ശബരിമല സ്വർണക്കൊള്ള! കട്ടിളപ്പാളി മാറ്റിയിട്ടില്ലെന്ന് ഉണ്ണികൃഷ്ണൻ പോറ്റി; കുറ്റപത്രം വൈകും

ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി പ്രത്യേക അന്വേഷണ സംഘത്തിന് പുതിയ മൊഴി നൽകി. ശബരിമലയിലെ ശ്രീകോവിൽ വാതിലിന്റെ കട്ടിളപ്പാളി മാറ്റിയിട്ടില്ലെന്നും പഴയ വാതിലിൽ നിന്ന് സ്വർണം നീക്കം ചെയ്തിട്ടില്ലെന്നുമാണ് പോറ്റിയുടെ പുതിയ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് നീളാൻ സാധ്യതയുണ്ട്. വിക്രം സാരാഭായ് സ്പേസ് സെന്ററിലെ ശാസ്ത്രജ്ഞർ നടത്തിയ പരിശോധനാ ഫലങ്ങൾ കൂടുതൽ വ്യക്തതയ്ക്കായി വിശകലനം ചെയ്തു വരികയാണ്. സങ്കീർണ്ണമായ ശാസ്ത്രീയ റിപ്പോർട്ടിലെ വിവരങ്ങൾ പൂർണ്ണമായി മനസ്സിലാക്കാൻ ശാസ്ത്രജ്ഞരുടെ മൊഴി എടുത്തു തുടങ്ങി. 1998ൽ ഉണ്ടായിരുന്ന സ്വർണപ്പാളികളും 2019ൽ പോറ്റി തിരികെ നൽകിയ പാളികളും തമ്മിലുള്ള വ്യത്യാസം കണ്ടെത്താനാണ് ശ്രമം. പരിശോധനയിൽ സ്വർണത്തിന് പകരം നിക്കൽ, അക്രിലിക് പോളിമർ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയത് കേസിൽ നിർണ്ണായകമായിട്ടുണ്ട്.

ഫെബ്രുവരി പത്തിനകം കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. എന്നാൽ ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാകാത്തതും കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യാനുള്ളതും ഇതിന് തടസ്സമാകുന്നുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ കുറ്റപത്രം നൽകിയില്ലെങ്കിൽ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള പ്രതികൾക്ക് നിയമപരമായി ജയിൽ മോചിതരാകാൻ സാധിക്കും. നഷ്ടപ്പെട്ട സ്വർണത്തിന്റെ കൃത്യമായ അളവ് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ എസ്ഐടി സംഘം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top