പേരുനോക്കി വർഗീയത അളന്ന് സജി ചെറിയാൻ; ശുദ്ധ ഭ്രാന്തെന്ന് മുസ്ലീം ലീഗ്

കാസർകോട്ടും മലപ്പുറത്തും വിജയിച്ചവരുടെ പേര് നോക്കിയാൽ വർഗീയ ധ്രുവീകരണം വ്യക്തമാകുമെന്ന തന്റെ വിവാദ പ്രസ്താവനയെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ വീണ്ടും രംഗത്ത്. തന്റെ പ്രസ്താവനയിൽ തെറ്റൊന്നുമില്ലെന്നും വസ്തുതയാണ് പറഞ്ഞതെന്നും മന്ത്രി ആവർത്തിച്ചപ്പോൾ, മന്ത്രിയുടേത് ‘ശുദ്ധ ഭ്രാന്താണെന്ന്’ മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം തിരിച്ചടിച്ചു. സജി ചെറിയാന്റെ വിവാദ പരാമർശത്തിലൂടെ യു.ഡി.എഫ് വിജയം മതപരമായ ഏകീകരണത്തിലൂടെ ഉണ്ടായതാണെന്ന സൂചനയാണ് നൽകിയത്. ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നെങ്കിലും, താൻ പറഞ്ഞത് വസ്തുതയാണ്, അതിൽ ഉറച്ചുനിൽക്കുന്നു എന്ന നിലപാടാണ് സജി ചെറിയാൻ വ്യക്തമാക്കിയത്.

Also Read : വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ് വിശ്വാസികള്‍ക്ക് അസൗകര്യം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയില്‍പെടുത്താന്‍ മുസ്ലീം ലീഗ്

മന്ത്രിയുടെ പ്രസ്താവന വംശീയ അധിക്ഷേപമാണെന്ന് പി.എം.എ. സലാം കുറ്റപ്പെടുത്തി. ജനപ്രതിനിധികളുടെ പേര് നോക്കി അവരെ വർഗീയവാദികളായി മുദ്രകുത്തുന്നത് അപകടകരമായ പ്രവണതയാണ്. ഇത് സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. പരാജയപ്പെടുമ്പോൾ മലപ്പുറത്തെ ജനങ്ങളെയും അവിടുത്തെ വോട്ടിംഗ് രീതിയെയും അപമാനിക്കുന്നത് സി.പി.എമ്മിന്റെ സ്ഥിരം ശൈലിയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി വിദ്വേഷം പടർത്തുന്ന പ്രസ്താവന നടത്തിയിട്ടും മുഖ്യമന്ത്രി പ്രതികരിക്കാത്തത് ഗൂഢാലോചനയുടെ ഭാഗമാണെന്നും സലാം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, മന്ത്രിയുടെ ഈ പ്രസ്താവന ന്യൂനപക്ഷ വോട്ടുകളെ എൽ.ഡി.എഫിൽ നിന്ന് അകറ്റുമോ എന്ന ആശങ്ക ഇടത് മുന്നണിക്കുള്ളിലുണ്ട്. അതിനിടയിൽ സജി ചെറിയാന്റെ പ്രസ്താവനയെ ന്യായീകരിച്ച് സി.പി.എം നേതാവ് എം.എ. ബേബി രംഗത്തെത്തി. മതേതരത്വം സംരക്ഷിക്കപ്പെടണമെന്ന രാഷ്ട്രീയ ബോധ്യമാണ് മന്ത്രി പങ്കുവെച്ചതെന്നായിരുന്നു ബേബിയുടെ വിശദീകരണം. എന്നാൽ പാർട്ടിക്കുള്ളിലെ ഒരു വിഭാഗത്തിന് മന്ത്രിയുടെ തുറന്നടിച്ചുള്ള ശൈലിയിൽ അതൃപ്തിയുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top