ശബരിമല വരുമാനം 332.77 കോടി; ഇന്ന് നട അടയ്ക്കും; ഭക്തര്‍ക്ക് സുഖദര്‍ശനം ഉറപ്പാക്കാന്‍ സാധിച്ചെന്ന് ദേവസ്വം ബോര്‍ഡ്

ശബരിമലയിലെ മണ്ഡലകാലത്തിന് സമാപനമാകുന്നു. ഇന്ന് രാത്രി പത്തുമണിക്ക് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ സീസണ്‍ കഴിയും. വലിയ ഭക്തജന തിരക്കാണ് ഇത്തവണ അനുഭവപ്പെട്ടത്. 30 ലക്ഷത്തില്‍ അധികം ഭക്തര്‍ എത്തിയെന്നാണ് കണക്ക്. ഇതോടെ വരുമാനത്തിലും വലിയ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. ഇന്നലെ വരെ വരുമാനം 332,77,05132 രൂപയാണ്. കാണിക്ക, അപ്പം, അരവണ, മുറിവാടക, കുത്തകലേലം അടക്കമുള്ള വരുമാനമാണിത്.
കഴിഞ്ഞവര്‍ഷം 41 ദിവസം പിന്നിട്ടപ്പോള്‍ 297,06,67,679 രൂപയായിരുന്നു വരുമാനം. ഈ വര്‍ഷം 35.70 കോടി രൂപയാണ് അധികമായി ലഭിച്ചത്. കഴിഞ്ഞവര്‍ഷം കാണിക്കയായി ലഭിച്ചത് 80,25,74,567 രൂപയാണ്. ഇത്തവണ അത് 83,17,61,509 രൂപയാണ്. ഇന്നത്തെ കണക്കുകള്‍ കൂടി എടുക്കുമ്പോള്‍ വലിയ വര്‍ദ്ധനയാകും ഉണ്ടാവുക.
തിരക്കുള്ള ദിവസങ്ങളില്‍ പോലും ഭക്തര്‍ക്ക് സുഖദര്‍ശനം ഉറപ്പാക്കാന്‍ സാധിച്ചതായി ദേവസ്വം ബോര്‍ഡെന്ന് പ്രസിഡന്റ് കെ. ജയകുമാര്‍ പറഞ്ഞു. ആദ്യത്തെ ഒരു ദിവസത്തെ ആശയക്കുഴപ്പമൊഴിച്ചാല്‍ ബാക്കി എല്ലാം ഭംഗിയായി നടന്നു. പരാതികള്‍ അപ്പേപ്പോള്‍ പരിഹരിക്കുന്ന നിലപാടാണ് ബോര്‍ഡും എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിലുള്ള ജീവനക്കാരും സ്വീകരിച്ചിട്ടുള്ളത്. ഇത്രയും പേര്‍ വരുന്ന സ്ഥലത്ത് പരാതികള്‍ സ്വഭാവികമാണ്. ഇന്ന് നട അടയ്ക്കുമ്പോള്‍ മുതല്‍ അരവണയുടെ ഉല്‍പാദനത്തില്‍ വര്‍ദ്ധന വരുത്തും. മകരവിളക്കിനായി നട തുറക്കുമ്പോള്‍ 12 ലക്ഷം ടിന്‍ അരവണയുടെ കരുതല്‍ ശേഖരമുണ്ടാകും. പത്ത് എന്ന നിയന്ത്രണം തുടര്‍ന്നാല്‍ ശേഷിക്കുന്ന കാലയളവില്‍ പ്രശ്നമുണ്ടാകില്ല. കൂടുതല്‍ വേണ്ടവര്‍ക്ക് ജനുവരി 20ന് ശേഷം തപാല്‍മാര്‍ഗം അയക്കുന്നതിനുള്ള നടപടികള്‍ ബോര്‍ഡ് സ്വീകരിക്കുമെന്നും ജയകുമാര്‍ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here