പാർട്ടി തള്ളി, പ്രതിപക്ഷം ആഞ്ഞടിച്ചു; ഒടുവിൽ സജി ചെറിയാൻ മുട്ടുമടക്കി; വിവാദ പരാമർശത്തിൽ മന്ത്രിയുടെ മലക്കംമറിച്ചിൽ

മലപ്പുറം, കാസർകോട് ജില്ലകളിലെ ജനപ്രതിനിധികളുടെ പേരുകൾ പരാമർശിച്ച് നടത്തിയ വിവാദ പ്രസ്താവനയിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ നിർവ്യാജം ഖേദം പ്രകടിപ്പിച്ചു. തന്റെ വാക്കുകൾ ആരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിൽ അതിൽ ഖേദിക്കുന്നുവെന്നും വിവാദമായ പരാമർശം പിൻവലിക്കുകയാണെന്നും മന്ത്രി അറിയിച്ചു. പാർട്ടിക്കുള്ളിൽ നിന്നും പുറത്തുനിന്നും കടുത്ത സമ്മർദ്ദം ഉയർന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ മലക്കംമറിച്ചിൽ.

ആലപ്പുഴയിൽ നടന്ന ഒരു പരിപാടിക്കിടെയാണ് മന്ത്രി വിവാദ പരാമർശം നടത്തിയത്. “മലപ്പുറം ജില്ലാ പഞ്ചായത്തിലും കാസർകോട് നഗരസഭയിലും വിജയിച്ചവരുടെ പേര് പരിശോധിച്ചാൽ കേരളത്തിലെ വർഗീയ ധ്രുവീകരണം വ്യക്തമാകും” എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ. മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ മുസ്ലിം ലീഗും ഹിന്ദു ഭൂരിപക്ഷ മേഖലകളിൽ ബിജെപിയും ജയിക്കുന്നുവെന്നും ഇത് ഉത്തർപ്രദേശിന് സമാനമായ സാഹചര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also Read : മൂന്നാമൂഴത്തിന് അള്ളുവച്ച് നേതാക്കൾ!! സജിചെറിയാൻ അടക്കമുള്ളവരുടെ നാവിന് കടിഞ്ഞാണിടണമെന്ന് മുന്നറിയിപ്പ്

മന്ത്രിയുടെ പ്രസ്താവന പുറത്തുവന്നതോടെ മുസ്ലിം ലീഗും കോൺഗ്രസും ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. മന്ത്രി ഭരണഘടനാ വിരുദ്ധമായാണ് സംസാരിക്കുന്നതെന്നും മതേതര കേരളത്തെ വർഗീയമായി വിഭജിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പേര് നോക്കി വർഗീയത അളക്കുന്ന മന്ത്രിയുടെ രീതി അങ്ങേയറ്റം അപകടകരമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മന്ത്രിയുടെ പ്രസ്താവന പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്ന് സിപിഎം സംസ്ഥാന നേതൃത്വം വിലയിരുത്തി. മന്ത്രിയുടെ വാക്കുകളെ തള്ളിക്കൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. വർഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും സിപിഎമ്മിന് യോജിപ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതോടെയാണ് പ്രസ്താവന തിരുത്താൻ മന്ത്രി തയ്യാറായത്.

“താൻ ഒരു മതനിരപേക്ഷ വാദിയാണ്. വർഗീയതയ്ക്കെതിരെയാണ് താൻ സംസാരിച്ചത്. എന്നാൽ തന്റെ വാക്കുകൾ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടു. മതേതര കക്ഷികൾ ദുർബലമാകുന്ന സാഹചര്യത്തെക്കുറിച്ച് ഓർമിപ്പിക്കുക മാത്രമാണ് ചെയ്തത്” – ഖേദപ്രകടനത്തോടൊപ്പം മന്ത്രി വിശദീകരിച്ചു. നേരത്തെയും ഭരണഘടനാ വിരുദ്ധ പരാമർശത്തിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന സജി ചെറിയാൻ, വീണ്ടും സമാനമായ വിവാദത്തിൽ അകപ്പെട്ടത് സർക്കാരിനും ഇടതുമുന്നണിക്കും വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top