ഏറ്റുമാനൂരൂപ്പനെ അടിച്ചു മാറ്റിയത് കെഎസ്‌യു നേതാവ്; ബാനര്‍ കൊണ്ട് ചരിത്രം മറയ്ക്കാന്‍ കഴിയില്ല; പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മന്ത്രി ബാലഗോപാല്‍

ശബരിമല വിഷയം ഉന്നയിച്ച് നിയമസഭാ നടപടി തടസപ്പെടുത്തുന്ന പ്രതിപക്ഷത്തെ കടന്നാക്രമിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. സ്പീക്കറെ ബാനര്‍ കൊണ്ട് മറച്ച് കേരളത്തിലെ ജനങ്ങളില്‍ നിന്ന് ജനാധിപത്യ ചര്‍ച്ചകള്‍ മറയ്ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. എന്നാല്‍ ഇത് കൊണ്ട് നാട്ടിലെ സത്യസന്ധമായ കാര്യങ്ങള്‍ മറയ്ക്കാന്‍ കഴിയില്ല. പുറത്ത് ബിജെപയും സഭയ്ക്കുള്ളില്‍ കോണ്‍ഗ്രസും ചേര്‍ന്ന് സര്‍ക്കാരിന് എതിരെ നാടകം കളിക്കുകയാണ്. ആര്‍എസ്എസും കോണ്‍ഗ്രസും ചേര്‍ന്നുള്ള കളികളാണ് നടക്കുന്നതെന്നും മന്ത്രി ആരോപിച്ചു.

സുപ്രീംകോടതി വരെ ചില കാര്യങ്ങളുമായി പ്രതിപക്ഷ എംഎല്‍എമാര്‍ പോയി. ഫൈന്‍ അടിക്കണോ എന്ന് ചോദിച്ച് ഓടിക്കുകയാണ് കോടതി ചെയ്തത്. ഹൈക്കോടതിയെ വെല്ലുവിളിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. ഏത് അന്വേഷണവും ആകാം എന്നാണ് സര്‍ക്കാര്‍ നിലപാട്. ഏറ്റുമാനൂരപ്പനെ അടിച്ചുമാറ്റിയ ഒരു കേസുണ്ടായിരുന്നു. അത് അന്വേഷിച്ച് വന്നപ്പോള്‍ പ്രതിയായത് തിരുവനന്തപുരത്തെ ഒരു കെഎസ്‌യു നേതാവായിരുന്നു. അക്കാര്യം ഒന്ന് ഓര്‍ക്കുന്നത് നല്ലതായിരുന്നു. എവിടെ ആയാലും തെറ്റ് ചെയ്തവര്‍ ശിക്ഷ അനുഭവിക്കണമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാരിന് എതിരെ നാടകം കളിച്ചിട്ടും കൂവിയിട്ടും കാര്യമില്ല. സര്‍ക്കാരിന് പറയേണ്ട കാര്യങ്ങള്‍ പറയും. ചര്‍ച്ച ചെയ്യാന്‍ ധൈര്യമുണ്ടെങ്കില്‍ അതിന് തയാറാകണം. അല്ലാതെ കൂവി തോല്‍പ്പിച്ചിട്ട് കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top