പോറ്റിയുമായി SIT റാന്നിയിലേക്ക്; അറസ്റ്റ് രേഖപ്പെടുത്തിയത് പുലര്‍ച്ചെ; സ്വര്‍ണം അടിച്ചുമാറ്റിയതിലെ മൊഴി സിപിഎമ്മിനേയും ഞെട്ടിക്കുന്നത്

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പ്രത്യേക അന്വേഷണസംഘം റാന്നിയിലേക്ക്. തിരുവനന്തപുരത്ത് 10 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്തതിന് ശേഷം പുലര്‍ച്ചെ 2.30നാണ് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ ഉച്ചയോടെയാണ് പോറ്റിയെ വീട്ടില്‍ നിന്നും SIT കസ്റ്റഡിയില്‍ എടുത്തത്. പിന്നാലെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യല്‍. ഇതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്ന് റാന്നി കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനാണ് പ്രത്യേക സംഘത്തിന്റെ തീരുമാനം. കസ്റ്റഡിയില്‍ വിശദമായി ചോദ്യം ചെയ്യും. ഇതിലൂടെ കൂടുതല്‍ വ്യക്തത സ്വര്‍ണക്കൊള്ളയില്‍ വ്യക്തത വരും എന്നാണ് കരുതുന്നത്. കൊള്ള ചെയ്യപ്പെട്ട സ്വര്‍ണം കണ്ടെത്തുകയാണ് പ്രധാന വെല്ലുവിളി. 474 ഗ്രാം സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് തിരിച്ച് നല്‍കിയെന്ന് സ്മാര്‍ട്ട് ക്രിയേഷന്‍സ് മൊഴി നല്‍കിയിട്ടുണ്ട്. കൂടാതെ 11 ഗ്രാം സ്വര്‍ണം കൂടി പോറ്റിയുടെ കൈയ്യില്‍ അധികമായി ഉണ്ടെന്നാണ് രേഖകള്‍. ഇവയെല്ലാം കണ്ടെത്താനുണ്ട്. ഇതിനാണ് പോറ്റിയെ വിശദമായി ചോദ്യം ചെയ്യാനുള്ള നീക്കം.
ഉണ്ണികൃഷ്ണന്‍ പോറ്റിയും സ്മാര്‍ട്ട് ക്രിയേഷൻസും നടത്തിയ ഇടപാടുകളില്‍ ദേവസ്വം ബോര്‍ഡിലെ ആരൊക്കെ സഹായം നൽകി എന്നാണ് പ്രധാനമായും കണ്ടെത്താനുള്ളത്. രണ്ട് ബോര്‍ഡുകളുടെ സമയത്താണ് ഈ ക്രമക്കേടുകളെല്ലാം നടന്നത്. സ്വര്‍ണപ്പാളികള്‍ എന്ന് എല്ലാവര്‍ക്കും അറിയാവുന്ന ശ്രീകോവിലിന്ർറെ ഭാഗങ്ങള്‍ രേഖകളില്‍ ചെമ്പാകുന്നത് ഉദ്യോഗസ്ഥര്‍ മാത്രം അറിഞ്ഞാല്‍ നടക്കുന്ന കാര്യമല്ല.
ദ്വാരപാലക ശില്‍പ്പപാളികളിലെ സ്വര്‍ണക്കൊള്ള, കട്ടിളപ്പടിയിലെ സ്വര്‍ണപ്പാളി അട്ടിമറി എന്നിങ്ങനെ രണ്ടു കേസുകളാണ് പ്രത്യേകസഘം അന്വേഷിക്കുന്നത്. ഈ രണ്ട് കേസിലും ഒന്നാം പ്രതിയാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റി. ഉദ്യോഗസ്ഥര്‍ക്ക് പുറമേ ഭരണസമിതിയും തനിക്ക് സഹായം നല്‍കിയതായി പോറ്റി ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയിട്ടുണ്ട് എന്ന വിവരവും പുറത്തു വരുന്നുണ്ട്. ഇത്തരത്തില്‍ സഹായിച്ചവര്‍ക്കെല്ലാം പ്രത്യുപകാരം ചെയ്തിട്ടുണ്ടെന്നും പോറ്റി പറഞ്ഞതായാണ് വിവരം. എ പത്മകുമാര്‍, എന്‍ വാസു തുടങ്ങിയവര്‍ ദേവസ്വം പ്രസിഡന്റായിരുന്ന സമയത്താണ് ഈ ക്രമക്കേടുകള്‍ നടന്നിരിക്കുന്നത്. അതാണ് സിപിഎമ്മിനേയും കുഴക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here