമര്‍ശനം

ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠര് രാജീവരരുടെ അറസ്റ്റില്‍ വിമര്‍ശനവുമായി ബിജെപി. തന്ത്രിയുടെ അറസ്റ്റ് ശ്രദ്ധ തിരിക്കാന്‍ എന്ന വിമര്‍ശനമാണ് ബിജെപി ഉയര്‍ത്തുന്നത്. സ്വര്‍ണക്കൊള്ളയില്‍ വലിയ രാഷ്ട്രീയ നേതാക്കളുണ്ട്. അവരിലേക്ക് അന്വേഷണം എത്തുന്നില്ല. എസ്‌ഐടിയുടെ നീക്കങ്ങള്‍ ദുരൂഹമാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര് പറഞ്ഞു. സിപിഎം കോണ്‍ഗ്രസ് കുറുവ സംഘമാണ് എല്ലാ കൊള്ളയും നടത്തുന്നതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

തന്ത്രി കണ്ഠര് രാജീവരുടെ ചെങ്ങന്നൂരിലെ വീട്ടിലെത്തി ബിജെപി നേതാക്കള്‍ പിന്തുണ അറിയിച്ചു. ആലപ്പുഴ സൌത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വചസ്പതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിലെത്തിയത്. സൗഹൃദ സന്ദര്‍ശനം എന്നാണ് ഇതിന് നല്‍കിയിരിക്കുന്ന പ്രതികരണം. തന്ത്രിയുടെ അറസ്റ്റില്‍ സംശയങ്ങളുണ്ടെന്നും എന്തിനായിരുന്നു ഇത്ര തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്തതെന്ന് വ്യക്തമാക്കണമെന്നും സന്ദീപ് വചസ്പതി ആവശ്യപ്പെട്ടു. ദേവസ്വം മന്ത്രിമാരായിരുന്ന മൂന്ന് പേര്‍ പുറത്തുണ്ടെന്നിരിക്കെയാണ് തന്ത്രിയെ തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്തത്. കേസിന്റെ മെറിറ്റിലേക്ക് പോകുന്നില്ലെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും സന്ദീപ് പറഞ്ഞു.

ഇന്നലെയാണ് തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജീവപര്യന്തം തടവു ശിക്ഷവരെ കിട്ടാവുന്ന ഗുരുതര കുറ്റങ്ങള്‍. വിശ്വാസവഞ്ചന, വസ്തുക്കളുടെ ദുരുപയോഗം, വ്യാജരേഖ നിര്‍മാണത്തിന്റെ വിവിധ വകുപ്പുകള്‍ എന്നിവയാണ് തന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഗൂഢാലോചനയ്ക്കും അഴിമതി നിരോധന നിയമത്തിനും പുറമേയാണിത്. ദ്വാരപാലക ശില്‍പ കേസിലും തന്ത്രിയെ പ്രതി ചേര്‍ക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top