ഗെയിംസിൽ മെഡൽ, ജീവിതത്തിൽ കേസ്! സ്റ്റേജിൽ വെടിവെച്ച് ആഘോഷിച്ചതിന് താരദമ്പതികൾ കുടുങ്ങി

അന്താരാഷ്ട്ര ജാവലിൻ ത്രോ താരമായ അന്നൂ റാണിയ്ക്കും ഭർത്താവായ ദേശീയ കിക്ക് ബോക്സിംഗ് ചാമ്പ്യനുമായ സാഹിൽ ഭരദ്വാജിനുമെതിരെ കേസ്. വിവാഹച്ചടങ്ങിൽ ആഘോഷങ്ങളുടെ ഭാഗമായി വെടിവെച്ചതിനാണ് കേസ് എടുത്തത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് പൊലീസിന്റെ നടപടി.

മീററ്റിലെ വിവാഹ ചടങ്ങിനിടെയാണ് സംഭവം നടന്നത്. മാലയിടൽ ചടങ്ങിനിടെ സ്റ്റേജിൽ വെച്ച് അന്നൂ റാണിയും സാഹിലും തോക്ക് ഉപയോഗിച്ച് വെടിവെക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഈ പ്രവൃത്തി സമീപത്തുണ്ടായിരുന്നവരിൽ പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. മറ്റൊരു വീഡിയോയിൽ, സാഹിൽ 10 രൂപ നോട്ടുകെട്ടുകൾ അന്നൂ റാണിയുടെ തലയ്ക്ക് ചുറ്റും ഉഴിഞ്ഞതിന് ശേഷം പറത്തി എറിയുന്നതും കാണാം.

വീഡിയോ വൈറലായതോടെ മീററ്റ് പൊലീസ് ഇരുവർക്കുമെതിരെ ആംസ് ആക്ട് (Arms Act) പ്രകാരം കേസെടുത്തു. കേസ് രജിസ്റ്റർ ചെയ്‌തെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് (SSP) വിപിൻ തഡ പറഞ്ഞു. വെടിവെക്കാൻ ഉപയോഗിച്ച തോക്കിന്റെ വിവരങ്ങളും ലൈസൻസും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഇന്ത്യയുടെ പ്രമുഖ ജാവലിൻ ത്രോ താരമാണ് അന്നൂ റാണി. 2022 കോമൺവെൽത്ത് ഗെയിംസിൽ വെങ്കല മെഡലും 2023 ഏഷ്യൻ ഗെയിംസിൽ സ്വർണ്ണ മെഡലും നേടിയിട്ടുണ്ട്. ഭർത്താവായ സാഹിൽ ഭരദ്വാജ് നാല് തവണ ദേശീയ കിക്ക് ബോക്സിംഗ് ചാമ്പ്യനാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top