സന്ദീപ് വാര്യര്‍ ജയില്‍ മോചിതനാകുന്നു; കോണ്‍ഗ്രസ് നേതാവ് അഴിക്കുള്ളില്‍ കഴിഞ്ഞത് ഒന്‍പത് ദിവസം

സന്ദീപ് വാര്യര്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഉടന്‍ ജയില്‍ മോചിതനാകും. ശബരിമല സ്വര്‍ണക്കൊള്ളയില്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട ദേവസ്വം ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. പ്രവര്‍ത്തകര്‍ ഓഫീസിന്റെ ചില്ലുകള്‍ തേങ്ങ എറിഞ്ഞ് തകര്‍ക്കുകയും ചെയ്തിരുന്നു.
സന്ദീപ് വാര്യര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് വിജയ് ഇന്ദുചൂഡന്‍, സംസ്ഥാന സെക്രട്ടറി സാംജി ഇടമുറി, പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റ് ആരോണ്‍ ബിജിലി പനവേലി തുടങ്ങി 16 പേരാണ് റിമാന്‍ഡിലായത്. പൊലീസിനെ ആക്രമിച്ചു പൊതുമുതല്‍ നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സന്ദീപ് വാര്യരാണ് കേസില്‍ ഒന്നാം പ്രതി. ഒമ്പത് ദിവസത്തിന് ശേഷമാണ് ഇന്ന് ജാമ്യം ലഭിച്ചിരിക്കുന്നത്.
പത്തനംതിട്ട സിജെഎം കോടതിയാണ് പ്രതികള്‍ ജാമ്യം അനുവദിച്ചത്. കോടതിയില്‍ നിന്നുള്ള ഉത്തരവ് ജയിലില്‍ എത്തിച്ചു കഴിഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉടന്‍ നേതാക്കള്‍ പുറത്തിറങ്ങും. വലിയ സ്വീകരണം ഒരുക്കാനുള്ള തയാറെടുപ്പുകള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here