തിരക്ക് അപകടകരമായ രീതിയിലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്; ശബരിമലയില്‍ ഭക്തരെ നിയന്ത്രിക്കും; ദര്‍ശനമില്ലാതെ മടങ്ങുന്നവരും വര്‍ദ്ധിക്കുന്നു

മണ്ഡല – മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നശേഷം തിരക്ക് അപകടകരമായ രീതിയില്‍ വര്‍ദ്ധിക്കുന്നതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. ഇന്ന് ഉച്ചവരെ ദര്‍ശനത്തിനായി എത്തിയത് 1,96,594 പേരാണ്. ശബരിമലക്ക് ഉള്‍ക്കൊള്ളാവുന്നതിലും ഇരട്ടിപേരാണ് എത്തുന്നത്. ഭക്തര്‍ ക്യൂ നില്‍ക്കാതെ ദര്‍ശനത്തിനായി ചാടി വരുന്നതും പ്രതിസന്ധിയാകുന്നു. ഇങ്ങനെ മുന്നോട്ടു പോകാന്‍ കഴിയാത്ത സ്ഥിതായാണ്. സ്‌പോട്ട് ബുക്കിങ്ങില്‍ അടക്കം നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ജയകുമാര്‍ വ്യക്തമാക്കി.
ഭക്തരെ പടി കയറ്റിവിടുന്നത് സാവധാനമാണ് മുന്നോട്ടു പോകുന്നത്. ഇത് തിരക്ക് വര്‍ദ്ധിപ്പിക്കുകയാണ്. ഇതില്‍ പരിഹാരം കാണണം എന്ന് പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസേന ഇന്ന് എത്തും. ഇതോടെ സ്ഥിതിഗതികളില്‍ മാറ്റം വരും എന്നാണ് പ്രതീക്ഷിക്കുന്നത്. ക്യൂ കോംപ്ലക്‌സുകളുടെ ഉദ്ദേശം നടപ്പായിട്ടില്ല. ഭക്തരെ ഇക്കാര്യം പറഞ്ഞ് മനസിലാക്കണം. കൂടുതല്‍ സൗകാര്യങ്ങള്‍ നല്‍കിയാല്‍ ആളുകള്‍ അവിടെ കയറി ഇരിക്കും. ഭക്തരെ നിര്‍ബന്ധമായും ക്യൂ കോംപ്ലക്‌സില്‍ ഇരുത്തണം. എന്നാല്‍ മാത്രമേ ഭക്തര്‍ തിരക്കില്‍ ബുദ്ധിമുട്ടുന്നത് കുറയ്ക്കാന്‍ കഴിയുകയുളളൂ എന്നും ജയകുമാര്‍ പറഞ്ഞു.
സന്നിധാനത്തെ തിരക്ക് വര്‍ദ്ധിച്ചതോടെ പോലീസ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങി. നിലയ്ക്കലില്‍ നിന്നും ഭക്തരെ പമ്പയിലേക്ക് വിടുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇലവുങ്കലും വാഹനങ്ങള്‍ തടഞ്ഞു തുടങ്ങി. നിലയ്ക്കലിലെ തിരക്ക് നിയന്ത്രിക്കാനാണ് ഈ ക്രമീകരണം. ഇതോടെ ശബരിമലയിലെ തിരക്ക് ഇടത്താവളങ്ങളിലേക്കും വ്യാപിക്കുന്ന അവസ്ഥയാണ്.
അതേസമയം ദര്‍ശനം നടത്താതെ ഭക്തര്‍ മടങ്ങിയാതയും വിവരം വരുന്നുണ്ട്. ശബരിമലയിലെ തിരക്കിന്റെ കാര്യം മനസിലാക്കി പന്തളത്ത് എത്തി നെയ്യഭിഷേകം നടത്തിയാണ് ഇവര്‍ മടങ്ങിയത്. കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരാണ് മടങ്ങിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here