സൈനിക് സ്കൂളിലെ വിദ്യാർത്ഥിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; ഡോർമിറ്ററിയിൽ സംഭവിച്ചതെന്ത്?

അരുണാചൽ പ്രദേശിലെ ഈസ്റ്റ് സിയാങ് ജില്ലയിലുള്ള സൈനിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമായ റാഗിങ്ങും പീഡനവുമാണ് തന്റെ സഹോദരൻ മരിക്കാൻ കാരണമെന്ന് മിസ് അരുണാചൽ 2024 ആയ സഹോദരി താഡു ലൂണിയ ആരോപിച്ചു.
12 വയസ്സുകാരനായ ‘ഹാരോയുടെ’ മരണം ആത്മഹത്യയാണെന്നാണ് സ്കൂൾ അധികൃതർ ആദ്യം കുടുംബത്തെ അറിയിച്ചത്. എന്നാൽ, സഹപാഠികളോടും ഡോർമിറ്ററിയിലെ കുട്ടികളോടും സംസാരിച്ച ശേഷമാണ് മരണം പീഡനം മൂലമെന്ന് കണ്ടെത്തിയത്. മരണത്തിന് തലേദിവസം രാത്രി ശാരീരികവും മാനസികവുമായി ഹാരോയെ ഉപദ്രവിച്ചിരുന്നതായാണ് വിവരം.
ഒക്ടോബർ 31ന് രാത്രി, വാർഡൻ ഇല്ലാത്ത സമയത്ത്, പത്താം ക്ലാസിലെ എട്ട് വിദ്യാർത്ഥികളും എട്ടാം ക്ലാസിലെ മൂന്ന് വിദ്യാർത്ഥികളും ഏഴാം ക്ലാസ് ഡോർമിറ്ററിയിൽ പ്രവേശിച്ചു. സീനിയർ വിദ്യാർത്ഥികൾ ഹാരോയെ ഒഴിച്ച് ബാക്കി കുട്ടികളെയെല്ലാം പുതപ്പിനടിയിൽ ഒതുങ്ങിക്കിടക്കാൻ നിർബന്ധിച്ചു. തുടർന്ന് ഹാരോയെ പത്താം ക്ലാസ് ഡോർമിറ്ററിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.
‘അടച്ചിട്ട വാതിലിന് പിന്നിൽ സഹോദരനെ ഉറങ്ങാൻ പോലും അനുവദിക്കാതെ മണിക്കൂറുകളോളം പീഡിപ്പിച്ചു. എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ല,’ എന്നാണ് ലൂണിയ വിങ്ങിപ്പൊട്ടിക്കൊണ്ട് പറഞ്ഞത്. ഇന്ന് എന്റെ സഹോദരനെ നഷ്ടപ്പെട്ടു. നമ്മൾ ഇപ്പോൾ ശക്തമായ നടപടി എടുത്തില്ലെങ്കിൽ, നാളത്തെ ഇര മറ്റാരുമാകാം.’ നീതിക്കായി ഒപ്പം നിൽക്കണമെന്ന് താഡു ലൂണിയ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
സംഭവത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കേസിൽ ഉൾപ്പെട്ട, പ്രായപൂർത്തിയാകാത്ത എട്ട് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന് (JJB) മുന്നിൽ ഹാജരാക്കി. നിലവിൽ ഇവരെ ഒരു ആഴ്ചത്തേക്ക് സ്കൂൾ വൈസ് പ്രിൻസിപ്പലിന്റെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. അന്വേഷണം തുടരുകയാണെന്നും കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here