ശബരിമല സ്വർണ്ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണ്ണായക വഴിത്തിരിവ്. ശബരിമല തന്ത്രി കണ്ഠരര് രാജീവരിനെ അറസ്റ്റ് ചെയ്തു. പ്രത്യേക അന്വേഷണ സംഘം (SIT) കസ്റ്റഡിയിലെടുത്ത് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് സ്വർണ്ണം കവർന്ന മുറിയുടെ വാതിൽ തുറന്നു കൊടുത്തത് തന്ത്രിയാണെന്ന കണ്ടെത്തലിനെ തുടർന്നാണ് ഈ നീക്കം. തന്ത്രപരമായ നീക്കത്തിലൂടെ തന്ത്രിയുടെ മുൻകൂർ ജാമ്യാപേക്ഷ തടയാൻ അന്വേഷണ സംഘത്തിന് സാധിച്ചു. കൊച്ചിയിലെ എസ്ഐടി ഓഫീസിലെത്തിച്ചാണ് ചോദ്യം ചെയ്തത്.
സ്വർണ്ണം പുറത്തേക്ക് കൊണ്ടുപോകാൻ താൻ അനുമതി നൽകിയിട്ടില്ലെന്ന തന്ത്രിയുടെ വാദം അന്വേഷണ സംഘം തള്ളി. സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട് തന്ത്രി നൽകിയ ചില അനുമതികൾ സംശയകരമാണ്.സ്വർണ്ണത്തട്ടിപ്പ് നടന്ന വിവരം തന്ത്രിക്ക് നേരത്തെ അറിയാമായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ദേവസ്വം ബോർഡിൽ നിന്ന് ശമ്പളം കൈപ്പറ്റുന്ന തന്ത്രി അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, കേസിലെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും രംഗത്തെത്തി. കള്ളപ്പണം തടയൽ നിയമപ്രകാരം ഇസിഐആർ രജിസ്റ്റർ ചെയ്ത് ഇഡി അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് എഫ്ഐആറിലുള്ള മുഴുവൻ പേരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയാണ് ഇഡിയുടെ അന്വേഷണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here