കുടുക്കിയതെന്ന് പോറ്റി; എല്ലാവരും നിയമത്തിന് മുന്നില്‍ വരുമെന്നും പ്രതികരണം; ഈ മാസം 30വരെ SIT കസ്റ്റഡിയില്‍

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഈ മാസം മുപ്പത് വരെ കസ്റ്റഡിയില്‍ വിട്ടു. റാന്നി കോടതിയാണ് പോറ്റിയെ പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ച് കസ്റ്റഡി അനുവദിച്ചത്. രണ്ടു കിലോയോളം സ്വര്‍ണം ശബരിമലയില്‍ നിന്ന് പോറ്റി കടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് വീണ്ടെടുക്കാനുള്ള ശ്രമങ്ങളാകും അന്വേഷണസംഘം ഇനി നടത്തുക. കേസില്‍ ഏറെ നിര്‍ണ്ണായകവും സ്വര്‍ണം കണ്ടെത്തലാണ്.
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നടപടി ആചാരലംഘനമാണെന്ന് എസ്‌ഐടി കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. ഇതിന് ദേവസ്വം ഉദ്യോഗസ്ഥരുടെ അടക്കം പിന്തുണ ലഭിച്ചിട്ടുണ്ട്. സ്മാര്‍ട്ട് ക്രിയേഷൻസിന്റെ സഹായത്തോടെയാണ് സ്വര്‍ണം വേര്‍തിരിച്ചത് എന്നും റിപ്പോര്‍ട്ടിലുണ്ട്. സമാനമായ കുറ്റം പ്രതി നേരത്തേയും നടത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രതിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തണമെന്നും SIT കോടതിയെ അറിയിച്ചു.
കസ്റ്റഡിയില്‍ വിട്ട ഉണ്ണികൃഷ്ണന്‍ പോറ്റി തന്നെ കുരുക്കിയതാണെന്ന് പ്രതികരിച്ചു. ‘എന്നെ കുടുക്കിയവര്‍ എല്ലാവരും നിയമത്തിന് മുന്നില്‍ വരും’ എന്നായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പ്രതികരണം. ദേവസ്വം ഉദ്യോഗസ്ഥരെ അടക്കം ഉദ്ദേശിച്ചുള്ള പ്രതികരണമാണ് പോറ്റിയില്‍ നിന്നുണ്ടായത്. കോടതിക്ക് പുറത്തിറക്കിയ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നേരെ ചെരുപ്പേറുണ്ടായി. പ്രാദേശിക ബിജെപി പ്രവര്‍ത്തകരാണ് പ്രതിക്ക് നേരെ ചെരുപ്പ് എറിഞ്ഞത്.
തിരുവനന്തപുരത്ത് 10 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്തതിന് ശേഷം പുലര്‍ച്ചെ 2.30നാണ് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ ഉച്ചയോടെയാണ് പോറ്റിയെ വീട്ടില്‍ നിന്നും SIT കസ്റ്റഡിയില്‍ എടുത്തത്. പിന്നാലെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലില്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ പോറ്റി പറഞ്ഞിട്ടുണ്ട്. തട്ടിപ്പ് താന്‍ ഒറ്റയ്ക്ക് അല്ല നടത്തിയത് എന്നാണ് പ്രധാനമായും പോറ്റി പറഞ്ഞിരിക്കുന്നത്. ദേവസ്വം ഉദ്യോഗസ്ഥരുടെ അടക്കം സഹായം ലഭിച്ചിട്ടുണ്ട്.
ALSO READ : സ്വര്‍ണപ്പാളി മോഷണം സിപിഎം ഊരാക്കുടുക്കില്‍; പതിവ് ന്യായീകരണം കൊണ്ട് രക്ഷപ്പെടാനാവില്ല
കട്ടിളപ്പാളി സ്വര്‍ണം പൂശാനുള്ള സ്‌പോണ്‍സറായാണ് തട്ടിപ്പ് തുടങ്ങി. ആദ്യം സ്വര്‍ണം അടിച്ചു മാറ്റാനല്ല പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പൂജ നടത്തി പണപ്പിരിവായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍ ആ പദ്ധതി വിജയിച്ചില്ല. മൂന്ന് ലക്ഷത്തോളം നഷ്ടം വന്നു. അതോടെയാണ് മുരാരി ബാബുവടക്കമുള്ള ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്വര്‍ണം അടിച്ചുമാറ്റിയത്. സ്വര്‍ണം എന്ന് ഒഴിവാക്കി ചെമ്പെന്ന് രേഖപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കെല്ലാം പ്രത്യുപകാരം ചെയ്തിട്ടുണ്ടെന്നും പോറ്റി മൊഴി നല്‍കിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here 
		 
		 
		 
		 
		