‘ഞാൻ അല്ല വെടിവച്ചത്’; കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ സൽമാൻ ഖാന്റെ വെളിപ്പെടുത്തൽ
1998 ഒക്ടോബർ രണ്ടിന് രാജസ്ഥാനിലെ ജോധ്പൂർ കങ്കണി ഗ്രാമത്തിൽവച്ച് രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടിയെന്നാണ് ബോളിവുഡ് നടൻ സൽമാൻ ഖാനെതിരായ കേസ്. ‘ഹം സാഥ് സാഥ് ഹെ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് ഈ നായാട്ട് നടന്നത്. വിചാരണാ കോടതി അഞ്ചുവർഷം തടവിന് ശിക്ഷിച്ച സൽമാൻ ഖാനെ 2016ൽ രാജസ്ഥാൻ ഹൈക്കോടതി കുറ്റവിമുക്തനാക്കി. ഇതിനെതിരെ രാജസ്ഥാൻ ഹൈക്കോടതിയിൽ ഫയൽചെയ്ത അപ്പീൽ പരിഗണനയിലാണ്.
എന്നാൽ കൃഷ്ണമൃഗത്തെ വിശുദ്ധമായി കണക്കാക്കുന്ന ബിഷ്‌ണോയി സമുദായത്തിൽ നിന്ന് അടിക്കടിയുണ്ടാകുന്ന ഭീഷണിയാണ് സൽമാനെ വീണ്ടും വാർത്തകളിൽ നിറയ്ക്കുന്നത്. പരസ്യമായി മാപ്പു പറഞ്ഞില്ലെങ്കിൽ കൊലപ്പെടുത്തും എന്നാണ് മുന്നറിയിപ്പ്. സൽമാൻ്റെ അടുത്ത സുഹൃത്തും എൻസിപി നേതാവും ആയിരുന്ന ബാബാ സിദ്ദിഖിയെ ഇതേ സംഘം ഈയിടെ കൊലപ്പെടുത്തുകയും ചെയ്തതോടെ സൽമാൻ്റെ സുരക്ഷ കുത്തനെ കൂട്ടിയിട്ടുണ്ട്.
ഇതിനിടെയാണ് രണ്ടുവർഷം മുൻപത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യം വീണ്ടും ചർച്ചയാകുന്നത്. കൃഷ്ണമൃഗത്തെ വെടിവെച്ചുകൊന്ന കാര്യം താരം നിഷേധിക്കുന്നുണ്ട്. വംശനാശഭീഷണി നേരിടുന്ന മൃഗമാണെന്ന് അറിഞ്ഞിരുന്നുവെങ്കിൽ സൽമാൻ അതിനെ വെടിവച്ചുകൊല്ലുമെന്ന് താൻ കരുതുന്നില്ല എന്നാണ് അവതാരക പറഞ്ഞത്. ഇതിന് മറുപടിയായാണ് വെടിവെച്ചത് താനല്ലെന്ന് സൽമാൻ പറയുന്നത്. എങ്കിൽപിന്നെ ആരാണെന്ന് പറയാത്തത് എന്തെന്ന് ചോദ്യം ഉയർന്നു. അതുകൊണ്ട് ഇനി പ്രത്യേകിച്ച് കാര്യമില്ല എന്നായിരുന്നു സൽമാൻ ഖാൻ്റെ മറുപടി. കൂടുതൽ ചോദ്യങ്ങളിൽ നിന്ന് താരം ഒഴിഞ്ഞു മാറുകയും ചെയ്തു.
സൽമാൻ ഖാനെ കൂടാതെ നടിമാരായ തബു, നീലം, സോനാലി ബന്ദ്രെ, നടന്‍ സെയ്ഫ് അലി ഖാന്‍ എന്നിവരും നായാട്ടിന് ഒപ്പമുണ്ടായിരുന്നു. ഇവരെല്ലാം പ്രതികളായെങ്കിലും കോടതി പിന്നീട് വെറുതെ വിട്ടിരുന്നു. ഇവരിൽ ആരെങ്കിലുമാണ് കൃഷ്ണമൃഗത്തെ വെടിവച്ചതെന്ന് ചോദ്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. എന്നാൽ സൽമാൻ തുറന്നു പറയാത്തിടത്തോളം യഥാർത്ഥവിവരം പുറത്തുവരില്ലെന്ന് ഉറപ്പ്. പുറത്തുവന്നാലും വിചാരണയും നടപടികളും പൂർത്തിയായ കേസിൽ ഇനി പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടാകാനിടയില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here