ശബരിമല വിമാനത്താവള പദ്ധതിരേഖ സമര്‍പ്പിച്ചു; ഡിപിആര്‍ കേന്ദ്രം അംഗീകരിച്ചാല്‍ അഞ്ചാമത്തെ എയര്‍പോര്‍ട്ട്

കോട്ടയം ജില്ലയിലെ ചെറുവള്ളിയില്‍ സ്ഥാപിക്കാനൊരുങ്ങുന്ന ശബരിമല അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് (Detailed Project Report-DPR) കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു. മൊത്തം പദ്ധതി ചെലവ് 7047 കോടി രൂപയാകുമെന്നാണ് വിലയിരുത്തുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഡിപിആര്‍ അംഗീകരിച്ച ശേഷം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സമര്‍പ്പിച്ചത്.
വിമാനത്താവള നിര്‍മ്മാണത്തിന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അന്തിമ അനുമതി നല്കിയാല് ശബരിമല വിമാനത്താവളം സംസ്ഥാനത്തെ അഞ്ചാമത്തെ വിമാനത്താവളമായി മാറും. നിലവില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ രാജ്യത്ത് ഉത്തര്‍പ്രദേശില്‍ മാത്രമാണ് അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ശബരിമല തീര്‍ത്ഥാടകരെ ഉദേശിച്ചാണ് ഈ വിമാനത്താവളം നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്.
ബിലീവേഴ്സ് ചര്‍ച്ചിന്റെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്റ്റേറ്റ് ഉള്‍പ്പെടെ 2570 ഏക്കറാണ് വിമാനത്താവളത്തിനും അനുബന്ധ വികസനത്തിനുമായി ഏറ്റെടുക്കുക. എരുമേലി സൗത്ത്, മണിമല വില്ലജുകളിലായി 245 പേരുടെ ഭൂമിയും പദ്ധതിക്കായി ഏറ്റെടുക്കുന്നുണ്ട്. പ്രതിവര്‍ഷം 70 ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കന്നത്. 3500 മീറ്റര്‍ നീളമുള്ള റണ്‍വെയാണ് നിര്‍ദ്ദിഷ്ട വിമാനത്താവളത്തിനായി നിര്‍മ്മിക്കുന്നത്. കോട്ടയം – പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തിയിലാണ് വിമാനത്താവളം നിര്‍മ്മിക്കുന്നത്.
ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കല്‍ നടപടികള്‍ അന്തിമ കോടതിവിധി അനുസരിച്ചായിരിക്കും. ഇപ്പോള്‍ കോടതിയില്‍ പണം കെട്ടിവെച്ചാണ് പ്രാരംഭ നടപടികള്‍ നടത്തുന്നത്. ചെറുവള്ളി എസ്റ്റേറ്റ് തൊഴിലാളികളുടെ പുനരധി വാസവും നഷ്ടപരിഹാരവും പ്രത്യേക പാക്കേജ് അടിസ്ഥാനത്തില്‍ ആയിരിക്കും. നിര്‍മാണഘട്ടത്തില്‍ ചുരുങ്ങിയത് 8,000 പേര്‍ക്കും പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ 600 പേര്‍ക്കും തൊഴില്‍ ലഭിക്കുമെന്നാണ് കരുതുന്നത്.
ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകള്‍ക്ക് പുറമെ തമിഴ്നാട്ടിലെ ചില പ്രദേശങ്ങള്‍ക്കും ഉപയോഗപ്പെടുന്നതാണ് നിര്‍ദ്ദിഷ്ട ശബരി വിമാനത്താവളം. കേരളത്തിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയിലേക്കും തീര്‍ത്ഥാടകര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ ഇതുവഴി കഴിയും. പമ്പയില്‍ നിന്ന് 50 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. വിനോദസഞ്ചാര, വ്യവസായ മേഖലക്കും പുത്തനുണര്‍വ് നല്കാന് വിമാനത്താവളം സഹായിക്കും. കോട്ടയം ടൗണില്‍ നിന്നും 40 കിലോമീറ്ററും പത്തനംതിട്ട ടൗണില്‍ നിന്ന് 30 കിലോമീറ്ററും ദൂരത്തിലായതിനാല്‍ വിദേശമലയാളികള്‍ക്കും ഏറെ സഹായമാകുന്ന പദ്ധതിയാണിത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here