‘അയ്യപ്പന് പിന്നാലെ അമൃതാനന്ദമയിയുടെ മഹത്വവും തിരിച്ചറിഞ്ഞു’… ‘അമ്മയ്ക്കൊരുമ്മ’ കൊടുത്ത സജി ചെറിയാന് വിമർശനം

സംസ്ഥാന സർക്കാർ മാതാ അമൃതാനന്ദമയിയെ ആദരിച്ച സംഭവം ചർച്ചയാകുന്നു. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാംപസിൽ നടന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ അമൃതാനന്ദമയിയെ ആദരിച്ചതാണ് വിവാദമായിരിക്കുന്നത്. ഐക്യരാഷ്ട്ര സഭയിൽ അമൃതാനന്ദമയി മലയാളത്തിൽ പ്രസംഗിച്ചതിന്റെ ജൂബിലി വേളയിലാണ് സർക്കാരിൻ്റെ ആദരം. മുഖ്യമന്ത്രിയുടെ ആശംസയും ആദരവും മന്ത്രി സജി ചെറിയാൻ അറിയിച്ചു.
സർക്കാരിനു വേണ്ടി മന്ത്രി മൊമെന്റോ നൽകി. കൂടാതെ അമൃതാനന്ദമയിയെ സജി ചെറിയാൻ നെറുകയിൽ ചുംബിക്കുകയും ചെയ്തു. ആൾദൈവങ്ങളെയും പൗരോഹിത്യത്തെയും എതിർത്ത കമ്മ്യൂണിസ്റ്റ് പാർട്ടിക്കുണ്ടായ അപചയമാണ് മന്ത്രിയുടെ പ്രവർത്തിയിലൂടെ വെളിവായത് എന്ന ആരോപണം ഉയർന്നു. മന്ത്രിയെ കളിയാക്കിക്കൊണ്ടും വിമർശിച്ചുമുള്ള പോസ്റ്റുകളും കമന്റുകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്.
Also Read : ഭൂരിപക്ഷസമുദായങ്ങളുടെ പിണക്കം മാറ്റി; ആഗോള അയ്യപ്പസംഗമം രാഷ്ട്രീയവിജയം
തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള നീക്കമാണ് സർക്കാർ നടത്തുന്നത് എന്നാണ് വിമർശനം. അഡ്വ.ജയശങ്കർ, നടൻ ജോയ് മാത്യു തുടങ്ങിയവർ വിമർശനങ്ങൾ ഫെയ്സ്ബുക്കിൽ കുറിച്ചു. “അമ്മയ്ക്കൊരുമ്മ. കമ്മ്യുണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) മാതാ അമൃതാനന്ദമയി ദേവിയെ നവോത്ഥാന നായികയായി വീണ്ടും അംഗീകരിച്ചു” എന്ന് പറഞ്ഞാണ് ജയശങ്കറിന്റെ പോസ്റ്റ്. കമ്മ്യൂണിസ്റ്റുകാർ മുൻപ് അമൃതാനന്ദമയിയെ വിളിച്ച പേരുകളും എടുത്തുപറയുന്നുണ്ട്.
അമൃതാനന്ദമയിക്കെതിരെ പുസ്തകമെഴുതിയ വിദേശിയെ അഭിമുഖം നടത്തിയ ജോൺ ബ്രിട്ടാസിനെ കടന്നാക്രമിച്ചാണ് ജോയ് മാത്യുവിന്റെ പോസ്റ്റ്. “ആദ്യം അയ്യപ്പന്റെ മഹത്വം തിരിച്ചറിഞ്ഞു, ഇപ്പോഴിതാ മാതാ അമൃതാനന്ദമയിയുടെ മഹത്വവും സഖാക്കൾ തിരിച്ചറിഞ്ഞിരിക്കുന്നു. വൈകിയാണെങ്കിലും വിപ്ലവകാരികൾ ഇതൊക്കെ തിരിച്ചറിഞ്ഞതിൽ നമുക്ക് സന്തോഷിക്കാം” എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.


കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here