‘എൻ.എസ്.എസിനെ ഇടതുപക്ഷത്തിൻ്റെ തൊഴുത്തിൽ കെട്ടി’; സുകുമാരൻ നായർക്കെതിരെ പ്രമേയം

ശബരിമല വിഷയത്തിലെ സർക്കാർ അനുകൂല നിലപാടിനെ തുടർന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ സംഘടനയ്ക്കുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. ആലപ്പുഴയിലെ തലവടി ശ്രീദേവി വിലാസം 2280 നമ്പർ കരയോഗം സുകുമാരൻ നായർ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രമേയം.
കുട്ടനാട് താലൂക്ക് യൂണിയൻ പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് നിർണ്ണായക പ്രമേയം പാസാക്കിയത്. സുകുമാരൻ നായർ എൻ.എസ്.എസിനെ ‘സ്വാർത്ഥ ലാഭത്തിനായി ഇടതുപക്ഷത്തിന് തൊഴുത്തിൽ കൊണ്ടുപോയി കെട്ടി. എൻ.എസ്.എസിന്റെസംഘടനയുടെ അടിസ്ഥാന മൂല്യങ്ങളും താൽപര്യങ്ങളും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും, അതിനായി സുകുമാരൻ നായർ മാറി നിൽക്കണമെന്ന ആവശ്യവുമാണ് പ്രമേയത്തിലുള്ളത്.
Also Read : പ്രതിഷേധങ്ങൾക്ക് പുല്ലുവില; നിലപാടിൽ ഉറച്ച് സുകുമാരൻ നായര്‍
നിലവിലെ സർക്കാർ അനുകൂല നിലപാട് സംബന്ധിച്ച് താഴെത്തട്ടിലുള്ളവർക്ക് വിശദീകരണം നൽകാൻ സുകുമാരൻ നായർ വിളിച്ചു ചേർത്ത അടിയന്തര യോഗം മാറ്റിവച്ചു. പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്ത് നടത്താനിരുന്ന താലൂക്ക് യൂണിയൻ പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗമാണ് മാറ്റിയത്. ഭൂരിഭാഗം ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കുന്നതിന് അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് നടപടി.
സർക്കാർ അനുകൂല നിലപാടിനെതിരെ മറ്റ് പല കരയോഗങ്ങളിൽ നിന്നും വ്യക്തിപരമായ പ്രതിഷേധങ്ങളും രാജി ആവശ്യങ്ങളും ഉയർന്നിരുന്നു. പ്രതിഷേധങ്ങൾക്കിടയിലും നിലപാടിൽ ഉറച്ചു നിൽക്കുന്നതായി സുകുമാരൻ നായർ നേരത്തെ വ്യക്തമാക്കിയിരുന്നു. “അയ്യപ്പ സംഗമത്തിന് പിന്തുണ നൽകിയത് ശബരിമല വികസനത്തിന് വേണ്ടിയാണ്. എൻ.എസ്.എസ് രാഷ്ട്രീയത്തിൽ സമദൂരം തുടരും. നല്ലതിനെ അംഗീകരിക്കും, അല്ലാത്തതിനെ എതിർക്കുകയും ചെയ്യും. എൻ.എസ്.എസിനെ കമ്മ്യൂണിസ്റ്റോ കോൺഗ്രസ്സോ ആക്കാൻ ആരും ശ്രമിക്കേണ്ടെന്നും തനിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ നേരിടാൻ തയ്യാറാണെന്നും” അദ്ദേഹം പ്രതികരിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here