ഹെലികോപ്റ്റര്‍ മുകളിലോട്ട് അല്ലേ ഉയരുന്നത്, കോണ്‍ക്രീറ്റിൽ ഇത്തിരി താഴ്ന്നാലെന്താ? ജനീഷ്‌കുമാര്‍ എംഎല്‍എയുടെ വൈറല്‍ ന്യായീകരണം

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഉണ്ടായ സുരക്ഷാ വീഴ്ചയെ ന്യായീകരിച്ച് കോന്നി എംഎല്‍ ജനീഷ്‌കുമാര്‍. രാഷ്ട്പതി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ടയറുകള്‍ പ്രമാടത്തെ ഹെലിപാഡിലെ കോണ്‍ക്രീറ്റില്‍ താഴ്ന്നു എന്നത് തെറ്റായ വാര്‍ത്തയാണ് എന്നാണ് എംഎല്‍എ അവകാശപ്പെടുന്നത്. ഹെലിപാഡിലെ എച്ച് മാര്‍ക്കിലേക്ക് ഹെലികോപ്റ്റര്‍ ഇടാന്‍ പൈലറ്റിന്റെ നിര്‍ദേശിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് പോലീസുകാര്‍ തള്ളിയതെന്നും ജനീഷ്‌കുമാര്‍ പറഞ്ഞു.
കോണ്‍ക്രീറ്റില്‍ ടയര്‍ താഴ്ന്നാല്‍ എന്താണ് കുഴപ്പമെന്നും ജനീഷ് കുമാര്‍ ചോദിച്ചു. ‘പ്രസിഡന്റിന്റെ ഹെലികോപ്റ്റര്‍ ഇറങ്ങിയ ഹെലിപ്പാഡിന്റെ കോണ്‍ക്രീറ്റ് താഴ്ന്നു. അത് താഴ്ന്നാല്‍ എന്താ പ്രശ്‌നം? ഹെലികോപ്റ്റര്‍ ഉയര്‍ത്തുന്നതിനു പ്രശ്‌നമുണ്ടോ? ഇനി കോണ്‍ക്രീറ്റ് ഇത്തിരി താഴ്‌ന്നെന്നു വയ്ക്കുക. ഹെലികോപ്റ്റര്‍ മുകളിലോട്ടല്ലേ ഉയരുന്നത്”-ജനീഷ് കുമാര്‍ പറഞ്ഞു.
ഹെലികോപ്റ്ററിന്റെ ടയറുകള്‍ ഹെലിപാഡിലെ കോണ്‍ക്രീറ്റില്‍ താഴ്ന്നതായി പോലീസ് മേധാവി തന്നെ സമ്മതിച്ചിരുന്നു. നിശ്ചയിച്ച സ്ഥലത്തുനിന്ന് അഞ്ചടി മാറിയാണ് ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തത്. ഇത് ഉറയ്ക്കാത്ത കോണ്‍ക്രീറ്റ് ഉള്ള ഭാഗത്തായിപ്പോയി. ഇതോടെ ഹെലികോപ്റ്ററിനു മുന്നോട്ട് നീങ്ങാന്‍ സാധിച്ചില്ല. അതിനാലാണ് ഹെലികോപ്റ്റര്‍ തള്ളിത് എന്നുമാണ് പോലീസ് മേധാവിയുടെ വിശദീകരണം.
എന്നാല്‍ അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ലെന്നാണ് എംഎല്‍എ പറയുന്നത്. രാജ്യത്തിന്റെ പ്രഥമ പൗരയുടെ സുരക്ഷയെ ഇത്ര ലാഘവത്തോടെയാണോ കാണുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here