‘ചുപ് രഹോ’ പിണറായി പോലീസിന് എതിരെ മിണ്ടരുതെന്ന് പാര്‍ട്ടി തിട്ടൂരം; സ്റ്റേഷനില്‍ മര്‍ദ്ദനമേറ്റ ലോക്കല്‍ സെക്രട്ടറിയെ വിലക്കി

പൊലീസ് കയ്യേറ്റം ചെയ്തതെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട കൊല്ലം നെടുമ്പന നോര്‍ത്ത് സിപിഎം ലോക്കല്‍ സെക്രട്ടറിക്ക് മാധ്യമങ്ങളോട് സംസാരിക്കുന്നതിന് വിലക്ക്. ലോക്കല്‍ സെക്രട്ടറി സജീവിന് കണ്ണനല്ലൂര്‍ സറ്റേഷനില്‍ വച്ചാണ് മര്‍ദ്ദനമേറ്റത്. മറ്റൊരു കേസിന്റെ മധ്യസ്ഥതയുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് എസ്എച്ച്ഒ കൈയ്യേറ്റം ചെയ്തത്.

ALSO READ : നാണംകെട്ട് നടപടി; കുന്നംകുളം സ്റ്റേഷനിലെ ക്രൂരതയില്‍ നാലു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കുന്നംകുളത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവിന് പോലീസ് സ്റ്റേഷനില്‍ ക്രൂര മര്‍ദ്ദനമേറ്റതിന്റെ പേരില്‍ നാടാകെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഭരണകക്ഷി നേതാവിനും പോലീസിന്റെ മര്‍ദ്ദനമേറ്റ വാര്‍ത്ത പുറത്തുവന്നത്. ഇത് സിപിഎമ്മിന് വലിയ ക്ഷീണമായി. തനിക്കേറ്റ തിക്താനുഭവത്തെക്കുറിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടാണ് സജീവന്‍ പ്രതിഷേധിച്ചത്.

എന്നാൽ ഈ സംഭവവും വിവാദമാകാൻ തുടങ്ങിയതോടെയാണ് പാര്‍ട്ടി ജില്ലാ നേതൃത്വം തിട്ടൂരമിറക്കി സജീവന്റെ വായടപ്പിക്കാന്‍ നോക്കിയത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കുന്നതില്‍ നിന്ന് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ബലമായി പിന്തിരിപ്പിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് അതിക്രമം നേരിട്ടതെന്ന് തീയതി സഹിതമാണ് സജീവൻ പോസ്റ്റിട്ടത്.

‘അനുഭങ്ങള്‍ ആണ് ബോധ്യങ്ങള്‍ ആവുന്നത് ‘ എന്ന തലക്കെട്ടില്‍ സജീവ് എഴുതിയ പോസ്റ്റാണ് സര്‍ക്കാരിനും സിപിഎമ്മിനും ക്ഷീണമായത്.

“ഞാന്‍ സിപിഐ (എം) നെടുമ്പന ലോക്കല്‍ സെക്രട്ടറി ആണ്. 04/09/ 2025 ല്‍ കണ്ണനല്ലൂര്‍ സ്റ്റേഷനില്‍ ഒരു കേസിന്റെ മധ്യസ്ഥതയുടെ കാര്യം സിഐയോട് സംസാരിക്കാന്‍ വന്നു. ഒരു കാര്യവും ഇല്ലാതെ കണ്ണനല്ലൂര്‍ സിഐ എന്നെ ഉപദ്രവിച്ചു. ഞാന്‍ ഈ ഇടുന്നത് പാര്‍ട്ടി വിരുദ്ധ പോസ്റ്റ് അല്ല. എന്റെ അനുഭവമാണ് പറഞ്ഞത്. ഇതിന്റെ പേരില്‍ എന്നെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്താല്‍ ഒരു കുഴപ്പവുമില്ല’ -ഇതായിരുന്നു സജീവന്റെ പോസ്റ്റ്. മര്‍ദ്ദനത്തെക്കുറിച്ച് ചാത്തന്നൂര്‍ എസ്പിക്ക് പരാതി നല്‍കിയെങ്കിലും നടപടി ഒന്നുമുണ്ടായില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top