‘രാഹുൽ മാങ്കൂട്ടമല്ല, മനോനിലയാണ് പ്രശ്നം; ഇനിയും പഠിച്ചില്ലെങ്കിൽ പാർട്ടിയുണ്ടാകില്ലെന്ന്’ വനിതാ നേതാവ്

ലൈംഗികാരോപണം നേരിടുന്ന യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് അടിയന്തിരമായി പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സജൻ. ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് സജന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്. ‘ഇതുപോലുള്ള സൈക്കോപാത്തുകളെ പടിയടച്ച് പിണ്ഡം വെച്ചേ മതിയാവുകയുള്ളൂ’ എന്ന് സജന തുറന്നടിച്ചു.
“രാഹുൽ മാങ്കൂട്ടമല്ല, അദ്ദേഹത്തിൻ്റെ മനോനിലയാണ് പ്രശ്നം. ഞരമ്പൻ എന്ന നാടൻ ഭാഷ സി.പി.എം. സൈബർ സഖാക്കൾ പ്രയോഗിക്കുമ്പോൾ അതിനെ പ്രതിരോധിക്കേണ്ട ഗതികേടിൽ കോൺഗ്രസ് പ്രവർത്തകർ പോകേണ്ട സമയമല്ല ഇത്. എത്ര കിട്ടിയാലും പഠിക്കില്ല എന്നാണേൽ ഇനി പഠിക്കാൻ പാർട്ടി ഉണ്ടാകില്ല. പെൺകുട്ടികളുടെ മാനത്തിനും വിലയുണ്ട് എന്ന് നേതൃത്വം മനസ്സിലാക്കണം. നീതി എന്നുള്ളത് പീഡിപ്പിക്കുന്നവനല്ല ഇരകൾക്കുള്ളതാണ്.
ഗർഭഛിദ്രവും പീഡനങ്ങളും എല്ലാം നേതൃത്വത്തിന് മനസ്സിലായിട്ടും ആ കുട്ടികൾ പരാതി നൽകിയില്ല എന്ന് പറയുന്നത് അവരുടെ ആത്മാഭിമാനത്തിനോടുള്ള വെല്ലുവിളിയാണ്. ദേശീയ നേതൃത്വം എടുത്തത് മാതൃകാപരമായ നടപടിയാണ് എന്നും അത് രാജിവെച്ചതല്ല, രാജി വയ്പ്പിച്ചതാണ്” എന്നും സജന വ്യക്തമാക്കി.
തൻവിയും അനുശ്രീയുമൊക്കെ പണം വാങ്ങി ഏതെങ്കിലും പരിപാടികളിൽ ഗസ്റ്റ് ആയി പോകുന്നത് പോലെയല്ല പാർട്ടിയിലെ വനിതാ പ്രവർത്തകർ. പോലീസ് ലാത്തിചാർജ്ജും ജയിൽ വാസവും സമരങ്ങളുമായി മുന്നോട്ട് പോകുമ്പോൾ റീൽസ് ആക്കി പോസ്റ്റ് ചെയ്യാൻ പിആർ സംവിധാനങ്ങളുമില്ലാത്ത പട്ടിണിപ്പാവങ്ങൾ ആയവരുമൊക്കെ ഈ പാർട്ടിയിൽ ഉണ്ട് എന്നും സജന കുറിപ്പിൽ പറയുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here