ശബരിമലയില്‍ സ്ത്രീപ്രവേശനമേ വേണ്ട; നവോത്ഥാനം പാതിവഴിയില്‍ ഉപേക്ഷിച്ച് സിപിഎം!! ഇങ്ങനെയൊരു നിലപാടുമാറ്റം

ശബരിമല വിശ്വാസികള്‍ക്കൊപ്പമെന്ന് ഇപ്പോള്‍ വീമ്പു പറയുന്ന സിപിഎമ്മും ഇടത് സര്‍ക്കാരും യാതൊരു സങ്കോചവും ഇല്ലാതെയാണ് അവരുടെ മുന്‍ നിലപാട് തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ തിരുത്തുന്നത്. 2018ലെ സുപ്രീം കോടതി വിധി വന്ന കാലത്ത് എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാം എന്ന നിലപാട് ആണ് സിപിഎം സ്വീകരിച്ചത്. അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. തരാതരം പോലെ നിലപാട് മാറ്റുന്ന പാര്‍ട്ടിയുടേയും സര്‍ക്കാരിന്റേയും പുതിയ മാറ്റമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഈ മാസം 20ന് പമ്പയില്‍ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും സ്ത്രീ പ്രവേശം വിഷയം ചര്‍ച്ചയാകുന്നത്.
സ്ത്രീ പ്രവേശം സംബന്ധിച്ച് സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരെ വിശ്വാസികളുടേയും സ്ത്രീകളുടേയും ഭാഗത്ത് നിന്ന് കടുത്ത എതിര്‍പ്പുകള്‍ ഉയര്‍ന്ന പ്പോള്‍ ‘ശബരിമല : സ്ത്രീകളുടെ ആരാധനാവകാശം സുപ്രീം കോടതി വിധി’ (സംഗ്രഹം) എന്ന തലക്കെട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ 60 പേജുള്ള ഒരു ലഘുലേഖ ഇറക്കിയിരുന്നു. പിആര്‍ഡിയാണ് ഈ രേഖ അടിച്ചിറക്കിയത്. അതിന്റെ മുഖവുരയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇങ്ങനെ എഴുതിയിട്ടുണ്ട് –
“എല്ലാ ആചാരങ്ങളുടേയും മീതെയാണ് ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളെന്നു സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കി. ഭരണഘടന സദാചാരം പടുത്തുയര്‍ത്തിയിരിക്കുന്നത് അന്തസ്, .സമത്വം , സ്വാതന്ത്ര്യം എന്നീ മൂന്ന് തൂണുകളിന്മേല്‍ ആണെന്നും അസന്നിഗ്ദ്ധമായി കോടതി ചൂണ്ടി. ഭരണഘടനയിലെ സമത്വം എന്ന സങ്കല്‍പം ജാതി- മത- വംശ- ലിംഗഭേദമില്ലാതെ എല്ലാവര്‍ക്കും അനുഭവ വേദ്യമാകണമെന്നാണ് വിവക്ഷ. ഇത്തരം ഭരണഘടനാ മൂല്യങ്ങളും പൗരാവകാശങ്ങളും അവസരസമത്വവുമാണ് വിധി തീര്‍പ്പിന് കോടതി ആധാരമാക്കിയത്. സര്‍ക്കാര്‍ സുപ്രീം കോടതി നടപ്പാക്കാന്‍ പ്രതിജ്ഞാ ബദ്ധമാണ്”.

ഇങ്ങനെ ആണയിട്ട് പറഞ്ഞ പാര്‍ട്ടിയും സര്‍ക്കാരുമാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലവും സ്ത്രീ സമത്വത്തെക്കുറിച്ചുള്ള വായ്ത്താരികളും ഇപ്പോള്‍ തള്ളിപ്പറയുന്നത്. 2006 ലെ അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ സത്യവാങ്മൂലത്തിലാണ് സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന വാദം ഉന്നയിച്ചത്. ആ സത്യവാങ്മൂലം കൊടുത്തത് തെറ്റായിപ്പോയെന്ന് സിപിഎമ്മോ സര്‍ക്കാരോ നാളിതുവരെ വ്യക്തമാക്കിയിട്ടില്ല.
“ഒരു ക്ഷേത്രം സന്ദര്‍ശിക്കാനും അവിടെ പ്രവേശിക്കാനും ഉള ഒരു സ്ത്രീയുടെ അവകാശം അവരുടെ ആരാധനാവകാശത്തിന്റെ ആവശ്യ ഘടകമാണ്. അല്ലാത്ത പക്ഷം, അവരുടെ അവകാശത്തെ ദോഷകരമായി ബാധിക്കുന്നു. വിശ്വാസത്തിനുള്ള തുല്യതയാണ് ഭരണഘടന പ്രദാനം ചെയ്യുന്നത് .അത് വിവേചന പരമല്ലാത്തതും ഒരേ വിശ്വാസം പിന്തുടരുന്ന സ്ത്രീക്കും പുരുഷനും തുല്യമായി ലഭിക്കേണ്ടതുമാണ്. ഭരണഘടനയിലെ വ്യവസ്ഥകള്‍ പ്രകാരം ആര്‍ത്തവമുള്ള സ്ത്രീകളെ ആചാരങ്ങളില്‍ നിന്ന് ഒഴിവാക്കുന്നത് അടിച്ചമര്‍ത്തപ്പെട്ട മത വിഭാഗങ്ങളെ ഒഴിവാക്കുന്നത് പോലെയുള്ള വിവേചനമാണ്. ഏത് തരത്തിലുള്ള തൊട്ടുകൂടായ്മയും ആചരിക്കുന്നതും പ്രോത്സാഹനം നല്‍കുന്നതും പ്രചോദനം നല്‍കുന്നതും 1955 ലെ പൗരാവകാശ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കുറ്റകരമാണ്. ശുദ്ധിയുടേയും അശുദ്ധിയുടേയും സങ്കല്‍പ്പത്തില്‍ അധിഷ്ഠിതമായ ഒഴിവാക്കലും വിവേചനവും പൗരാവകാശ നിയമത്തിന്റെ പശ്ചാത്തലത്തില്‍ വേണം മനസിലാക്കേണ്ടത്”. എന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നത്.
ഈ നിലപാടൊക്കെ ഇത്ര പെട്ടെന്ന് തള്ളിപ്പറയുന്നതിന് പിന്നില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ അല്ലാതെ മറ്റെന്താണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here