ശബരിമല യുവതി പ്രവേശത്തിലെ സത്യവാങ്മൂലത്തില്‍ മാറ്റമില്ല; പഴയ നിലപാട് തിരുത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍

ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതിയില്‍ 2007 നവംബര്‍ 13ന് നല്‍കിയ സത്യവാങ്മൂലത്തിലെ നിലപാടുകളില്‍ മാറ്റമില്ലെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ വ്യക്തമാക്കി. പ്രായഭേദമെന്യേ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണം എന്നന്നതായിരുന്നു വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ നിലപാട്. ഇക്കാര്യമാണ് സുപ്രീം കോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചതും. ആ നിലപാട് ഇപ്പോഴും പിന്തുടരുന്നുവെന്നാണ് ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍ പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യത്തിന് ഉത്തരമായി വ്യക്തമാക്കിയത്.
യുവതി പ്രവേശനത്തില്‍ നിലപാട് തിരുത്തുമോ എന്നായിരുന്നു പ്രതിപക്ഷ അംഗങ്ങളുടെ പ്രധാന ചോദ്യം. ഇതിന് നല്‍കിയ മറുപടിയില്‍ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന ഇടത് നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന മറുപടിയാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ചത്. ‘യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ നിലവില്‍ വിശാല ബെഞ്ചിന്റെ പരിഗണനയിലാണ്. ഹര്‍ജികള്‍ നിലനില്‍ക്കുമോ എന്ന വിഷയം മാത്രമേ കോടതി പരിഗണിച്ചിട്ടുള്ളു. തുടര്‍ നടപടികള്‍ ആരംഭിക്കാത്ത സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ .സ്വീകരിക്കേണ്ട നിലപാട് പരിശോധിക്കേണ്ടതായി വന്നിട്ടില്ല.’ ഇതായിരുന്നു ദേവസ്വം മന്ത്രിയുടെ മറുപടി.

ആഗോള അയ്യപ്പ സംഗമവും മറ്റ് വികസന പരിപാടികളും നടത്തുമ്പോഴും പ്രായഭേദമെന്യേ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന നിലപാടില്‍ പിണറായി സര്‍ക്കാര്‍ ഉറച്ചു നില്‍ക്കയാണ്. യുവതി പ്രവേശം സംബന്ധിച്ച് 2018ലെ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് സര്‍ക്കാര്‍ സംരക്ഷണയില്‍ രണ്ട് യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചത്തില്‍ വിശ്വാസികള്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ടാക്കിയിരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് കനത്ത തിരിച്ചടിയും നേരിടേണ്ടി വന്നു. അതിന് ശേഷം സിപിഎം വീടുകള്‍ കയറി ജനങ്ങളോട് മാപ്പു പറയുകയും ചെയ്തിരുന്നു.
ആഗോള അയ്യപ്പ സംഗമം നടത്തിയ ഘട്ടത്തില്‍ ബിജെപിയും യുഡിഎഫും സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം സര്‍ക്കാര്‍ പിന്‍വലിക്കുമോ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ മറുപടി പറയാതെ ഒഴിഞ്ഞു മാറുക എന്ന പതിവ് പരിപാടിയാണ് സര്‍ക്കാരില്‍ നിന്നുണ്ടായത്. എന്നാല്‍ യുവതി പ്രവേശം ആകാം എന്ന പഴയ നിലപാടില്‍ തന്നെ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കയാണെന്നാണ് ഇപ്പോള്‍ നിയമസഭയില്‍ ദേവസ്വം മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here