ശബരിമല അയ്യപ്പന്‍ സിപിഎമ്മിന് എല്ലാക്കാലത്തും ഇലക്ഷന്‍ മെറ്റീരിയല്‍; പണ്ടും കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇതേ തന്ത്രം പയറ്റി; വിമര്‍ശനങ്ങള്‍ക്ക് തെളിവുണ്ട്

സംസ്ഥാനത്തു ഭരണം നടത്തിയിട്ടുള്ള കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ പ്രതിസന്ധി നേരിടുമ്പോള്‍ ശബരിമല അയ്യപ്പനെ കൂട്ടുപിടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് പതിവ് പരിപാടിയാണ്. ഭരണവിരുദ്ധ വികാരവും, വികസന മുരടിപ്പും, സാമ്പത്തിക പ്രതിസന്ധിയു മൂലം നട്ടം തിരിഞ്ഞിരിക്കുന്ന പിണറായി സര്‍ക്കാരിന് രക്ഷപ്പെടാനുള്ള ഒരു പിടി വളളിയായാണ് ആഗോള അയ്യപ്പ സംഗമം. അടുത്ത മാസം 20ന് പമ്പയിലാണ് ആഗോള സംഗമം നടക്കുന്നത്. ലോകമെങ്ങുമുള്ള അയ്യപ്പന്‍മാരെ കേള്‍ക്കാനുള്ള അവസരമാണിതെന്നാണ് ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍ അവകാശപ്പെടുന്നത്. ശബരിമലയെ ആഗോള തീര്‍ത്ഥാടന കേന്ദ്രമാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. എന്നാല്‍ ബിജെപിയും അവരെ പിന്തുണയ്ക്കുന്ന ചില ഹൈന്ദവ സംഘടനകളും ശബരിമലയെ വാണിജ്യവത്കരിക്കുന്നു എന്ന് പറഞ്ഞ് എതിര്‍പ്പുമാമായി രംഗത്തുണ്ട്. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ച് എന്‍എസ്എസ് സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന 2018 സെപ്റ്റംബര്‍ 29ലെ സുപ്രീംകോടതി വിധി കേരളത്തില്‍ കലാപസമാനമായ സാഹചര്യമാണ് സൃഷ്ടിച്ചത്. ഈ വിധി നിര്‍ബന്ധമായി നടപ്പാക്കാന്‍ ശ്രമിച്ച പിണറായി സര്‍ക്കാര്‍ നേരിട്ട പൊല്ലാപ്പുകളും പിന്നാലെ 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിയും ഇനിയും മറക്കാറായിട്ടില്ല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തോറ്റു തുന്നം പാടിയ സിപിഎം നേതൃത്വം വോട്ടറന്‍മാരുടെ വീടുകളില്‍ നേരിട്ട് ചെന്ന് മാപ്പ് പറഞ്ഞതും പുതിയ കാഴ്ചയായിരുന്നു.

1957- 59ലെ ഒന്നാം ഇഎംഎസ് സര്‍ക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ ബില്ലിനെതിരെ ക്രൈസ്തവ സഭകള്‍ തുറന്ന സമരവുമായി രംഗത്ത് വന്ന ഘട്ടത്തില്‍
കമ്മ്യൂണിസ്റ്റ്കാര്‍ക്ക് അയ്യപ്പന്‍ തുണയായ ചരിത്രമുണ്ട്. ആദ്യ ഇഎംഎസ് മന്ത്രിസഭയെ തല്‍ക്കാലത്തേക്ക് രക്ഷിച്ചത് അയ്യപ്പനായിരുന്നുവെന്ന് നിയമസഭാ രേഖകളും ചരിത്ര പുസ്തകങ്ങളും സാക്ഷ്യപ്പെടുത്തുന്നുണ്ട്.
വിദ്യാഭ്യാസ ബില്ലിനെതിരെ ക്രിസ്ത്യാനികള്‍ സമരം കത്തിച്ചു നിര്‍ത്തിയിരിക്കുന്നതിനിടയില്‍ ഹിന്ദുക്കളുടെ പിന്തുണ നേടുക എന്ന ഉദ്ദേശത്തോടെ ശബരിമല തീവെപ്പുക്കേസിലെ അമ്പേഷണ റിപ്പോര്‍ട്ട് ഇഎംഎസ് സര്‍ക്കാര്‍ 1957 ഡിസംബര്‍ 12ന് നിയമസഭയുടെ മേശപ്പുറത്തുവച്ചു. സിഐഡി സ്‌പെഷ്യല്‍ ബ്രാഞ്ച് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസായിരുന്ന കെ കേശവമേനോന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്.

1950ലെ പറവൂര്‍ ടി.കെ നാരായണപിള്ള തിരുകൊച്ചി മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നു ശബരിമല അമ്പലം കത്തി നശിച്ചത്. 1950 ജൂണ്‍ പതിന്നാലാം തീയതി ശാന്തിക്കാരന്‍ ശബരിമല ക്ഷേത്രത്തില്‍ ചെന്നപ്പോള്‍ ശ്രീകോവിലും മണ്ഡപവും സ്റ്റോര്‍ മുറിയും തീവെച്ച് നശിപ്പിച്ചതായും വിഗ്രഹം ഉടഞ്ഞു പോയി എന്നുമായിരുന്നു പോലീസ് റിപ്പോര്‍ട്ട്. ക്രിസ്ത്യാനികളാണ് ക്ഷേത്രം തീവെച്ച് നശിപ്പിച്ചതെന്ന് അക്കാലത്ത് വ്യാപക പ്രചരണമുണ്ടായിരുന്നു. മന്നത്ത് പത്മനാഭനും കൂട്ടരും കോണ്‍ഗ്രസിനെതിരെ ഈ വിഷയം വ്യാപകമായി ഉന്നയിക്കുകയും ചെയ്തിരുന്നു.
സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിഐജി കേശവമേനോന്‍ സമയപരിധിക്കുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. പക്ഷേ അന്നത്തെ മന്ത്രിസഭ ആ റിപ്പോര്‍ട്ടില്‍ നടപടിയൊന്നും എടുത്തില്ല. പിന്നീട് വന്ന സി കേശവന്‍, എജെ ജോണ്‍, പട്ടം താണുപിള്ള, പനമ്പള്ളി ഗോവിന്ദമേനോന്‍ എന്നീ മന്ത്രിസഭകളൊന്നും തന്നെ ഈ അന്വേഷണ റിപ്പോര്‍ട്ട് പൊടിതട്ടി എടുത്തില്ല.

എന്നാല്‍, ഏഴ് വര്‍ഷത്തിന് ശേഷം അധികാരത്തിലെത്തിയ ഇഎംഎസിന്റെ നേതൃത്വത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നിലയില്ലാക്കയത്തില്‍ മുങ്ങിത്താഴുന്ന സന്ദര്‍ഭത്തില്‍ ശബരിമല ക്ഷേത്രം തീവെപ്പ് റിപ്പോര്‍ട്ട് എടുത്ത് പുറത്തിടാന്‍ തീരുമാനിച്ചു. ഈ റിപ്പോര്‍ട്ടില്‍ ക്ഷേത്രത്തിന് തീവെച്ചതാരെന്ന കാര്യത്തില്‍ ഖണ്ഡിതമായ കണ്ടെത്തല്‍ ഉണ്ടായിരുന്നില്ല. ക്രിസ്ത്യാനികളാണ് അമ്പലത്തിന് തീവെച്ചതെന്ന നിഗമനത്തില്‍ കമ്മീഷന്‍ എത്തിച്ചേര്‍ന്നു. സംശയമുള്ള കുറെ ക്രിസ്ത്യാനികളുടെ പേരു വിവരങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുതകയും ചെയ്തു.
‘ഒരു നീതി ന്യായ കോടതിയില്‍ കേസ് സമര്‍പ്പിക്കത്തവണ്ണം ഒരു കുറ്റസമ്മതം ഉണ്ടാകാത്ത പക്ഷം ഈ അന്വേഷണം തുടരുന്നതു കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നാണ് എന്റെ അഭിപ്രായം. അതിനാല്‍ ഞാന്‍ എന്റെ അവസാന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കൊള്ളുന്നു. ഈ കേസ് ഇനി എങ്ങനെ തീര്‍ക്കണമെന്നതിനെ പ്പറ്റി ഗവണ്മെന്റ് നിര്‍ദ്ദേശം നല്‍കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു’ എന്ന് പറഞ്ഞാണ് കേശവമേനോന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അവസാനിപ്പിച്ചിരിക്കുന്നത്.

വിദ്യാഭ്യാസ ബില്ലിനെതിരെ സമരം നടത്തുന്ന ക്രിസ്ത്യാനികളെ പ്രത്യേകിച്ച് കത്തോലിക്കരെ നിശബ്ദരാക്കുക, ഒപ്പം സര്‍ക്കാരിനെതിരെ തിരിഞ്ഞു നില്‍ക്കുന്ന ഹിന്ദുക്കളെ, പ്രത്യേകിച്ച് മന്നത്തിനേയും ശങ്കറിനേയും ക്രിസ്ത്യാനനികള്‍െക്കതിരെ തിരിച്ചുവിടുക എന്നതായിരുന്നു ഇഎംഎസിന്റെ ഗുഢലക്ഷ്യം. ഇരുസമുദാ യങ്ങള്‍ക്കിടയില്‍ പരസ്പരം അവിശ്വാസം സൃഷ്ടിക്കാനാണ് കമ്യൂണിസ്റ്റുകാര്‍ ശ്രമിച്ചതെന്ന് അന്ന് തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു.
1958ല്‍ ഇഎംഎസ് സര്‍ക്കാര്‍ കാര്‍ഷികബന്ധ ബില്‍ അവതരിപ്പിക്കുമ്പോള്‍ മന്നത്തിനെ നിശബ്ദനാക്കാനായിരുന്നു ശബരിമല അയ്യപ്പനെ കൂട്ടുപിടിച്ചത്. എന്‍എസ്എസ് നേതാവായ മന്നത്ത് പത്മനാഭന്‍ പക്ഷേ, നമ്പൂതിരിപ്പാടിന്റെ ചൂണ്ടയില്‍ കൊത്തിയില്ല. കാര്‍ഷിക ബന്ധ ബില്ലിനെതിരെ മന്നം സജീവമായി രംഗത്തിറങ്ങി. ക്രൈസ്തവ സഭകള്‍ മന്നത്തിന് പിന്നില്‍ അണിനിരന്നു. ഒടുവിലത് വിമോചന സമരത്തിലേക്ക് എത്തി. 1959 ജൂലൈ 31 ന് കേന്ദ്ര സര്‍ക്കാര്‍ കമ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിട്ടു. കമ്യൂണിസ്റ്റുകാര്‍ വര്‍ഗീയ കാര്‍ഡും ജാതിക്കാര്‍ഡും തരാതരം പോലെ കളിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണീ സംഭവങ്ങള്‍.
ഇപ്പോള്‍ ആഗോള അയ്യപ്പ സംഗമം സിപിഎമ്മിന് കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട ഭുരിപക്ഷ സമുദായത്തിന്റെ വോട്ട് തിരിച്ചുപിടിക്കുക എന്ന ഉദ്ദേശത്തോടെയാണെന്ന് കോണ്‍ഗ്രസും ബിജെപിയും ആരോപിക്കുന്നുണ്ട്. പഞ്ചായത്ത് – നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ആഗോള അയ്യപ്പസംഗമം സിപിഎമ്മിന് വോട്ട് കൊണ്ടുവരുമോ എന്ന് കണ്ടറിയണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here