മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു; വന്‍ ഭക്തജന തിരക്ക്

മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു. വൈകിട്ട് അഞ്ചിന് ക്ഷേത്രം തന്ത്രി മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ മേല്‍ശാന്തി ഇടി പ്രസാദ് നടതുറന്നു. തുടര്‍ന്ന് ശബരീശന്റെ വിഗ്രഹത്തില്‍ ചാര്‍ത്തിയ വിഭൂതിയും താക്കോലും മേല്‍ശാന്തിയില്‍ നിന്നുമേറ്റുവാങ്ങിയ ശേഷം മാളികപ്പുറം മേല്‍ശാന്തി മനു നമ്പൂതിരി ഗണപതിയെയും നാഗരാജാവിനെയും തൊഴുത് മാളികപ്പുറം ശ്രീകോവിലും തുറന്നു.
മേല്‍ശാന്തി ആഴിയില്‍ അഗ്നി പകര്‍ന്നതിന് ശേഷം അയ്യപ്പഭക്തര്‍ പതിനെട്ടാം പടി ചവിട്ടി ദര്‍ശനം നടത്തി. മണ്ഡലമഹോത്സവം സമാപിച്ചശേഷം ഡിസംബര്‍ 27ന് നടയടച്ചിരുന്നു. ജനുവരി 14നാണ് മകരവിളക്ക്. ജനുവരി 19ന് രാത്രി 11 വരെ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം സാധ്യമാകും. ജനുവരി 20ന് രാവിലെ 6.30ന് നടയടയ്ക്കും. ഇന്ന് വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ 11 മണി മുതല്‍ ഭക്തരെ മല ചവിട്ടാന്‍ അനുവദിച്ചിരുന്നു. തിരക്ക് അനുസരിച്ച് മാത്രമേ നിലയ്ക്കലില്‍ നിന്ന് അയ്യപ്പന്‍മാരെ കടത്തിവിടുകയുള്ളൂ. അത് അനുസരിച്ച് മാത്രമേ സ്‌പോട്ട് ബുക്കിങ് സ്ലോട്ടുകള്‍ അനുവദിക്കുകയുള്ളൂ.
ശബരിമലയില്‍ സുരക്ഷയ്ക്കായി പോലീസിന്റെ അഞ്ചാമത്തെ ബാച്ചും ചുമതലയേറ്റു. സ്പെഷ്യല്‍ ഓഫീസര്‍ എം കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാകും സുരക്ഷ ഒരുക്കുക. ശബരിപീഠം, മരക്കൂട്ടം, സോപാനം, പതിനെട്ടാം പടി, നടപ്പന്തല്‍, യൂ-ടേണ്‍, ശരംകുത്തി, കൊടിമരം, മാളികപ്പുറം, പാണ്ടിത്താവളം, കെ എസ് ഇ ബി എന്നിവയാണ് പ്രധാന ഡ്യൂട്ടി പോയിന്റുകള്‍. ഒരു മിനുറ്റില്‍ 70 അയ്യപ്പന്മാരെ പതിനെട്ടാം പടി കടത്തി വിടണം എന്നാണ് പുതിയ സംഘത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. 10 ഡിവൈഎസ്പിമാരും, 35 സിഐമാരും, സിപിഒ, എസ്ഐ, എഎസ്ഐ, എസ് സി പി ഒ എന്നിവരുള്‍പ്പെടെ 1593 പേരാണ് പുതിയ ബാച്ചിലുള്ളത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here