ചാരപ്പണിക്കോ കേന്ദ്രത്തിന്റെ ‘സഞ്ചാർ സാഥി’; ഒടുവിൽ വിശദീകരണം ഇങ്ങനെ

പുതുതായി പുറത്തിറങ്ങുന്ന സ്‌മാർട്ട്ഫോണുകളിൽ സൈബർ സുരക്ഷ മുൻനിർത്തി ‘സഞ്ചാർ സാഥി’ ആപ് ഇൻബിൽറ്റായി ഉൾപ്പെടുത്തും എന്ന വാർത്ത വലിയ ചർച്ചയായിരിക്കുകയാണ്. ആപ് ഡിലീറ്റ് ചെയ്യാൻ കഴിയില്ല, പൗരൻമാരുടെ സ്വകാര്യതക്ക് ആപ്ലിക്കേഷൻ വെല്ലുവിളിയാകും തുടങ്ങിയ നിരവധി ആരോപണങ്ങൾ ഇതിന് പിന്നാലെ ഉയർന്ന് വന്നു.
നമ്മളെല്ലാവരും മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണ്. ഓരോ ദിവസവും പുതിയ ടെക് അപ്‌ഡേറ്റുകൾ വരുമ്പോൾ കാര്യങ്ങൾ കൂടുതൽ എളുപ്പമാകുന്നു. അതിനോടൊപ്പം തന്നെ നിരവധി വെല്ലുവിളികളും ഉയരുന്നുണ്ട്. ഹാക്കിങ്, സൈബർ തട്ടിപ്പുകൾ, സാമ്പത്തിക തട്ടിപ്പുകൾ ഇവയെല്ലാം ഇന്ന് വലിയ തലവേദനയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ഗവൺമെൻ്റ് ‘സഞ്ചാർ സാഥി’ (Sanchar Saathi) എന്ന ആപ്ലിക്കേഷൻ പുറത്തിറക്കിയത്.
Also Read : അദാനിയുടെ അടുത്ത ലക്ഷ്യം ആന്ധ്ര! പോർട്ടും ടെക്കും ഇനി ഇവിടെ വാഴും
രാഷ്ട്രീയത്തിലും ടെക് ലോകത്തും അത് വലിയ ചർച്ച വിഷയമായി. ‘സഞ്ചാർ സാഥി’ ആപ് ഫോണുകളിൽ ഇൻബിൽറ്റായി ഉണ്ടാകണമെന്ന് കമ്പനികൾക്ക് നിദ്ദേശം നൽകി. ഒടുവിൽ വിശദീകരണവുമായി കേന്ദ്ര ടെലികമ്യൂണിക്കേഷൻ വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് തന്നെ രംഗത്ത് വരേണ്ടി വന്നു. ആദ്യം, സഞ്ചാർ സാഥി ആപ്പിൻ്റെ അടിസ്ഥാന ലക്ഷ്യങ്ങൾ എന്തെന്ന് നോക്കാം. ഇത് പ്രധാനമായും മൂന്ന് കാര്യങ്ങൾക്കാണ് സഹായകമാകുന്നത്.
ഒന്നാമത് സൈബർ സുരക്ഷ തന്നെ, വ്യാജ കെ വൈ സി ഉപയോഗിച്ചുള്ള തട്ടിപ്പുകൾ, സാമ്പത്തിക തട്ടിപ്പുകൾ തുടങ്ങിയ സൈബർ അപകടങ്ങളിൽ നിന്ന് ഉപയോക്താക്കളെ ആപ് സംരക്ഷിക്കുന്നു. കൂടാതെ
നഷ്ടപ്പെടുന്ന ഫോണുകൾ കണ്ടെത്താനും ആപ് സഹായകമാകും. ഫോൺ മോഷണം പോവുകയോ നഷ്ടപ്പെടുകയോ ചെയ്താൽ അത് ബ്ലോക്ക് ചെയ്യാനും ട്രാക്ക് ചെയ്യാനും സഞ്ചാർ സാഥി സഹായിക്കും. വ്യാജമായോ അനധികൃതമായോ എടുത്ത മൊബൈൽ കണക്ഷനുകൾ തിരിച്ചറിഞ്ഞ് വിഛേദിക്കാനും ആപ്പ് സഹായിക്കും.
ഇത്തരം ലക്ഷ്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുന്ന ആപ് എങ്ങനെയാണ് വിവാദമായതെന്ന് ഇനി നമുക്ക് നോക്കാം. കഴിഞ്ഞ ദിവസം ടെലികോം മന്ത്രാലയം മൊബൈൽ കമ്പനികൾക്കായി ഒരു ഉത്തരവിറക്കി. ഇനി പുറത്തിറക്കുന്ന ഫോണുകളിൽ സഞ്ചാർ സാഥി ആപ് ഇൻബിൽറ്റായി ഉണ്ടാകണം എന്നായിരുന്നു നിർദേശം. ഡിലീറ്റ് ചെയ്യാൻ കഴിയാത്ത വിധത്തിലാകണം ഇത്. കൂടാതെ ഇതിനകം വിറ്റഴിച്ച ഫോണുകളിൽ സോഫ്റ്റ്വെയർ അപ്‌ഡേഷനിലൂടെ ആപ് നിർബന്ധമാക്കണം എന്നുമായിരുന്നു നിർദേശം.
ഇത് വലിയ ആശങ്കയ്ക്ക് വഴിവെച്ചു. പ്രതിപക്ഷം ആപ്പിനെ ചാരപ്പണിക്ക് വേണ്ടിയുള്ള ഉപകരണം എന്ന് വിളിച്ചു. ആപ്പിൾ കമ്പനി ലോകത്ത് ഒരിടത്തും ഇത്തരം നിർബന്ധിത ഇൻസ്റ്റലേഷനുകൾ അംഗീകരിക്കാറില്ലെന്നും ഇത് സ്വകാര്യതാ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അഭിപ്രായപ്പെട്ടു. വിഷയം പാർലമെൻ്റിലും പുറത്തും വലിയ രാഷ്ട്രീയ വിവാദമായി മാറി.
Also Read : വാട്സ്ആപ്പിനെതിരെ ഇന്ത്യയുടെ ബ്രഹ്മാസ്ത്രം; ‘അറട്ടൈ’ നിർദ്ദേശിച്ച് സുപ്രീം കോടതിയും
വിവാദങ്ങൾ കൊടുമ്പിരിക്കൊണ്ടിരിക്കെ, കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിഷയത്തിൽ വിശദീകരണവുമായി രംഗത്തെത്തി. ആരോപണങ്ങളെയെല്ലാം തള്ളിക്കളഞ്ഞ് ആപ്പിന്റെ പ്രവർത്തനത്തെ കുറിച്ച് അദ്ദേഹം ആധികാരികമായി വിശദീകരിച്ചു.
ആപ്ലിക്കേഷൻ ഓപ്ഷണലാണ്. ഉപയോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും ഡിലീറ്റ് ചെയ്യാം. താൽപ്പര്യമില്ലെങ്കിൽ, രജിസ്റ്റർ ചെയ്യേണ്ടതില്ല. ഈ ആപ് ഒരു തരത്തിലുള്ള ചാരപ്പണിക്കും കോൾ നിരീക്ഷണത്തിനും ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം നിലടെടുത്തതോടെ വിവാദങ്ങൾക്ക് ഒരു പരിധിവരെ വിരാമമാവുകയായി. സഞ്ചാർ സാഥി ആപ് ഉപഭോക്താക്കളുടെ ഫോണുകളിൽ നിർബന്ധമല്ലെന്ന് കേന്ദ്രം വ്യക്തമാക്കുകയാണ്.
ഡിപ്പാർട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസ് 2025 ജനുവരിയിലാണ് ഈ മൊബൈൽ ആപ് അവതരിപ്പിച്ചത്. തട്ടിപ്പുള്ള മൊബൈൽ കണക്ഷനുകൾ തിരിച്ചറിയാനും വിഛേദിക്കാനും ഇത് ഉപയോക്താക്കളെ സഹായിക്കുന്നുണ്ട്. സർക്കാർ കണക്കുകൾ പ്രകാരം, ഇതുവരെ 7 ലക്ഷത്തിലധികം നഷ്ടപ്പെട്ട ഫോണുകൾ ഈ ആപ് വഴി വീണ്ടെടുക്കാൻ സഹായിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here