വാജിവാഹനം തന്ത്രിയുടെ വീട്ടിൽ, അഷ്ടദിക്ക്പാലകരെ കാണാനില്ല; ശബരിമലയിൽ ദുരൂഹത തുടരുന്നു

ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം പുതിയ തലങ്ങളിലേക്ക്. 2017-ൽ ശബരിമലയിൽ പുതിയ കൊടിമരം മാറ്റിസ്ഥാപിച്ചതുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങളും ഇനി എസ്ഐടി സംഘത്തിന്റെ അന്വേഷണ പരിധിയിൽ വരും. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് ഈ സുപ്രധാന നീക്കം. 2017 ജൂൺ മാസത്തിൽ നടന്ന കൊടിമരം മാറ്റിസ്ഥാപിക്കൽ നടപടികളും എസ്ഐടി പരിശോധിക്കും. കൊടിമരത്തിന്റെ നിർമ്മാണത്തിന് ഉപയോഗിച്ച സ്വർണ്ണത്തിന്റെ അളവിലും നിർമ്മാണ രീതിയിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ശബരിമല തന്ത്രി കണ്ഠര് രാജീവരേയും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെയും ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തപ്പോഴാണ് കൊടിമരത്തിൽ അറ്റകുറ്റപണികൾ നടന്നതിനെ കുറിച്ചുള്ള നിർണ്ണായക സൂചനകൾ ലഭിച്ചത്.

പഴയ കൊടിമരത്തിന്റെ മുകളിലുണ്ടായിരുന്ന അമൂല്യമായ വാജിവാഹനം (കുതിരയുടെ രൂപം) തന്ത്രി കണ്ഠര് രാജീവരുടെ വീട്ടില്‍ നിന്ന് എസ്.ഐ.ടി കണ്ടെടുത്തിട്ടുണ്ട്. കട്ടിളപ്പാളി കേസുമായി ബന്ധപ്പെട്ട അറസ്റ്റിന് പിന്നാലെ തന്ത്രിയുടെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് ഇത് പിടിച്ചെടുത്തത്. 11 കിലോ തൂക്കം വരുന്ന ഈ ശില്‍പ്പം പഞ്ചലോഹത്തില്‍ തീര്‍ത്ത് സ്വര്‍ണ്ണം പൊതിഞ്ഞതാണ്. രാജഭരണകാലത്ത് ശബരിമല ക്ഷേത്രത്തിന് സമ്മാനമായി ലഭിച്ച അതീവ പുരാതനമായ ഒന്നാണിത്. ദേവസ്വം രേഖകളില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ള ഈ പൊതുസ്വത്താണ് തന്ത്രി സ്വന്തം വീട്ടിലേക്ക് കടത്തിയത്.

Also Read : ശബരിമല തന്ത്രിയെ രണ്ടാമത്തെ കേസിലും അറസ്റ്റ് ചെയ്യും; ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് എസ്‌ഐടി കണ്ടെത്തല്‍

വാജിവാഹനം കണ്ടെത്തിയെങ്കിലും പഴയ കൊടിമരത്തിലുണ്ടായിരുന്ന അഷ്ടദിക്ക്പാലകന്മാരുടെ ശില്‍പ്പങ്ങളെക്കുറിച്ച് ഇപ്പോഴും വിവരമില്ല. എട്ട് ദിശകളുടെ അധിപന്മാരായ ദേവന്മാരുടെ ഈ ശില്‍പ്പങ്ങളും വര്‍ഷങ്ങളുടെ പഴക്കമുള്ളവയും സ്വര്‍ണ്ണം പൂശിയവയുമായിരുന്നു. ദേവസ്വം വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ഇവ സ്ട്രോങ്ങ് റൂമിലോ മറ്റേതെങ്കിലും ഔദ്യോഗിക കേന്ദ്രങ്ങളിലോ എത്തിയിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്.തന്ത്രിയുടെ പക്കല്‍ വാജിവാഹനം ഉണ്ടായിരുന്ന സാഹചര്യത്തില്‍, അഷ്ടദിക്ക്പാലകരെക്കുറിച്ചും അദ്ദേഹത്തിന് അറിവുണ്ടാകാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

അന്തരിച്ച പ്രയാർ ഗോപാലകൃഷ്ണൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്താണ് ശബരിമലയിൽ പുതിയ കൊടിമരം സ്ഥാപിച്ചത്. വലിയ ആചാരങ്ങളോടെയും ആഘോഷങ്ങളോടെയുമാണ് അന്ന് നിർമ്മാണം പൂർത്തിയാക്കിയത്. എന്നാൽ, ശബരിമലയിലെ സ്വർണ്ണ ഉരുപ്പടികളിൽ വലിയ തോതിലുള്ള കുറവ് കണ്ടെത്തിയ സാഹചര്യത്തിൽ, മുൻകാലങ്ങളിൽ നടന്ന വലിയ നിർമ്മാണ പ്രവർത്തനങ്ങളും പരിശോധിക്കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. നിലവിൽ സ്വർണ്ണക്കൊള്ളയെക്കുറിച്ച് അന്വേഷിക്കുന്ന എസ്.ഐ.ടിക്ക് കൊടിമര നിർമ്മാണത്തിലെ സാമ്പത്തിക സ്രോതസ്സുകളും സ്വർണ്ണ വിനിയോഗവും സംബന്ധിച്ച രേഖകൾ പരിശോധിക്കാൻ പൂർണ്ണ അധികാരമുണ്ടാകും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top