അനാഥനായി സന്ദീപ് വാര്യർ!! സതീശ് ബ്രിഗേഡ് തകരുമ്പോൾ രാഹുലിനെ ചാരിയവരുടെയെല്ലാം സ്ഥിതി മോശമാകും

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന് ഉറപ്പായതോടെ പ്രതിസന്ധിയിലേക്ക് സന്ദീപ് വാര്യരും. പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായാണ് സന്ദീപ് വാര്യരെ കണ്ടംചാടിച്ച് കോൺഗ്രസിൽ എത്തിച്ചത്. പാലക്കാട് ബിജെപി സീറ്റ് നിഷേധിച്ചതിലുള്ള നിരാശയാണ് സന്ദീപിനെ പാർട്ടി മാറാൻ പ്രേരിപ്പിച്ചത് എന്നു വ്യക്തം. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ പ്രതീക്ഷിച്ചതിലും കൂടുതൽ വോട്ടുമായി ജയിച്ചതോടെ രണ്ടു അവകാശവാദങ്ങൾ ശക്തമായിരുന്നു. സന്ദീപിലൂടെ ബിജെപി വോട്ട് കോൺഗ്രസിനു മറിഞ്ഞു എന്നതും എസ്ഡിപിഐയുടെ പിന്തുണയും.
പാലക്കാട് തെരഞ്ഞെടുപ്പിനു ശേഷം സന്ദീപ് വാര്യർ കോൺഗ്രസ് വേദികളിൽ നിറഞ്ഞു നിൽക്കുകയാണ്. വി.ഡി സതീശന്റെ രാഷ്ട്രീയ വിജയമായാണ് രാഹുൽ മാങ്കൂട്ടത്തിലും സന്ദീപ് വാര്യരും അവതരിപ്പിക്കപ്പെട്ടത്. പിന്നീട് നടന്ന നിലമ്പൂർ ഇലക്ഷൻ പ്രചാരണത്തിലും സന്ദീപിന് പ്രാധാന്യം ലഭിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റുറപ്പാക്കിയ സ്ഥാനാർത്ഥി എന്ന മട്ടിലാണ് സന്ദീപിന്റെ സമീപകാല പ്രവർത്തനങ്ങൾ. തൃശൂരിൽ സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥിയായി സന്ദീപ് പെരുമാറുന്നു എന്ന പരാതി അവിടെ തന്നെ പാർട്ടിയിൽ ഉയരുകയും ചെയ്തു.
പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങൾ പോസ്റ്റുമോർട്ടം ചെയ്യപ്പെടുകയാണ് ഇപ്പോൾ. ഇലക്ഷൻ ഫണ്ടായി വന്ന വലിയ തുകയെച്ചൊല്ലിയുള്ള പരാതികളും അഴിമതി ആരോപണങ്ങളും കോൺഗ്രസിന്റെ സംഘടനാതലത്തിൽ പരാതികളായി എത്തിയെന്ന് സൂചനകളുണ്ട്. നീലപ്പെട്ടിയിൽ വന്ന പണം എന്ന നിലയ്ക്ക് വിവാദമായ അതേ തുകയാണോ ഇപ്പോഴത്തെ കാണാതായ തുകയെന്ന സംശയങ്ങളും ഉയരുന്നുണ്ട്. നീലപ്പെട്ടി നുണയായിരുന്നു എന്ന വാദം പൊളിയുമോ എന്ന ആശങ്കയും ഇപ്പോൾ ഉയരുന്നുണ്ട്.
സന്ദീപ് വാര്യർ എന്തു ഡീലിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസിൽ എത്തിയതെന്നത് അടക്കം ചർച്ച ചെയ്യപ്പെടുകയാണ്. ആരാണ് സന്ദീപുമായി ചർച്ചകൾ നടത്തിയതെന്നും വ്യക്തമല്ല. ബിജെപിയെ സംബന്ധിച്ച് സന്ദീപ് വാര്യരുടെ കൊഴിഞ്ഞുപോക്കിലൂടെ പാലക്കാടുണ്ടായ ക്ഷീണം കൂടിയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിയോടെ തീരുന്നത്. രാഹുൽ അടങ്ങിയ ടീമിനോട് ബന്ധപ്പെട്ടാണ് സന്ദീപ് പ്രവർത്തിക്കുന്നത്. വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കുക എന്ന ലക്ഷ്യത്തോടെ നീങ്ങുന്ന സംഘത്തിനേറ്റ തിരിച്ചടി സന്ദീപിൻ്റെ രാഷ്ട്രീയഭാവി കൂടി അവതാളത്തിലാക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here