ശബരിമലയില്‍ സ്വര്‍ണ മേല്‍ക്കൂര പണിഞ്ഞത് താനെന്ന് വിജയ് മല്യ; ദൈവ വിശ്വാസിയെന്ന് പറയുന്ന പോഡ്കാസ്റ്റിലാണ് ഈ തുറന്നുപറച്ചില്‍

ശബരിമല ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ മേല്‍ക്കൂര മുഴുവന്‍ സ്വര്‍ണം പാകിയതു താനാണെന്ന് ഈ വര്‍ഷം ജൂണില്‍ നടത്തിയ പോഡ്കാസ്റ്റ് അഭിമുഖത്തില്‍ വ്യക്തമാക്കി വിജയ് മല്യ. ദൈവ വിശ്വാസിയാണോ എന്ന ചോദ്യത്തിനുത്തരമായിട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. “തെക്കേ ഇന്ത്യയിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. അവിടെ എല്ലാം എളിയ സംഭാവനകളും നല്‍കിയിട്ടുണ്ട്. കേരളത്തിലെ ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലിന് മുകളില്‍ സ്വര്‍ണം പതിച്ചത് താനാണ്. ശബരിമലയ്ക്കു പുറമെ തിരുപ്പതി തിരുമല ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മുന്‍ ഭാഗം മുഴുവന്‍ സ്വര്‍ണം പാകി. ഇതിനും പുറമെ മൂകാംബിക ക്ഷേത്രത്തിലെ കൊടിമരം സ്വര്‍ണം പൂശി നല്‍കി” മല്യ പറഞ്ഞു.

ALSO READ : ശബരിമല സ്വര്‍ണപ്പാളിയില്‍ ഒടുക്കം സുകുമാരന്‍ നായര്‍ മിണ്ടി; കുറ്റക്കാരെ പിടിക്കണമെന്ന ഒഴുക്കന്‍ പ്രസ്താവനയിറക്കി NSS നേതൃത്വം

ശബരിമലയിലെ ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണപാളികള്‍ ചെമ്പുപാളികളായി മാറിയതിനെക്കുറിച്ചുള്ള വിവാദം കത്തിപ്പടരുന്നതിന് ഇടയിലാണ് വിജയ് മല്യയുടെ പോഡ്കാസ്റ്റ് അഭിമുഖം വീണ്ടും വൈറലാകുന്നത്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി മല്യ ഇംഗ്ലണ്ടിലാണ് താമസം. വിവിധ ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്പ എടുത്തതിന്റെ പേരില്‍ കേസുകള്‍ നേരിടുന്ന മദ്യ വ്യവസായി 2016 ല്‍ ഇന്ത്യയില്‍ നിന്ന് ഒളിച്ചോടി ഇംഗ്ലണ്ടില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്.

ഈ വര്‍ഷം ജൂണില്‍ രാജ് ഷമാനിയുമായി നടത്തിയ പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് വ്യവസായ സാമ്രാജ്യം തകര്‍ന്നതിനെ കുറിച്ചും ദൈവ വിശ്വാസത്തെ കുറിച്ചുമൊക്കെ വിജയ് മല്യ വിശദീകരിച്ചത്. നാല് ദിവസം കൊണ്ട് ഈ അഭിമുഖം രണ്ടു കോടി എട്ട് ലക്ഷം പേരാണ് കണ്ടത്. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങി നിരവധി കുറ്റങ്ങള്‍ മല്യക്കെതിരെ ചുമത്തിയിട്ടുണ്ട്. കിങ്ഫിഷര്‍ എയര്‍ലൈന്‍സും അദ്ദേഹത്തിന്റെ മറ്റ് ചില കമ്പനികളും കോര്‍പറേറ്റ്, സാമ്പത്തിക നിയമങ്ങള്‍ ലംഘിച്ചതായും ആരോപിക്കപ്പെടുന്നുണ്ട്. 2010 മുതല്‍ 2016 വരെ മല്യ രാജ്യസഭാംഗം ആയിരുന്നു. കാലാവധി തീരുന്നതിന് ഏതാനും മാസങ്ങള്‍ അവശേഷിക്കെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് അദ്ദേഹം നാടുവിട്ടത്.

ശബരിമല ശ്രീകോവിലിന് സ്വര്‍ണം പൂശല്‍ പൂര്‍ത്തിയായ ശേഷം വിജയ് മല്യ 1998 സെപ്റ്റംബര്‍ മൂന്നിന് തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ തന്റെ വഴിപാടായിട്ടാണ് ശ്രീകോവിലില്‍ സ്വര്‍ണം പൂശിയതെന്ന് പറഞ്ഞിരുന്നു. മല്യയുടെ വാക്കുകള്‍ ഉദ്ധരിച്ച് മാതൃഭൂമി പത്രം പിറ്റേന്ന് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ‘30.3 കിലോഗ്രാം സ്വര്‍ണം ഇതിനായി വേണ്ടി വന്നു. ആറ് മാസം വേണ്ടിവരുമെന്നാണ് കരുതിയതെങ്കിലും മൂന്നര മാസം കൊണ്ട് പൂര്‍ത്തിയായി. മെയ് മാസം രണ്ടാം വാരമായിരുന്നു ആരംഭിച്ചത്. ചെന്നൈ ജെഎന്‍ആര്‍ ജുവലറിയിലെ നാഗരാജന്റെ നേതൃത്വത്തില്‍ 60 അംഗ സംഘമാണ് സ്വര്‍ണം പൂശുന്നതിനായി പരിശ്രമിച്ചത്.

ശ്രീകോവിലിന്റെ മേല്‍ക്കൂര (നാല് നാഗരൂപങ്ങള്‍ ഉള്‍പ്പടെ) സീലിംഗ്, ശ്രീകോവിലില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന അയ്യപ്പ ചരിതമെഴുതിയ തകിടുകള്‍, രണ്ട് ആര്‍ച്ചകള്‍, കാണിക്ക വഞ്ചി, ശ്രീകോവിലിലെ മൂന്ന് കലശങ്ങള്‍, ഉപക്ഷേത്രത്തിലെ പ്രതിഷ്ഠകളായ കന്നിമൂല ഗണപതിയുടേയും നാഗരാജാവിന്റേയും കലശങ്ങള്‍, ശ്രീകോവിലിന് ചുറ്റുമുള്ള ആനയുടെ പ്രതിമകള്‍, രണ്ട് ദ്വാരപാലകന്മാര്‍, ശ്രീകോവിലിലെ മൂന്ന് കര്‍ണകൂടവും തൂണുകളും ,ശ്രീകോവിലിന്റെ മുഖ്യ കവാടം എന്നിവയാണ് സ്വര്‍ണം കൊണ്ട് പൊതിഞ്ഞത്’ ഇതായിരുന്നു മാതൃഭൂമി റിപ്പോര്‍ട്ട്. അന്ന് സ്വര്‍ണം പൂശിയ ദ്വാരപാലക ശില്‍പ്പങ്ങളാണിപ്പോള്‍ ചെമ്പുപാളികളായി മാറിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top