ശബരിമല സ്വര്‍ണക്കൊള്ള കേസ് തന്ത്രിമാര്‍ക്കും കുരുക്കായേക്കും; പത്മകുമാറിന്റെ മൊഴിയുടെ ലക്ഷ്യമെന്ത്?

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രി കുടുംബാംഗങ്ങള്‍ക്ക് എതിരെയുള്ള മൊഴികള്‍ വിശ്വാസികള്‍ക്കിടയില്‍ അമ്പരപ്പും അതൃപ്തിയും സൃഷ്ടിച്ചിരിക്കുകയാണ്. ശബരിമല ക്ഷേത്രത്തിനെ സംബന്ധിച്ച് അവസാന വാക്കായി കരുതപ്പെടുന്ന തന്ത്രിമാര്‍ തന്നെ ആരോപണ വിധേയരായത് ഗൗരവമേറിയ കാര്യമാണ്.
സ്വര്‍ണക്കൊള്ളയിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രി കണ്ഠരര് രാജീവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പത്മകുമാറിന്റെ മൊഴിയാണ് തന്ത്രി കുടുംബാംഗങ്ങളെ സംശയ നിഴലില്‍ നിര്‍ത്തുന്നത്. തന്ത്രിമാരെ സംശയ നിഴലില്‍ നിര്‍ത്തി കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള നീക്കം രാഷ്ടീയ നേതാക്കള്‍ നടത്തുകയാണോ എന്നും സംശയിക്കുന്നവരുണ്ട്.
ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ എത്തിയത് തന്ത്രി കണ്ഠരര് രാജീവരുടെ അറിവോടെയാണ് എന്നാണ് പത്മകുമാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുളളത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ തനിക്ക് പരിചയപ്പെടുത്തിയതും തന്ത്രിയാണ്. അതുകൊണ്ടാണ് പോറ്റിയെ വിശ്വസിച്ചതും കൂടുതല്‍ അടുപ്പം കാട്ടിയതും. കട്ടിളപ്പാളിയും ദ്വാരപാലക ശില്‍പ്പങ്ങളും സ്വര്‍ണ്ണം പൂശാനായി സന്നിധാനത്ത് നിന്ന് ചെന്നൈയിലേക്ക് കൊടുത്തുവിടുന്നതിന് തന്ത്രിമാര്‍ അനുവാദം നല്കിയതായും പത്മകുമാര്‍ തറപ്പിച്ചു പറയുന്നു.

തന്ത്രിമാരെക്കൂടി സംശയ നിഴലില്‍ നിര്‍ത്തുന്നതിന് പിന്നില്‍ മറ്റെന്തെങ്കിലും രാഷ്ട്രീയ ലക്ഷ്യമുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ടുണ്ടായ ക്രമക്കേടുകള്‍ക്കും കൊള്ളയ്ക്കും തന്ത്രിയുടെ പിന്തുണ ഉണ്ടായിരുന്നു എന്ന മട്ടിലുള്ള പ്രചരണങ്ങള്‍ പോലും വിശ്വാസികള്‍ക്കിടയില്‍ വലിയ അതൃപ്തിക്ക് ഇടയാക്കുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.
ഉണ്ണികൃഷ്ണന്‍ പോറ്റിയെ തനിക്ക് അറിയാം. എന്നാല്‍ അയാളെ ശബരിമലയില്‍ കൊണ്ടുവന്നത് താനല്ല എന്നുമാണ് കണ്ഠരര് രാജീവരുടെ നിലപാട്. സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് തന്ത്രിമാരായ കണ്ഠരര് രാജീവരുടെയും മോഹനരരുടെയും മൊഴി ഇക്കഴിഞ്ഞ ദിവസം എസ്‌ഐടി രേഖപ്പെടുത്തിയിരുന്നു.
സ്വര്‍ണപ്പാളിയില്‍ അനുമതി നല്‍കിയത് ഉദ്യോഗസ്ഥര്‍ പറഞ്ഞതു പ്രകാരമാണെന്നും ദൈവഹിതം നോക്കി നല്‍കുക മാത്രമാണ് തന്ത്രിമാരുടെ ചുമതലയെന്നുമാണ് മൊഴി നല്‍കിയത്. അന്വേഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് തന്ത്രിമാരുടെ നിര്‍ണായക മൊഴി എടുത്തത്.
ശബരിമല ക്ഷേത്രത്തിലെ ആചാരസംബന്ധമായ കാര്യത്തിനുള്ള അവസാനവാക്ക് താഴമണ്‍ കുടുംബത്തില്‍ നിന്നാണ്. ഐതീഹ്യ പ്രകാരം കേരളം സൃഷ്ടിച്ച പരശുരാമനില്‍ നിന്ന് ലഭിച്ച ദൈവികമായ അവകാശം പവിത്രമായി കാത്തുസൂക്ഷിക്കുന്ന താഴമണ്‍ കുടുംബം താമസിക്കുന്നത് ചെങ്ങന്നൂരില്‍ പമ്പാനദിയുടെ തീരത്താണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here