സഞ്ചാർ സാഥി’ ആപ്പ് നിർബന്ധമാക്കാനുള്ള ഉത്തരവ് കേന്ദ്രം പിൻവലിച്ചു; വിവാദത്തിന് പിന്നാലെ നടപടി

പുതുതായി പുറത്തിറങ്ങുന്ന എല്ലാ സ്മാർട്ട്‌ഫോണുകളിലും ‘സഞ്ചാർ സാഥി’ (Sanchar Saathi) ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണമെന്ന ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചു. ഈ നിർദ്ദേശത്തിനെതിരെ പ്രതിപക്ഷം ഉൾപ്പെടെയുള്ള വിവിധ കോണുകളിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്ര നീക്കം.
സ്മാർട്ട്‌ഫോണുകളിൽ ‘സഞ്ചാർ സാഥി’ ആപ്പ് ഇൻബിൽറ്റ് ആയി നൽകേണ്ടതില്ലെന്ന് കേന്ദ്ര മന്ത്രാലയം ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി. ഈ നീക്കം പൗരൻമാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന വിമർശനം പ്രതിപക്ഷ പാർട്ടികൾ ശക്തമാക്കിയിരുന്നു. ആപ്പിൾ പോലുള്ള പ്രമുഖ മൊബൈൽ കമ്പനികൾ ഈ നിർദ്ദേശത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇത്തരം ഉത്തരവുകൾ അവരുടെ ഓപ്പറേറ്റിങ് സിസ്റ്റമായ iOS-ൻ്റെ സുരക്ഷാ പ്രോട്ടോക്കോളുകളെയും ആഗോള സ്വകാര്യതാ മാനദണ്ഡങ്ങളെയും ലംഘിക്കുന്നതായി അവർ ചൂണ്ടിക്കാട്ടി.
ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യേണ്ടെന്ന് മൊബൈൽ നിർമ്മാതാക്കൾക്ക് നിർദ്ദേശം നൽകിയതായും കേന്ദ്രം നൽകിയ ഔദ്യോഗിക കുറിപ്പിൽ പറന്നു. സഞ്ചാർ സാഥി ആപ്പിന് പൊതുജനങ്ങളിൽ നിന്ന് വലിയ സ്വീകാര്യത ലഭിച്ചതിനാലാണ് ഈ തീരുമാനം. നേരത്തെ, വ്യാപക പ്രതിഷേധങ്ങൾക്കിടെ, ഈ ആപ്പ് ഡിലീറ്റ് ചെയ്യാനുള്ള സൗകര്യം ഉപയോക്താക്കൾക്കുണ്ടെന്ന് കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ലോക്‌സഭയിൽ വിശദീകരിച്ചിരുന്നു. രാജ്യത്ത് ഓൺലൈൻ തട്ടിപ്പുകൾ തടയാനും കളഞ്ഞുപോയ മൊബൈൽ ഫോണുകൾ കണ്ടെത്താനും വേണ്ടിയാണ് കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) ‘സഞ്ചാർ സാഥി’ ആപ്പ് പുറത്തിറക്കിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here