ശബരിമലയില്‍ ഇഡി പ്രസാദ് നമ്പൂതിരി പുതിയ മേല്‍ശാന്തി; മാളികപ്പുറത്ത് എംജി മനു നമ്പൂതിരി

അടുത്ത് ഒരു വര്‍ഷത്തേക്കുള്ള ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തു. തുലാമാസ പുലരിയില്‍ ശബരിമല ശ്രീകോവിലിന് മുന്നിലാണ് നറുക്കെടുപ്പ് നടന്നത്. രാവിലെ എട്ടേകാലോടെ പന്തളം കൊട്ടാരത്തിലെ കശ്യപ് വര്‍മയാണ് ശബരിമല മേല്‍ശാന്തിയുടെ നറുക്കെടുത്തത്. ചാലക്കുടി കൊടകര വാസുപുരം മറ്റത്തൂര്‍കുന്ന് ഏറന്നൂര്‍ മനയില്‍ ഇഡി പ്രസാദ് നമ്പൂതിരിക്കാണ് അടുത്ത് ഒരു വര്‍ഷത്തേക്കുള്ള മേല്‍ശാന്തിക്കുള്ള നറുക്ക് വീണത്. നിലവില്‍ ആറേശ്വരം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം മേല്‍ശാന്തിയാണ് പ്രസാദ് നമ്പൂതിരി.

പന്തളം കൊട്ടാരത്തിലെ മൈഥിലി വര്‍മയാണ് മാളികപ്പുറത്തെ നറുക്കെടുത്തത്. കൊല്ലം മയ്യനാട് ആയിരംതെങ്ങ് മുട്ടത്തുമഠം എംജി മനു നമ്പൂതിരിക്കാണ് നറുക്ക് വീണത്. നിലവില്‍ കൊല്ലം കൂട്ടിക്കട ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് എംജി മനു നമ്പൂതിരി. മണ്ഡലകാലത്തിന് തുടക്കം കുറിച്ച് നടതുറക്കുമ്പോള്‍ ഇരുവരും ചുമതലയേല്‍ക്കും. പുറപ്പെടാ ശാന്തിക്കാര്‍ ആയതിനാല്‍ തുടര്‍ന്നുള്ള ഒരു വര്‍ഷം ശബരിമലയില്‍ തന്നെയാകും മോല്‍ശാന്തിമാരുടെ താമസം.

ശബരിമല മേല്‍ശാന്തിക്കുളള പട്ടികയില്‍ 14 പേരും മാളികപ്പുറത്തേക്ക് 13 പേരുമാണുണ്ടായിരുന്നത്. ഇന്റവ്യൂ അടക്കം പൂര്‍ത്തിയാക്കിയാണ് ദേവസ്വം ബോര്‍ഡ് മേല്‍ശാന്തിമാരുടെ പട്ടിക തയാറാക്കിയത്.

തുലാമാസ പൂജകള്‍ക്കായി നട തുറന്ന ഇന്നലെ മുതല്‍ വലിയ തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. രാഷ്ട്രപതിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് വലിയ സുരക്ഷാ സംവിധാനങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. നടയടക്കുന്ന 22നാണ് രാഷ്ട്രപതിയുടെ സന്ദര്‍ശനം. അന്ന് തീര്‍ത്ഥടകര്‍ക്ക് നിയന്ത്രണമുണ്ടാകും എന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top