‘എന്തുകൊണ്ട് ഡൽഹിയിൽ കേസ് ഫയൽ ചെയ്യുന്നു?’ വാങ്കഡെയുടെ ഹർജിയെ ചോദ്യം ചെയ്ത് ഹൈക്കോടതി

ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ നിർമിച്ച ‘ദി ബാ***ഡ്‌സ് ഓഫ് ബോളിവുഡ്’ എന്ന പരമ്പരയിലൂടെ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു എന്ന് ആരോപിച്ചാണ് ഐആർഎസ് ഓഫീസർ സമീർ വാങ്കഡെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത് . പ്രൊഡക്ഷൻ ഹൗസായ റെഡ് ചില്ലീസ് എന്റർടൈൻമെന്റിനെയും നെറ്റ്ഫ്ലിക്സിനെയും രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം ഹർജിയിൽ വിമർശിച്ചത്. ഇതിലാണ് ഇപ്പോൾ കോടതി ചോദ്യം ഉന്നയിച്ചത്.
‘എന്തുകൊണ്ട് ഡൽഹിയിൽ കേസ് ഫയൽ ചെയ്യുന്നു’, മുംബൈയ്ക്ക് പകരം ദേശീയ തലസ്ഥാനത്ത് നടപടി എടുക്കാനുള്ള കാരണം ഉണ്ടായോ എന്നും കോടതി വാങ്കഡെയോട് ചോദിച്ചു. ഈ പരമ്പര ഡൽഹിയിലെ കാഴ്ചക്കാരും കാണുന്നുണ്ട്, ഇത് തൻ്റെ കക്ഷിക്ക് നാണക്കേടുണ്ടാക്കി എന്നാണ് ഇതിനു മറുപടിയായി വാങ്കഡെയുടെ അഭിഭാഷകൻ പറഞ്ഞത്. ഇതോടെ ഡൽഹിയിൽ കേസ് ഫയൽ ചെയ്തത് സംബന്ധിച്ച് ഹർജിയിൽ ഭേദഗതി വരുത്താൻ കോടതി ആവശ്യപ്പെട്ടു.
മയക്കുമരുന്ന് വിരുദ്ധ എൻഫോഴ്‌സ്‌മെന്റ് ഏജൻസികളെ കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാകുന്ന വിധമാണ് പരമ്പരയിൽ ചിത്രീകരിച്ചിരിക്കുന്നത്. ഇത് നിയമ നിർവ്വഹണ സ്ഥാപനങ്ങളിലുള്ള ജനത്തിന്റെ വിശ്വാസം ഇല്ലാതാക്കുമെന്നും ഹർജിയിൽ പറഞ്ഞിരുന്നു. 2 കോടിയാണ് നഷ്ടപരിഹാരമായി വാങ്കഡെ ആവശ്യപ്പെട്ടത്. ഇത് കാൻസർ രോഗികളുടെ ചികിത്സയ്ക്കായി ടാറ്റ മെമ്മോറിയൽ ആശുപത്രിക്ക് സംഭാവന ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
2021ൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (NCB) ഉദ്യോഗസ്ഥനായിരിക്കെ ആര്യൻ ഖാനെ മയക്കുമരുന്ന് കേസിൽ വാങ്കഡെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പേരിൽ 22 ദിവസമാണ് ആര്യൻ ജയിലിൽ കഴിഞ്ഞത്. എന്നാൽ പിന്നീട് അദ്ദേഹം കുറ്റക്കാരനല്ലന്ന് കണ്ട് കോടതി വെറുതെ വിടുകയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here