അയ്യപ്പ വിഗ്രഹത്തിന് പ്രത്യേക സുരക്ഷ വേണ്ട കാലം; ശബരിമലയില്‍ മുഴുവന്‍ സ്വര്‍ണം അടിച്ചുമാറ്റുന്നവര്‍; കടന്നാക്രമിച്ച് വിഡി സതീശന്‍

ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ പിണറായി സര്‍ക്കാരിനേയും ദേവസ്വം ബോര്‍ഡിനേയും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ശബരിമലയില്‍ മുഴുവന്‍ സ്വര്‍ണം അടിച്ചുമാറ്റുന്നവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇവര്‍ ഭരിക്കുന്ന കാലത്തോളം ശബരിമലയിലെ അയ്യപ്പ വിഗ്രഹത്തിന് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തണമെന്നും സതീശന്‍ പറഞ്ഞു.
കോടിക്കണക്കിന് അയ്യപ്പ ഭക്തരെ ഞെട്ടിച്ചിരിക്കുന്നതാണ് ക്ഷേത്രത്തിലെ സ്വര്‍ണം അടിച്ചുമാറ്റി എന്നത്. കിലോകണക്കിന് സ്വര്‍ണം നഷ്ടമായിട്ടുണ്ട് എന്നത് വ്യക്തമാണ്. സര്‍ക്കാരിന്റേയും ബോര്‍ഡിന്റേയും അറിവോടെ മാത്രമേ ഈ കൊളള നടക്കൂ. നടപടിക്രമങ്ങള്‍ പാലിക്കാതെ ഏകപക്ഷീയമായാണ് സ്വര്‍ണപാളികള്‍ ശബരിമലയില്‍ നിന്നും കൊണ്ടുപോയത്. ഹൈക്കോടതി ഉത്തരവ് പോലും പാലിക്കപ്പെട്ടില്ല. സ്വര്‍ണം പൂശണമെങ്കില്‍ അമ്പലത്തിന്റെ പരിസരത്ത് വെച്ച് തന്നെ ചെയ്യണം എന്നാണ് ഹൈക്കോടതി നിര്‍ദേശം. ഇതുപാടെ അവഗണിക്കപ്പെട്ടു. ശബരിമലയില്‍ നിന്ന് കൊണ്ടുപോയ ക്ഷേത്ര ഭാഗങ്ങള്‍ ചെന്നൈയില്‍ എത്തിയത് 40 ദിവസം കഴിഞ്ഞാണ്. അത്രയും ദിവസങ്ങള്‍ കൈവശം വച്ചത് സ്വര്‍ണം അടിച്ചു മാറ്റാന്‍ തന്നെയാണെന്നും സതീശന്‍ ആരോപിച്ചു.
പൂശിയിരിക്കുന്ന ചെമ്പില്‍ നിന്നും സ്വര്‍ണം പ്രത്യേകം എടുക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയാണ് ശബരിമലയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് സ്വര്‍ണം ആവശ്യമുള്ളപ്പോള്‍ അടിച്ചു മാറ്റാന്‍ വേണ്ടി പ്ലാന്‍ ചെയ്ത് ചെയ്തതാണ്. ഇവിടെ നിന്ന് കൊണ്ടുപോയ പാളികളുടെ ചെമ്പിന്റെ മോഡല്‍ നിര്‍മ്മിച്ച് ചെന്നൈയില്‍ എത്തിച്ചു എന്നുവേണം സംശയിക്കാന്‍. ശബരിമലയില്‍ എന്തെല്ലാം അടിച്ചുമാറ്റിയിട്ടുണ്ട് എന്ന് പ്രത്യേകമായ പരിശോധന നടത്തണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
ALSO READ : പോറ്റി ജയറാമിനെയും പറ്റിച്ചച്ചോ? ശബരിമല സ്വർണപാളി വിവാദത്തിൽ പുതിയ തെളിവുകൾ
‘ആരാണ് ഉണ്ണികൃഷ്ണന്‍ പോറ്റി? ആരാണ് ഇദ്ദേഹത്തെ ഏല്‍പ്പിച്ചത്? ഇദ്ദേഹത്തിന്റെ പശ്ചാത്തലം എന്താണ്? ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്പോണ്‍സര്‍ഷിപ്പ് ചോദിച്ചുകൊണ്ട് വ്യാപകമായ പിരിവിന് അവസരം നല്‍കിയത് ആരാണ്? ഇതിനെല്ലാം ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഉത്തരം പറയണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here