കേസ് പിൻവലിക്കണമെന്ന ആവശ്യവുമായി മമ്മൂട്ടി; സ്വന്തം മകൾക്കാണ് ഇത് സംഭവിച്ചതെങ്കിൽ എന്ത് ചെയ്യുമെന്ന് സാന്ദ്ര..

കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ ഫയൽ ചെയ്ത കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നടൻ മമ്മൂട്ടി തന്നെ വിളിച്ചിരുന്നു എന്ന് നിർമ്മാതാവ് സാന്ദ്ര തോമസ്. കേസ് പിൻവലിക്കില്ലെന്ന് പറഞ്ഞപ്പോൾ കമ്മിറ്റ് ചെയ്ത ചിത്രത്തിൽ നിന്നും നടൻ പിന്മാറി എന്നും സാന്ദ്ര പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ ഇന്റർവ്യൂവിൽ ആണ് സാന്ദ്ര തോമസിന്റെ ഈ വെളിപ്പെടുത്തൽ.
മമ്മൂട്ടി തന്നോട് ഒരു മണിക്കൂറോളമാണ് സംസാരിച്ചത്. കേസ് പിൻവലിക്കാൻ പറഞ്ഞപ്പോൾ താൻ ഒരു ചോദ്യം മാത്രമേ അദ്ദേഹത്തോട് ചോദിച്ചോളൂ. ഈ അവസ്ഥ അദ്ദേഹത്തിന്റെ മകൾക്കാണ് സംഭവിച്ചിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു. പ്രതികരിക്കരുത്, കേസുമായി മുന്നോട്ടു പോകരുത്, ഇത് ഭാവിയിൽ നിന്നെ ബാധിക്കും, നിനക്ക് സിനിമയുമായി മുന്നോട്ടു പോകാൻ കഴിയില്ല, ഈ നിർമ്മാതാക്കൾ നിന്റെ സിനിമ തിയേറ്ററിൽ ഇറക്കാൻ സമ്മതിക്കില്ല, അതുകൊണ്ട് മിണ്ടാതിരിക്കണം എന്നൊക്കെ പറഞ്ഞ് മകളെ തടയുമോ എന്നാണ് സാന്ദ്ര മമ്മൂട്ടിയോട് ചോദിച്ചത്.
സാന്ദ്രയുടെ ഈ പ്രതികരണം കേട്ടയുടനെ കൂടുതൽ ഒന്നും സംസാരിക്കാതെ ഇഷ്ടം പോലെ ചെയ്തോളൂ എന്നായിരുന്നു നടന്റെ പ്രതികരണം. തന്റെ അവസ്ഥ മനസ്സിലാക്കാതെയാണ് മമ്മൂട്ടി പ്രതികരിച്ചത്. തന്നെ ആരും ഇവിടുന്ന് പറഞ്ഞുവിടാൻ നോക്കണ്ടെന്നും താൻ ഇവിടെ തന്നെ തുടരുമെന്നും സാന്ദ്ര പറഞ്ഞിരുന്നു. കൂടാതെ അദ്ദേഹം കമ്മിറ്റ് ചെയ്ത ചിത്രത്തിൽ നിന്നും പിന്മാറുകയും ചെയ്തെന്നും സാന്ദ്ര പറയുന്നു.
തന്റെ സിനിമയിൽ ജോലി ചെയ്യുന്നവരും ഇല്ലാത്തവരുമായ ഒരുപാട് താരങ്ങൾ പിന്തുണയുമായി വരുന്നുണ്ട്. അതിൽ ഏറ്റവും സന്തോഷകരമായ കാര്യമെന്തെന്നാൽ മെസ്സേജുകൾ അയക്കുന്നത് അധികവും പുരുഷന്മാർ എന്നതാണ്. മെയിൻ സ്ട്രീം നടന്മാരും ഇതിൽ ഉൾപ്പെടുന്നു. പുലിക്കുട്ടി എന്ന് പറഞ്ഞുള്ള മെസ്സേജുകളാണ് കൂടുതലും വരുന്നത്. ഇതൊക്കെ കാണുമ്പോൾ സന്തോഷം തോന്നുകയാണ്. ചിലർ മാത്രമാണ് തനിക്കെതിരെ നിൽക്കുന്നത്. അതിൽ തനിക്ക് ഒരു വിഷമവും ഇല്ല. മോഹൻലാൽ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. അദ്ദേഹത്തിനോടൊപ്പം ഉള്ളവർ പൂർണ്ണ പിന്തുണയാണ് തരുന്നത് എന്നും സാന്ദ്ര പ്രതികരിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here